കാളിയാര്‍: കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ആനയാടിക്കുത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. തൊമ്മന്‍കുത്ത് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപമാണ് വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ആനയാടിക്കുത്ത്.
പത്ത് വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിനുമുകളില്‍ പ്രായമുള്ളവരും പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചാണ് ഇവിടെ ആളുകള്‍ എത്തുന്നത്. വലിയ പാറയുടെ മുകളില്‍ നിന്ന് വീഴുന്ന വെള്ളം തടാകം പോലെ കെട്ടിക്കിടക്കുന്നതിനാല്‍ കുട്ടികളടക്കമുള്ളവര്‍ക്ക് നീന്തിക്കുളിക്കുന്നതിന് അനുകൂല സാഹചര്യമാണുള്ളത്, വലിയ അപകടസാധ്യതയുമില്ല. ഇതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.
വേനലില്‍ വെള്ളമില്ലാതിരുന്നതിനാലും ലോക്ക് ഡൗണിനെ തുടര്‍ന്നും ഇവിടെ ആളും ആരവവും ഒഴിഞ്ഞിരുന്നെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ആളുകള്‍ കൂടുതലായി ഇവിടേക്ക് എത്തുകയാണ്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കുടുംബസമേതമാണ് ഇവിടെ കൂടുതല്‍ വിനോദസഞ്ചാരികളും എത്തുന്നത്.
സംസ്ഥാനത്ത് കൊറോണ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കേണ്ടത് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ഏറെ ആവശ്യമാണ്. എന്നാല്‍ ഇവിടെ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇത് നിയന്ത്രിക്കുന്നതിന് അധികൃതര്‍ തയാറാകാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ആളുകള്‍ക്ക് പ്രവേശനം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചാല്‍ ഇവിടേക്ക് ആളുകള്‍ എത്തുന്നതു ഒരുപരിധിവരെ തടയാനാകും. ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍പേര്‍ എത്തുന്നത്. സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവു നല്‍കിയ കഴിഞ്ഞ ഞായറാഴ്ച നിരവധിപേരാണ് ഇവിടെയെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് നേരത്തെ പോലീസ് സ്ഥലത്തെത്തി ആളുകളെ പറഞ്ഞയച്ചെങ്കിലും വീണ്ടും ആളുകള്‍ എത്തുകയാണ്.
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ തൊമ്മന്‍കുത്തില്‍ വനംവകുപ്പ് പ്രവേശനം നിരോധിച്ചിരിക്കുന്നതിനാല്‍ ഇവിടേക്ക് ആളുകള്‍ എത്തുന്നില്ല. ആനയാടിക്കുത്തിലേക്കും പ്രവേശനം നിരോധിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെ നിയോഗിച്ച് വിനോദസഞ്ചാരികളെ നിയന്ത്രിക്കുകയും ചെയ്യേïത് നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: