പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയതിന്റെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷിക ദിനത്തിലാണ് ഇതെഴുതുന്നത്. ഒരിക്കലും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദിനങ്ങള്‍ക്ക് സമാനമായ നാളുകള്‍ ഇനിയും വരാതിരിക്കണേ എന്നാണിപ്പോഴത്തെ പ്രാര്‍ത്ഥന. പക്ഷേ ആ പ്രഖ്യാപനം അറിഞ്ഞ നിമിഷങ്ങള്‍ ഇടക്കിടെ മനസ്സില്‍ തികട്ടി വരാറുണ്ട്. എറണാകുളത്തെ എളമക്കരയില്‍ പ്രാന്തകാര്യാലയത്തിനുള്ള പുതിയസ്ഥലം സമ്പാദിച്ച് അതില്‍ നിര്മിതിയാരംഭിച്ച്, അവിടെ ആസ്ഥാനമുറപ്പിക്കാന്‍ ഒരുങ്ങിനില്ക്കുന്നു. ഗൃഹപ്രവേശത്തിനു തയ്യാറെടുത്ത് ക്ഷേത്രീയ പ്രചാരക് യാദവറാവു ജോഷി, പ്രാന്തസംഘചാലക് എന്‍. ഗോവിന്ദ മേനോന്, പ്രാന്തകാര്യവാഹ് ഡി. നാരായണപൈ, കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നപ്പോഴത്തെ പ്രാന്തപ്രചാരക് എ. ദക്ഷിണാമൂര്‍ത്തി എന്ന അണ്ണാജി, പ്രാന്തപ്രചാരക് ഭാസ്കര്‍റാവു എന്നിവരടക്കം കേരളത്തില്‍ അന്നുണ്ടായിരുന്ന മുഴുവന്‍ പ്രചാരകന്മാരും പരിപാടിക്കു തയ്യാറായി എത്തിയിരുന്നു. ഞങ്ങള്‍ ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍-പരമേശ്വര്‍ജി, രാജേട്ടന്, ഞാന്‍, രാമന്‍പിള്ള, കെ.ജി.മാരാര്‍ മുതലായവര്‍ എംജി റോഡിലെ ജനസംഘകാര്യാലയത്തിലും. അതിരാവിലെ ആറുമണിക്കു പുറപ്പെടാന്‍ സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു.
എനിക്ക് അക്കാലത്ത് പുലര്‍ച്ചെ അഞ്ചരമണിക്ക് ബിബിസി കേള്‍ക്കുന്ന സ്വഭാവമുണ്ടായിരുന്നു. തലേ സായാഹ്നത്തില്‍ ദല്‍ഹിയില്‍ നടന്ന, ജയപ്രകാശും വാജ്പേയിയും മറ്റു നേതാക്കളും പങ്കെടുത്ത മഹാപ്രതിഷേധത്തിന്റെ പ്രത്യാഘാതമെന്തെന്നറിയുവാനായിരുന്നു താല്‍പ്പര്യം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും, പ്രതിപക്ഷത്തെയും കോണ്‍ഗ്രസ്സിലെ ഇന്ദിരാവിരുദ്ധരെയും ജെപിയെയും കരുതല്‍ തടങ്കലില്‍ എടുത്തുവെന്നും, ബെംഗളൂരുവില്‍ ലോക്സഭാ സമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ വാജ്പേയി, അദ്വാനി, മധു ദണ്ഡവതെയടക്കമുള്ള പ്രതിപക്ഷ നേതാക്കന്മാരെയും അര്‍ദ്ധരാത്രിക്കു മുന്‍പേ അറസ്റ്റു ചെയ്തുവെന്നും വിവരം ലഭിച്ചു. ഇതിന് ഇരുണ്ട പ്രത്യാഘാതമാവും ഉണ്ടാവുകയെന്ന് പരമേശ്വര്‍ജി അഭിപ്രായപ്പെട്ടു. അതിവേഗം എല്ലാവരും നീണ്ടകാല അനിശ്ചിതത്തിലേക്കിറങ്ങി. നേരെ എളമക്കര കാര്യാലയത്തിലേക്ക്, പിന്നെ അവിടത്തെ നിര്‍ദ്ദേശമനുസരിച്ച്.
യാദവറാവുജിയുടെ മാര്‍ഗദര്‍ശനം നാലും മൂന്നും ഏഴ് എന്ന രീതിയില്‍ കുറ്റമറ്റതായിരുന്നു. അവിടത്തെ കാര്യക്രമങ്ങള്‍ കഴിഞ്ഞ് എല്ലാ കാര്യകര്‍ത്താക്കളും അടുത്ത വാഹനത്തില്‍ സ്വന്തം സ്ഥലത്തെത്തണം. സംഘസംബന്ധമായ സകല രേഖകളും കുറ്റമറ്റ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണം. ആരും അനാവശ്യമായി കുടുങ്ങരുത്.
കേരളത്തിലെ അറസ്റ്റും മര്‍ദ്ദനങ്ങളും ഒരാഴ്ച കഴിഞ്ഞ് ജൂലൈ രണ്ടിനാണ് തുടങ്ങിയത്. തുടര്‍ന്ന് നടന്ന ഒട്ടനവധി മര്‍ദ്ദനങ്ങളുടെയും കണ്ണീരിന്റെയും അനുഭവങ്ങള്‍ അടിയന്തരാവസ്ഥാ ദിനങ്ങള്‍ തുടര്‍ന്നു പോരുവോളം നടന്നു. അതിന്റെ കഥകള്‍ മുഴുവന്‍ ആയിരക്കണക്കിനാളുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മനസ്സില്‍ കോറിയിട്ടിട്ടുണ്ട്.
അടിയന്തരാവസ്ഥയ്ക്കെതിരായ സമരമുഖങ്ങളുടെ സമ്പൂര്‍ണ വിവരണം ഇന്ന് ഹരിയേട്ടനും മറ്റും ചേര്‍ന്നു തയ്യാറാക്കിയ വാല്യങ്ങളിലൂടെയും, രാമന്‍പിള്ള എഴുതിയ ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്ന വിവരണത്തിലൂടെയും നമുക്ക് ലഭ്യമാണ്. അക്കാലത്തു സായുധ സമരരംഗത്തുണ്ടായിരുന്ന നക്സല്‍ പ്രസ്ഥാനക്കാരുടെ പുസ്തകങ്ങളുമുണ്ട്. സിപിഎമ്മിന്റെ വകയായും പുസ്തകങ്ങള്‍ കാണാം.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയതിനുശേഷം രാജ്യത്തു നടന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യസമരം തന്നെയായിരുന്നുവെന്നതിന് സംശയമില്ല. സംഘത്തിന്റെ കേസരി വാരിക അക്കാലത്തു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതേ പ്രസ്സില്ത്തന്നെ സായാഹ്ന പത്രമായി ജന്മഭൂമി അടിച്ചുവന്നു. 1975 ജൂലൈ രണ്ടിന്റെ ആഘാതം രണ്ടിനെയും ബാധിച്ചു. കേസരി പത്രാധിപ സമിതിയിലെ രാജന് ജയിലിലായി. ജന്മഭൂമിയുടെ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയും ചുമതല വഹിച്ചിരുന്ന ഈ ലേഖകനും ഞങ്ങള്‍ വസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജില്‍ നിന്നും, മാനേജിങ് ഡയറക്ടര്‍ ദത്താത്രയറാവു അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും പിടിക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ പീഡനങ്ങള്‍കൊണ്ട് വാടിപ്പോയെങ്കിലും, പിന്നീട് അതിനു വെള്ളമൊഴിച്ച് വളര്‍ത്തിയെടുത്ത് കേരളത്തിലെ മുന്‍നിര പ്രസിദ്ധീകരണങ്ങളാക്കാന് സാധിക്കുമാറാക്കി എന്നതു പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. അതിന് അന്നു മുതല്‍ പരസ്പര സഹകരണങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ മര്ദ്ദനനയത്തിനു വശപ്പെട്ടുപോയിട്ടും വീണ്ടും പൊടിച്ചു തഴച്ചുവളരാനതിനു കഴിഞ്ഞു.
അടിയന്തരാവസ്ഥക്കാലത്തുതന്നെയാണ് കോഴിക്കോട് സര്‍വകലാശാലാ വളപ്പില്‍ ഇന്ത്യന്‍ ഹിസ്റ്ററി അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം നടന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂരില്‍ നടന്ന ഹിസ്റ്ററി അസോസിയേഷനില്‍ നടന്ന കോലാഹലവും ബഹളവും ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കയ്യേറ്റം ചെയ്യാന്‍ ആഞ്ഞുവന്ന ഇര്ഫാന് ഹബീബിന്റെയും റൊമീള ഥാപ്പറിന്റെയും മറ്റ് ചുവപ്പും ഇളം ചുവപ്പും അല്ലാത്തതുമായ ചരിത്രപണ്ഡിതന്മാരുടെയും മേളയായിരുന്നു അത്. കേസരി വാരികയുടെ ജേര്‍ണലിസ്റ്റ് പാസുമായി മൂന്നു ദിവസവും ആ ചര്‍ച്ചകള്‍ക്ക് സാക്ഷിയാവാന്‍ കഴിഞ്ഞു. പ്രതിനിധികളില്‍ പരിചിതമുഖങ്ങളെ കാണാനുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം; വിശേഷിച്ചും കേരളത്തിനു പുറത്തുള്ളവര്‍.
അവിടെ വിതരണം ചെയ്ത ലഘുപത്രികകള്‍ വളരെ പ്രയോജനകരങ്ങളായിരുന്നു. അങ്ങനെ തെരഞ്ഞു നടക്കവേ പ്രതിനിധികള്‍ക്കിടയില്‍ അണ്ണാമലൈ എന്ന ചെന്നൈയിലെ മുതിര്‍ന്ന സംഘാധികാരിയെ കണ്ടു. മരുഭൂമിയില്‍ മലര്‍വാടി കണ്ടപോലത്തെ സന്തോഷമായിരുന്നു അദ്ദേഹത്തിന്. തന്റെ പച്ചയ്യപ്പാസ് കോളേജിലെ സഹപ്രവര്‍ത്തകരെ ചുമതലയേല്‍പ്പിച്ച് ഞങ്ങള്‍ ഒരമിച്ചു നടക്കാന്‍ തുടങ്ങി. 1956 മുതല്‍ ഞാന്‍ ചെന്നൈയില്‍ പോയ സമയത്തുതന്നെ അദ്ദേഹം ഉന്നത ചുമതലകള്‍ വഹിച്ചുവന്നു. അടിയന്തരാവസ്ഥക്കാലത്തെ സംഘപ്രവര്‍ത്തനമായി ഞങ്ങളുടെ ചര്‍ച്ചാവിഷയം.
മാധവജി അക്കാലത്ത് കോഴിക്കോട്ടായിരുന്നു താമസം. അദ്ദേഹത്തിന് മാധവജിയെ കാണാന്‍ താല്പര്യമായി. ഞങ്ങള്‍ ഒരു ബസ്സില്‍ കയറി കോഴിക്കോട്ടെ മാലാപ്പറമ്പില്‍ അദ്ദേഹത്തിന്റെ അനുജന് ഗോപിയുടെ വീട്ടില്‍ചെന്ന് സംസാരിച്ചു. ഒരു മണിക്കൂറിലേറെ ആശയവിനിമയം നടന്നു. 1944-46 കാലത്ത് മാധവജി ചെന്നൈയില്‍ പഠിക്കുമ്പോള്‍ തന്നെയുള്ള ഓര്‍മകളും അനുഭവങ്ങളും അവര്‍ക്കുണ്ടായിരുന്നു. പിന്നീട്, രാത്രി ഭക്ഷണം കഴിച്ച് അണ്ണാമലൈജിയെ യൂണിവേഴ്സിറ്റിക്കുള്ള ബസ്സില്‍ കയറ്റിവിട്ടു.
ഇങ്ങനെ ഒട്ടേറെ രസകരമായ സംഭവങ്ങളും അടിയന്തരാവസ്ഥക്കാലത്തുണ്ടായി. ഇവയൊക്കെ വിവരിക്കുമ്പോഴും അന്നത്തെ നൊമ്പരങ്ങളുമായി സഞ്ചരിക്കുന്ന നൂറുകണക്കിനാളുകളെയും ഇന്നു നമുക്ക് കാണാന്‍ കഴിയുന്നു. കെ.പി.ഗോപകുമാര്‍ വിട്ടുപോയി. മറ്റു പലരും ഇന്ന് ഇടയ്ക്കിടെ വിളിക്കുന്നു. ദുരിതങ്ങള്‍ വിവരിക്കാന്‍ മാത്രം. ഒട്ടേറെപ്പേര്‍ക്ക് ആ ദുരിതസ്മരണകള്‍ മാത്രമാവും അടിയന്തരാവസ്ഥയുടെ ഓര്‍മകളില്‍ അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: