പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും രണ്ട് യുവാക്കൾ അറസ്റ്റിൽ. ‘ഓപ്പറേഷൻപി-ഹണ്ട്’ റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കോന്നി ഇളകൊള്ളൂർ ഐടിസിക്കു സമീപം നാരകത്തിൻമൂട്ടിൽ തെക്കേതിൽ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോൾ താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂൺ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ജില്ലാപോലീസ് സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിർദേശാനുസരണം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്.
ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് വിദേശത്തുപോയ ടിനു തോമസ് ലോക്ഡൗൺ കാരണം തിരികെപോകാൻ കഴിയാതെ നാട്ടിൽ തങ്ങുകയായിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിച്ചത്. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു.
ഇടുക്കി കാമാക്ഷി പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാർഡ്ഡിസ്ക്, നാലു മൊബൈൽ ഫോണുകൾ, എട്ട് പെൻഡ്രൈവുകൾ, രണ്ടു മെമ്മറി കാർഡുകൾ തുടങ്ങിയവ പിടിച്ചെത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ ആർ.എസ്. രഞ്ചു, രാധാകൃഷ്ണൻ, എഎസ്ഐമാരായ ഹരികുമാർ, വിൽസൺ, സിപിഒ ശ്രീരാജ്, സൈബർസെൽ ടീം അംഗങ്ങളായ എഎസ്ഐ ജി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.ആർ. ശ്രീകുമാർ, രാജേഷ് ആർ.ആർ. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: