തൊടുപുഴ: കൊറോണ രോഗം പടരുന്നത് മൂലം സാമ്പത്തികമായും അല്ലാതേയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. ജോലിക്കിടെയുണ്ടായ അപകടം ശരീരത്തിന്റെ പാതി തളര്‍ത്തിയെങ്കിലും ഞറുക്കുറ്റി തൊടിയില്‍ പറമ്പില്‍ വിഷ്ണു വിജയന് ഇത് തരണം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് കൊറോണ എല്ലാം തകിടം മറിച്ചത്.
അപകടം ശരീരത്തെ വീല്ച്ചെയറിലാക്കിയെങ്കിലും സ്വയം തൊഴില്‍ ചെയ്ത് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചുവരികയായിരുന്നു ഈ യുവാവ്. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ വിഷ്ണുവിന് പേപ്പര്‍ പേന, പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണത്തിലൂടെ ലഭിച്ചിരുന്ന വരുമാനവും കൊറോണയില്‍ നിലച്ചു.
കൂലിപ്പണിക്കാരനായ വിഷ്ണു 2017- ഒക്ടോബറില്‍ മറ്റൊരാളുടെ വീട് മേയുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് മാരകമായ ക്ഷതമേറ്റു. വിവിധ ആശുപത്രികളിലായി ലക്ഷങ്ങള്‍ ചെലവഴിച്ച് ചികില്‍സ നടത്തിയെങ്കിലും കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാനായില്ല. പിന്നീട് ആയുര്‍വേദ ചികില്‍സയിലൂടെ എഴുനേറ്റിരിക്കാമെന്നായി. ഇങ്ങനെ ചെറിയ ജോലികള്‍ ചെയ്ത് തുടങ്ങി. പ്ലാസ്റ്റിക് നിരോധനം വന്നതോടെ പേപ്പര്‍ കാരിബാഗുകള്‍ക്കും പേനകള്‍ക്കും ആവശ്യക്കാരേറി. ഇതോടെ ഇവയുടെ നിര്‍മ്മാണം ആരംഭിച്ചു. സ്കൂളുകളിലും മറ്റും പോയി പേനകള്‍ക്ക് ഓര്‍ഡര്‍ ശേഖരിച്ചു. സമീപത്തെ കടകളില്‍ കാരി ബാഗുകളും നല്കി തുടങ്ങി.
ചെറിയ വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കടം വാങ്ങി കൂടുതല്‍ പേപ്പര്‍ വാങ്ങി ബാഗുകളും പേനകളും നിര്‍മ്മിച്ചു. ഇതിനിടെയാണ് കനത്ത ആഘാതമായ കോവിഡ് കടന്ന് വന്നത്. സ്കൂളുകള്‍ അടയ്ക്കുകയും കടകള്‍ക്ക് നിയന്ത്രണം വരികയും ചെയ്തതോടെ ആകെയുള്ള വരുമാനം നിലച്ചു. പേനകളും ബാഗുകളും വീട്ടില്‍ വില്‍പ്പന നടത്താനാവാതെ കെട്ടിക്കിടക്കുകയാണ്. ഇതിനിടെ സഹായമായി ഒപ്പമുണ്ടായിരുന്നു അച്ഛന് വിജയന് അഞ്ച് മാസം മുന്‍പ് ഹൃദയാഘാതത്താല്‍ മരിച്ചു. ഒരു കണ്ണിന് കാഴ്ചയില്ലാത്ത അമ്മ ഗീതയും ഭാര്യ അഞ്ജുവും മക്കളായ വൈഷ്ണവും വൈഷ്ണവിയും വിഷ്ണുവിനെ ആശ്രയിച്ചാണ് കഴിയുന്നത്. നിയന്ത്രണങ്ങള്‍ നീണ്ടു പോകുന്നതോടെ ഇനിയെന്തെന്ന ചിന്തയാണ് ഇവരുടെ മനസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: