വിളപ്പില്‍: മേല്‍ക്കൂര മാത്രമല്ല ചുവരുകള്‍ക്ക് പകരവും തകരഷീറ്റ്. വൈദ്യുതിയില്ല. കാലിത്തൊഴുത്ത് പോലൊരു ഒറ്റമുറി ഷെഡ്ഡില്‍ മൂന്ന് ജീവിതങ്ങള്‍. പേയാട് അലൈറ്റി വേങ്കര ചിഞ്ചു ഭവനില്‍ (കിഴക്കുംകര പുത്തന്‍വീട്) ശ്രീജയും (28) രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അന്തിയുറങ്ങുന്നത് അടച്ചുറപ്പില്ലാത്ത ഈ തകരക്കൂട്ടില്‍.
പൂജപ്പുര മഹിളാമന്ദിരം സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഭാഗ്യ, പേയാട് എല്‍പി സ്കൂളിലെ മൂന്നാം ക്ലാസുകാരന് ഭൗജിത് എന്നിവരാണ് ശ്രീജയുടെ മക്കള്‍. വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ടിവിയിലൂടെ ഓണ്‍ലൈന്‍ പഠനം ഇവര്‍ക്ക് സാധ്യമല്ല. മൊബൈല്‍ ഫോണുകള്‍ക്കും ഇവിടെ റേഞ്ചില്ല. സഹപാഠികള്‍ ഫസ്റ്റ്ബെല്ലിലൂടെ പാഠഭാഗങ്ങള്‍ മനഃപാഠമാക്കുമ്പോള്‍ പഠനം മുടങ്ങിയ വിങ്ങലിലാണ് ഈ കുരുന്നുകള്‍.
കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്നു ശ്രീജയുടെ ഭര്‍ത്താവ് ഭരത്. കഴിഞ്ഞ വര്‍ഷം ഒരു കേസില്‍ കുടുങ്ങി ഭരത് ജയിലിലായി. കോടതി പല പ്രാവശ്യം ജാമ്യം അനുവദിച്ചു. പക്ഷേ, വക്കീല്‍ ഫീസും ജാമ്യക്കാര്‍ക്കും ഒക്കെയായി 50,000 രൂപ വേണം. അത് നല്കാന് ശ്രീജയ്ക്ക് നിവൃത്തിയില്ല. കഴിഞ്ഞ ഒന്‍പത് മാസമായി ഭരത് ജയിലിലാണ്. ശ്രീജയും മക്കളും അമ്മ കലാദേവി വീട്ടുജോലിക്ക് പോയി കിട്ടുന്ന തുച്ഛവരുമാനത്തിലായിരുന്നു പട്ടിണി അകറ്റിയിരുന്നത്. ലോക്ഡൗണായതോടെ കലാദേവിക്കും ജോലി നഷ്ടപ്പെട്ടു.
നാലുവശവും മറച്ചിരിക്കുന്ന തകരഷീറ്റുകളില്‍ ഒരു ഭാഗത്തേത് മാറ്റി ചുവര് കെട്ടാന്‍ സാധിച്ചാല്‍ വൈദ്യുതി കണക്ഷന് നല്‍കാമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.
ചുവരുകെട്ടാന് ആയിരങ്ങള്‍ വേണം. മക്കള്‍ക്ക് ഒരു നേരം വയറുനിറച്ച് വാരിയുണ്ണാന്‍ അന്യന്റെ കാരുണ്യം തേടുന്ന ശ്രീജയ്ക്ക് ഇതൊന്നും ചിന്തിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: