ശിഷ്യന്റെ സംശയം ഇല്ലാതാക്കാന്‍ ഗുരു
ആത്മതത്ത്വനിരൂപണം തുടരുന്നു.
ശ്ലോകം 215
തത് സാക്ഷികം ഭവേത് തത്തത്യദ്യദ്യേനാനുഭൂയതേ
കസ്യാപ്യനനഭൂതാര്ത്ഥേ
സാക്ഷിത്വം നോ പ യുജ്യതേ
ഏതെങ്കിലുമൊരു കാര്യത്തേയോ സംഭവത്തേയോ നേരിട്ട് അറിയുന്നയാളെയാണ് സാക്ഷി എന്ന് പറയുന്നത്. ഒന്നും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ അയാളെ സാക്ഷി എന്ന് പറയാന്‍ കഴിയില്ല.
സാക്ഷി എന്താണ് എന്ന് വിവരിക്കുകയാണ് ഇവിടെ. സംഭവിക്കുന്ന കാര്യങ്ങളെ നേരിട്ട് അറിയുന്നയാളാണ് സാക്ഷി.എന്നാല്‍ ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് സാക്ഷിയാകാന്‍ കഴിയുക.
ഒരു വസ്തു അനുഭവത്തിന് വിഷയമാകുമ്പോഴാണ് ഒരാള്‍ സാക്ഷിയാകുന്നത്. അനുഭവമില്ലെങ്കില്‍ സാക്ഷിത്വമുണ്ടാകില്ല.
സാക്ഷി ഒന്നിലും ഇടപെടാതിരിക്കുന്നു. അകത്തും പുറത്തും, നടക്കുന്ന എല്ലാറ്റിനെയും തന്റെ സാന്നിധ്യം കൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ആധാരമെങ്കിലും ഒന്നുമായും കൂടിച്ചേര്‍ന്ന് ഇരിക്കുന്നുമില്ല.
എല്ലാ അനുഭവങ്ങളും ഇല്ലാതായാല്‍ സാക്ഷിത്വം എന്ന വിശേഷണം നഷ്പ്പെടും. അത് ഒരു വിശേഷണവുമില്ലാത്ത നിര്‍വിശേഷമായ കേവല സത്ത മാത്രമായിത്തീരും.
ശിഷ്യന് താന്‍ സര്‍വ അഭാവത്തേയും അറിഞ്ഞു എന്ന് നേരത്തേ പറഞ്ഞിരുന്നു. ആ അഭാവത്തിന് സാക്ഷിയായ നീ ആത്മാവെന്ന് ഗുരു സൂചിപ്പിക്കുന്നു.
ശ്ലോകം 216
അസൗ സ്വസാക്ഷികോ ഭാവോ യത: സ്വേനാനുഭൂയതേ
അത: പരം സ്വയം സാക്ഷാത് പ്രത്യഗാത്മാ ന ചേതര:
ആത്മാവ് സ്വസാക്ഷിയാണ്, അത് സ്വയം, തന്നെ താന്‍ തന്നെ അനുഭവിക്കുന്നു. അതിനാല്‍ ഈ അന്തരാത്മാവ് തന്നെ പരബ്രഹ്മം മറ്റൊന്നുമല്ല.
ഞാന്‍ എന്നത് ഉള്‍പ്പടെ എല്ലാ വികാരങ്ങളുടേയും അഭാവത്തിന് ആത്മാവ് സാക്ഷിയാണ് എല്ലാം നിഷേധിച്ചു കഴിഞ്ഞാല്‍ അവശേഷിക്കുന്നതും ആത്മാവ് തന്നെ. അതിനെ പരമാത്മാവെന്ന് അറിയണം.
അകത്തോ പുറത്തോ നടക്കുന്ന കാര്യങ്ങളെ നോക്കി കാണുമ്പോഴല്ലാതെ ആത്മാവിന് സാക്ഷിത്വം എന്ന വിശേഷണം ചേരില്ല. അത് ശുദ്ധ ബോധസ്വരൂപമായതിനാല്‍ സ്വസാക്ഷി എന്ന് പറയുന്നതാണ് ഉചിതം.
ആത്മാവിനെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു വസ്തുവില്ല. പിന്നെ എന്തിന്റെയാണ് സാക്ഷിയായിരിക്കുക? അത് തനിക്ക് തന്നെ സാക്ഷിയായിരിക്കുന്നു എന്നേ പറയാനാവൂ.
എന്നാല്‍ അത് ഓരോ ശരീരങ്ങളിലും ചൈതന്യമായി കുടികൊള്ളുമ്പോള്‍ അതിന്റെ സാന്നിധ്യത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നു. അവയിലൊന്നിലും ഇടപെടാതെ എല്ലാം അറിഞ്ഞു കൊണ്ടിരിക്കുന്നു. ശരീരത്തിലെ ഇന്ദ്രിയങ്ങളുള്പ്പടെയുള്ള അവയവങ്ങളും മനസ്സും ബുദ്ധിയുമൊക്കെ ആത്മ സാന്നിധ്യത്താല്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ല താനും. അത് എല്ലാറ്റിന്റെയും അഭാവത്തേയും അറിയുന്നു.
ഈ അര്‍ത്ഥത്തിലാണ് സാക്ഷിയെന്ന് പറഞ്ഞത്.
ഓരോന്നിലും കുടികൊള്ളുന്ന അന്തരാത്മാവിനെയാണ് പ്രത്യഗാത്മാവ് എന്ന് പറഞ്ഞത്. അത് തന്നെയാണ് പരമാത്മാവ്.ഓരോ ആളിലും കുടികൊള്ളുന്ന ആത്മാവിനെ തന്നെയാണ് ബ്രഹ്മം എന്ന് അറിയേണ്ടത്. വ്യഷ്ടി ചൈതന്യവും സമഷ്ടി ചൈതന്യവും വേറെയല്ല. ഒന്ന് തന്നെയാണ്.
നമ്മിലെ ആത്മചൈതന്യത്തെ സാക്ഷാത്കരിച്ചാല്‍ സര്‍വവ്യാപിയായ ബ്രഹ്മത്തെ തന്നെയാണ് സാക്ഷാത്കരിക്കുന്നത്. ആത്മസാക്ഷാത്കാരം തന്നെ ബ്രഹ്മ സാക്ഷാത്കാരം.
ആത്മ അന്വേഷണത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്നത് അവനവന്റെ ആത്മസ്വരൂപത്തിലാണ്. അവിടെ രണ്ടാമതൊന്നില്ല.തനിക്ക് താന്‍ തന്നെ സാക്ഷി.തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ സ്വയം അറിയുക അനുഭവിക്കുക എന്നത് തന്നെ ആത്മാനുഭൂതി.ഇതിനെ ലോകത്ത് നാം അനുഭിക്കുന്ന ഒന്നിനോടും ഉപമിക്കാന്‍ പറ്റില്ല. അനുഭവിച്ചറിയുക തന്നെ വേണം. ഈ ദേഹത്തിലിരുന്ന് തന്നെ അത് സാധിക്കും.
ബ്രഹ്മത്തെ അറിയുക എന്നാല്‍ ബ്രഹ്മമായിത്തീരല് തന്നെയാണ്. അവിടെ അറിയുന്ന ആളും അറിവും അറിയുന്ന വസ്തുവുമൊക്കെ ഒന്നായിത്തീരും.
സാക്ഷിത്വം എന്നത് പോലും ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: