തൃശൂര്‍ :മഴക്കാലത്ത് പാടശേഖരങ്ങളിലും തോടുകളിലും വ്യാപകമായി നടക്കുന്ന മത്സ്യബന്ധനത്തില്‍ നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ.് പ്രജനന സമയമായതിനാല്‍ മുട്ടയിടാറായ മത്സ്യങ്ങളാണ് കൂട്ടമായി താഴ്‌ച്ച കുറവുള്ള സ്ഥലം തേടി പാടശേഖരങ്ങളുടെ ഓരങ്ങളില്‍ എത്തുന്നത്. അവയെ പിടിക്കുന്നത് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണ്.
തൃശൂര്‍ ജില്ലയില്‍ തന്നെ നൂറോളം ജനുസ്സില്‍പ്പെടുന്ന ഉള്‍നാടന്‍ മത്സ്യയിനങ്ങള്‍ കണ്ടുവരുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ഒറ്റയ്‌ക്കോ കൂട്ടമായോ വരുന്ന അത്തരം മത്സ്യങ്ങളെ പിടിച്ചെടുക്കുന്ന രീതിയാണ് നിലവില്‍ കണ്ടുവരുന്നത്. വൈദ്യുതി ഉപകരണങ്ങളും വിഷാംശങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് മത്സ്യങ്ങളെ കൂട്ടക്കുരുതി നടത്തി പിടിച്ചെടുക്കുന്നവരുമുണ്ട്. കാലക്രമത്തില്‍ മത്സ്യ സമ്പത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിലേക്കാണ് ഇവ വഴി വയ്‌ക്കുന്നതെന്ന് ഫിഷറീസ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
മത്സ്യബന്ധന ഉരുക്കള്‍, സ്വതന്ത്ര വലകള്‍, സ്ഥാപന വലകള്‍, അക്വാകള്‍ച്ചര്‍ പ്രദേശം, ചെമ്മീന്‍വാറ്റ് പ്രദേശങ്ങള്‍, ഹാച്ചറികള്‍ എന്നിവ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച് ലൈസന്‍സ് എടുക്കേണ്ടതാണ്. 2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം ലൈസന്‍സ് ഇല്ലാതെയുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ മത്സ്യങ്ങളെ ആകര്‍ഷിച്ചു പിടിക്കുന്നതിനായി 100 വാട്ട്സില്‍ കൂടുതല്‍ ശക്തിയുള്ള വിളക്കുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ല. സഞ്ചാരത്തിന് തടസ്സമാകുന്ന രീതിയിലോ ജലാശയത്തിലെ പകുതിയിലധികം ഭാഗം തടസ്സപ്പെടുന്ന വിധമോ മത്സ്യബന്ധനം പാടുള്ളതല്ല. കൂടാതെ കണ്ടല്‍ പ്രദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവയിലും മത്സ്യബന്ധനത്തിന് അനുവാദമില്ല. പാരിസ്ഥിതിക അവസ്ഥയ്‌ക്ക് തടസമാകുന്ന വിധത്തില്‍ വലകളില്‍ യന്ത്രവല്‍ക്കരണം നടത്താന്‍ പാടില്ലാത്തതാണ്. നിയമലംഘനം ശിക്ഷാര്‍ഹവും അത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നതുമാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: