സ്വാതന്ത്ര്യാനന്തര ഭാരതത്തിലേക്ക് അധിനിവേശം ആവര്‍ത്തിക്കാന്‍ വിദേശ ശക്തികള്‍ ഒരു വിദേശവനിതയുടെ സഹായം തേടുകയാണോ? രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് തൊണ്ണൂറുകള്‍ മുതല്‍ ഒഴുകിയ ശതകോടികളുടെ ഉറവിടങ്ങള്‍ വെളിപ്പെടുന്നതോടെ ഭാരതത്തിലെ പൊതു സമൂഹം അത്ഭുത പരതന്ത്രരാവുകയാണ്.
1947-48ല്‍ പാക് ആക്രമണത്തിന്റെ അടിയന്തര സാഹചര്യം മുതലെടുത്ത് ജീപ്പ് കുംഭകോണം നടത്തി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ അഴിമതിക്ക് തുടക്കം കുറിച്ചു. മുന്‍കൂര്‍ പണം ഇംഗ്ലണ്ടിലെ കരാറുകാരന് കൊടുത്ത് ജീപ്പുകളുടെ എണ്ണത്തിലും ഗുണത്തിലും വിട്ടുവീഴ്ച ചെയ്ത് പണം തങ്ങള്‍ക്കു വേണ്ടിടത്ത് എത്തുന്നതിന് ചാനല്‍ ഒരുക്കി നടത്തിയ അഴിമതി. നെഹ്‌റു സര്‍ക്കാരിന്റെ അടുത്ത സംഭാവനയായിരുന്നു മുദ്രാ കുംഭകോണം. സ്വകാര്യ സംരംഭകരില്‍ നിന്ന് പണം കടം വാങ്ങുകയും, പിന്നീട് തിരിച്ചു ചോദിച്ചപ്പോള്‍ എല്‍ഐസിയെക്കൊണ്ട് മുദ്ര കമ്പനിയുടെ ഷെയര്‍ അമിതവിലയ്‌ക്കു വാങ്ങിപ്പിക്കുകയും ചെയ്തു. പിന്നീട് ഇന്ദിരാ ഗാന്ധി ഭരണവര്‍ഗ അഴിമതിയുടെ പുതുതലങ്ങള്‍ ആവിഷ്‌കരിച്ചു. രാജീവ് ഗാന്ധി ബൊഫോഴ്‌സ് അഴിമതിയിലൂടെ പ്രതിരോധ മേഖലയിലെ അഴിമതി സാധ്യതകള്‍ ആവോളം തുറന്നു.
രാജീവിന്റെ ദാരുണാന്ത്യത്തിനുശേഷം തത്കാലത്തേക്ക് നരസിംഹ റാവുവിനെ അധികാരം ഏല്‍പ്പിച്ചത് പോലും ശക്തമായ തിരിച്ചുവരവിനുള്ള ആലോചനയോടെയാണെന്ന് ഇന്ന് സംശയം ഉയരുന്നു. നരസിംഹ റാവു ജവഹര്‍ലാല്‍ നെഹ്‌റുവിനേ പോലെ ഹൃദയമില്ലാത്തവനായിരുന്നില്ല. മുന്‍ ഉപപ്രധാനമന്ത്രിയും പാര്‍ട്ടി ട്രഷററുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ മരണ ശേഷം അദ്ദേഹം സൂക്ഷിച്ചിരുന്ന 35 ലക്ഷം പാര്‍ട്ടി ഫണ്ടും കണക്കുപുസ്തകവും മകള്‍ മണിബെന്‍ പട്ടേല്‍ നെഹ്‌റുവിന്റെ വീട്ടിലെത്തിച്ച കഥ ഡോ. വര്‍ഗീസ് കുര്യന്‍ ‘ഐ ടൂ ഹാഡ് എ ഡ്രീം’ എന്ന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. പണവും കണക്ക് പുസ്തകവും വാങ്ങിയ ശേഷം ഇനിയെങ്ങനെയാണ് ജീവിതം എന്നൊരു ചോദ്യം നെഹ്‌റുവില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ച പട്ടേലിന്റെ മകള്‍ക്ക് നിരാശയായി മടങ്ങേണ്ടിവന്നു. പക്ഷേ നരസിംഹറാവു ഉദാരമതിയായിരുന്നു. ആ ഔദാര്യത്തിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ജന്മം.
1991ലെ യൂണിയന്‍ ബഡ്ജറ്റില്‍ അന്നത്തെ ധനകാര്യമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാജീവ് ഗാന്ധി ഫൗണ്ടേഷന് അടുത്ത അഞ്ചു വര്‍ഷങ്ങളിലായി നൂറു കോടി പ്രാരംഭമായി നല്‍കാനും കൂടുതല്‍ ആവശ്യങ്ങള്‍ വരും മുറയ്‌ക്ക് നല്‍കാന്‍ 250 കോടി രൂപ വരെ പദ്ധതി അടങ്കലില്‍ ഉള്‍പ്പെടുത്താനുമുള്ള പ്രഖ്യാപനം നടത്തി. സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലാകും ഫൗണ്ടേഷനെന്നും വ്യക്തമായിരുന്നു. അത്തരത്തില്‍ പണം വകയിരുത്തുന്നതിനെതിരെ പാര്‍ലമെന്റില്‍ അതിശക്തമായ എതിര്‍പ്പുയര്‍ന്നു. അതോടെ, സര്‍ക്കാര്‍ ബഡ്ജറ്റില്‍ നിന്നൊരു വകയിരുത്തല്‍ തങ്ങള്‍ക്ക് വേണ്ടെന്ന ‘ഔദാര്യം’ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് മന്‍മോഹന്‍ സിങ് ബഡ്ജറ്റ് നിര്‍ദ്ദേശം പിന്‍വലിച്ച് തടിതപ്പി. ബഡ്ജറ്റ് വകയിരുത്തല്‍ ഒഴിവാക്കിയെങ്കിലും സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള കോടികളുടെ ഒഴുക്ക് അവിടെ ആരംഭിക്കുകയായിരുന്നു. സോണിയാ ഭക്തരായ മന്ത്രിമാര്‍ മത്സരിച്ചാണ് പൊതുഖജനാവിലെ പണം സ്വകാര്യ വ്യക്തി നിയന്ത്രിക്കുന്ന സ്ഥാപനത്തിലേക്ക് ഒഴുക്കിയത്.
പ്രൈം മിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ട് 1949ല്‍ ഭാരത വിഭജനത്തിനുശേഷം പാക്കിസ്ഥാനില്‍ നിന്ന് എല്ലാം നഷ്ടപെട്ട് അഭയാര്‍ത്ഥികളായി എത്തിയവര്‍ക്കു വേണ്ടി തുടങ്ങിയ ഒന്നാണ്. പിന്നീടാണ് ഫണ്ടില്‍ പ്രകൃതി ക്ഷോഭം നേരിടുന്നതിനും രോഗികളെ സഹായിക്കുന്നതിനുമായുള്ള ലക്ഷ്യങ്ങള്‍ പേരിനെങ്കിലും ഉള്‍ക്കൊള്ളിച്ചത്. ഫണ്ട് കൈകാര്യം ചെയ്യാന്‍ രൂപികരിച്ച ഭരണ സംവിധാനത്തില്‍ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, കോണ്‍ഗ്രസ് പ്രസിഡന്റ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി. അക്കൂട്ടത്തില്‍ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചു. വലിയ താമസമില്ലാതെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ജവഹര്‍ലാല്‍ നെഹ്‌റു സ്വയം ഏറ്റെടുത്തു. പിന്നീട് 1957ല്‍ ഇന്ദിരാ ഗാന്ധിയെ പ്രസിഡന്റാക്കി. ചുരുക്കത്തില്‍ 1964ല്‍ നെഹ്‌റുവിന്റെ മരണം വരെ ഫണ്ട് ആരാണ് കൈകാര്യം ചെയ്തതെന്ന് വിശേഷിച്ച് പറയേണ്ടതില്ല. പിന്നീട് ഇന്ദിരയും രാജീവും പ്രധാനമന്ത്രിമാരായപ്പോള്‍ അവര്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദവിയിലും. രണ്ടു പേരും ഉപ പ്രധാനമന്ത്രിമാരെ നിയോഗിച്ചിരുന്നുമില്ല. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കാലത്ത് ഫണ്ടിന്റെ വിനിയോഗം നിര്‍വഹിച്ചതിന്റെ സൂചനയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
2004ല്‍ സോണിയാ ഗാന്ധിയുടെ പിന്‍ സീറ്റ് ഡ്രൈവിങ്ങിനു വിധേയനായി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഭരണ സമിതിയില്‍ സോണിയ, രാഹുല്‍, പ്രിയങ്ക, മന്‍മോഹന്‍ സിങ്, പി. ചിദംബരം തുടങ്ങിയവര്‍ അംഗങ്ങളും. വിവാദ നായകന്‍ ചോക്‌സിയെ പോലുള്ള വ്യവസായികളും സര്‍ക്കാരില്‍ നിന്ന് കാര്യസാധ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശക്തികളും രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം ഒഴുക്കാന്‍ വരിനിന്നു. നയി ദില്ലിയില്‍ ബഹുകോടികള്‍ വിലമതിക്കുന്ന ഭൂമി അനധികൃതമായി സ്വന്തമാക്കിയാണ് ഫൗണ്ടേഷന്റെ കെട്ടിടം പണിതതെന്ന ഡോ. സുബ്രഹ്മണ്യ സ്വാമി ഉയര്‍ത്തിയ വിഷയവും ഗൗരവകരമാണ്. കാലങ്ങളായി നെഹ്‌റു കുടുംബം അനധികൃതമായി ഉണ്ടാക്കിയ കള്ളപ്പണം സൂക്ഷിക്കാനുള്ള സുരക്ഷിത ഇടം കൂടിയല്ലേ ഈ ഫൗണ്ടേഷനെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. ആദ്യം തുക ഏതെങ്കിലും ഷെല്‍ കമ്പനിയിലേക്ക് മാറ്റിയ ശേഷം പിന്നീട് സംഭാവനയുടെ റൂട്ട് സ്വീകരിച്ചാല്‍ മതിയല്ലോ? അതേ രീതിയില്‍ തന്നെ ഭാരതത്തെ ഭിന്നിപ്പിക്കാനിറങ്ങിയിട്ടുള്ള ഇസ്ലാമിക തീവ്രവാദികള്‍, ഇടത് തീവ്രവാദികള്‍, തുടങ്ങിയവര്‍ക്ക് സോണിയയും രാഹുലും നല്‍കുന്ന സേവനങ്ങളുടെ പ്രതിഫലം ഒഴുക്കാനുള്ള സുരക്ഷിതവഴിയും തെളിഞ്ഞു കാണുന്നു. ഇതെല്ലാം ഭാരതീയ ജനാധിപത്യ സംവിധാനത്തെ അപ്രസക്തമാക്കും വിധം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ നിയന്ത്രിക്കുന്ന ഗാന്ധി-വധേരാ കുടുംബത്തിന് ധനം ഒഴുകിയ വഴികളില്‍ ഒരു അംശം മാത്രം. മഞ്ഞുമലയുടെ അഗ്രം മാത്രം! വലിയ ഭാഗം എത്തിയത് സ്ഥാപിത താത്പര്യങ്ങള്‍ വേണ്ടത്രയുള്ള വിദേശ സങ്കേതങ്ങളില്‍ നിന്ന്! അതിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട്.
സ്വതന്ത്ര ഭാരതം രൂപം കൊള്ളുന്നതിന് മുമ്പുതന്നെ എം.ഒ. മത്തായിയെന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മിയുടെ ഇന്ത്യയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. തുടര്‍ന്ന് മത്തായി അധികാരയിടങ്ങളിലെ ചാലക ശക്തിയുമായി. അങ്ങനെ സ്വതന്ത്ര ഭാരതത്തിന്റെ അധികാരകേന്ദ്രത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ താത്പര്യം സംരക്ഷിക്കാന്‍ സമ്മര്‍ദ്ദ ഗ്രൂപ്പിന്റെ പ്രഭവകേന്ദ്രം ഒരുങ്ങി. മറു ഭാഗത്ത് സോവിയറ്റ് റഷ്യയും പലതരം തന്ത്രങ്ങളിലൂടെ സമ്മര്‍ദ്ദയിടപെടലുകള്‍ ശക്തമാക്കി. അക്കാലത്തെ രണ്ട് ആഗോള ചേരികളുടെയും മത്സരഭൂമിയായി ഭാരതം മാറി. എന്നാല്‍ 1998ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതീയ ദേശീയതയുടെ ശക്തികള്‍ അധികാരത്തിലെത്തിയതോടെ അവസരം പാ
ര്‍ത്തിരുന്ന വിദേശ ശക്തികള്‍ക്ക് സ്വാഭാവികമായും തന്നിഷ്ടങ്ങള്‍ നടക്കാത്ത അവസ്ഥയെത്തി. പൊഖ്‌റാന്‍ പരീക്ഷണം നടത്തിയതിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധം അവര്‍ തന്നെ പിന്‍വലിക്കേണ്ട ഗതിയായി. ചൈനയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്ന പാക്കിസ്ഥാനാണെങ്കില്‍ കാര്‍ഗില്‍ ദുസ്സാഹസത്തില്‍ നിന്ന് പാഠം പഠിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അടല്‍ജിയുടെ ഭാരതം തിളങ്ങി.
2004ലെ പൊതുതെരഞ്ഞെടുപ്പോടെ വിദേശ ശക്തികള്‍ വീണ്ടും ഭാഗ്യം തേടിയിറങ്ങി. അമേരിക്ക ഒരു വശത്തും ചൈനാ – പാക് കൂട്ടായ്മ മറുവശത്തും വാജ്‌പേയ് നയിച്ച ദേശീയതയുടെ പക്ഷത്തെ പരാജയപ്പെടുത്താന്‍ ഭാരതത്തിനുള്ളിലെ തങ്ങളുടെ പങ്കാളികളെ ശക്തമായി പിന്തുണച്ചു. ബിജെപിയേക്കാള്‍ നേരിയ തോതില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ സോണിയാ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ മേല്‍ പറഞ്ഞ വിദേശ ശക്തികള്‍ ശ്രമിച്ചു. അന്നത്തെ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഭരണഘടനാ വ്യവസ്ഥകള്‍ തടസം നില്‍ക്കുന്നെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയതോടെ മന്‍മോഹന്‍ സിങ്ങിനെ ബിനാമിയായി അധികാരത്തിലിരുത്തി. ഫോര്‍ഡ് ഫൗണ്ടേഷന്റെയും ക്ലിന്റന്‍ ഫൗണ്ടേഷന്റെയും പേരില്‍ അമേരിക്കയില്‍ നിന്ന് പണമൊഴുകി. ചൈനീസ് എംബസി നേരിട്ടും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടി വഴിയും രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം വന്നു. ഇന്ദിര അമേരിക്കയോടും സോവിയറ്റ് യൂണിയനോടും പണം പറ്റിയത് പത്തു വര്‍ഷങ്ങളുടെ ഇടവേളയിട്ടാണെങ്കില്‍ ഇറ്റാലിയന്‍ മരുമകള്‍ ഒരേ സമയം രണ്ടു കൂട്ടരോടും പണം വാങ്ങുന്നതിനുള്ള കയ്യടക്ക മികവ് കാട്ടി.
എന്നാല്‍ അമേരിക്കയുമായുള്ള ആണവക്കരാര്‍ ഒപ്പിടാന്‍ മന്‍മോഹന്‍ സിങ് കാട്ടിയ ആവേശം ചൈനയെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. ചൈന വാടകക്കെടുത്ത ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കൂട്ടരും കരാറിനെതിരെ പടപൊരുതുകയും വഴങ്ങാതെ വന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കയും ചെയ്തു. അതിനിടെ ചൈന ബീജിങ് ഒളിമ്പിക്‌സിലേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അവഗണിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധികാര കേന്ദ്രമായ സോണിയയേ ക്ഷണിച്ചു. രാഹുലിനെയും കൂട്ടി അവിടെ ചെന്ന സോണിയയില്‍ നിന്ന് അതുവരെ കൊടുത്ത പണം മുതലാക്കാനും വീണ്ടും കാശെറിഞ്ഞ് കാര്യം നേടുന്ന വഴി തുടരാനുമുള്ള കരാര്‍ ഒപ്പിടുകയുമാണുണ്ടായത്.
2008ല്‍ പരസ്പര ധാരണാ പത്രം കോണ്‍ഗ്രസും ശത്രു രാജ്യമായ ചൈനയുടെ ഭരണകക്ഷിയുമായി ഒപ്പിട്ടതോടെ ഇന്ത്യയുടെ വ്യാപാര ഇടപാടുകളിലും പ്രതിരോധത്തിലും ചൈനയ്‌ക്ക് മേല്‍കൈ നല്‍കി. പ്രതിരോധ മേഖലയിലാണെങ്കിലും സംശയകരമായ നടപടികളാണ് പിന്നീട് കണ്ടത്. ചൈന നടത്തിയ അറുനൂറിലധികം അതിര്‍ത്തി കയ്യേറ്റങ്ങള്‍ പൊറുത്തു. പാക്കിസ്ഥാന് തന്ത്രപ്രധാനമായ സിയാച്ചിന്‍ വിട്ടു കൊടുക്കാന്‍ നീക്കം തുടങ്ങി. ഇതോടൊപ്പം രാജ്യത്ത് അഴിമതിയും കെടുകാര്യസ്ഥതയും വര്‍ധിച്ചതോടെ 2014ല്‍ വിദേശി സോണിയയുടെ കുടുംബത്തെ തിരസ്‌കരിച്ച് ദേശീയതയുടെ വഴി ഭാരതം സ്വീകരിച്ചു. തുടര്‍ന്ന് 2019ല്‍ രാഷ്‌ട്രം പരീക്ഷിച്ച് ബോധ്യപ്പെട്ട നരേന്ദ്ര മോദിയില്‍ തന്നെ വിശ്വാസം ആവര്‍ത്തിച്ചു. കൊറോണ നല്‍കിയ അവസരം മുതലെടുത്ത് ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായത്തോടെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പണത്തിന്റെ ബലത്തില്‍ അധികാരക്കസേര തിരിച്ചു പിടിക്കാനുള്ള കുതന്ത്രങ്ങള്‍ പയറ്റുകയാണ് അമ്മയും മക്കളും. അവരുടെ പരാജയം ഭാരതത്തിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും അനിവാര്യമാണെന്നത് ബോധ്യമുള്ള ജനം അവസരത്തിനൊത്ത് ഉയരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: