കോട്ടയം: അമിത വൈദ്യുതി ബില്ലിലെ പാകപ്പിഴകള്‍ സമ്മതിച്ച്, സബ്സിഡി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കെഎസ്ഇബി ഇറക്കി. അധികമായി വന്ന തുകയ്ക്ക് പൂര്‍ണമായും ഇളവ് ലഭിക്കുമോ, അതോ അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ വില അടിസ്ഥാന താരിഫ് നിരക്കു പ്രകാരം നിശ്ചയിച്ച് ആ തുകയ്ക്ക് മാത്രമേയുള്ളോയെന്ന് വ്യക്തമാക്കാതെയാണ് ഉത്തരവ്. എന്തായാലും നാമമാത്രമായ തുകയേ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇളവ് ലഭിക്കുകയുള്ളൂവെന്ന് വ്യക്തം.
അധികമായി ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് തിട്ടപ്പെടുത്തി അതിന്റെ വിലയാണ് അധിക ബില്‍ത്തുകയെന്ന് ഉത്തരവില്‍ പറയുന്നു. ആ വില കണക്കാക്കുന്നത് ഉപയോക്താക്കള്‍ അടയ്ക്കേണ്ട ഉയര്‍ന്ന താരിഫ് നിരക്കിലാണോ അതോ ആ യൂണിറ്റ് ഉള്‍പ്പെടുന്ന അടിസ്ഥാന നിരക്കിലാണോയെന്ന് വ്യക്തമാക്കാത്തതാണ് വീണ്ടും സംശയങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നത്.
കൊറോണ പാക്കേജിനായി 200 കോടിയുടെ ഇളവുകളാണ് മുഖ്യമന്ത്രി വൈദ്യുതി അധിക ബില്ല് പ്രശ്നത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ ഇറങ്ങിയ ഉത്തരവിലും 200 കോടിയുടെ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. 85 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി വീതം വയ്ക്കുമ്പോള്‍ ഒരു ഉപയോക്താവിന് ശരാശരി 230 രൂപയോളമേ വരികയുള്ളൂ. ഈ കണക്കും സൂചിപ്പിക്കുന്നത് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നാമമാത്രമായ തുകയേ ഇളവ് ലഭിക്കുകയുള്ളൂവെന്നാണ്. ആയിരം കോടിയിലധികം രൂപ അധികമായി ലഭിക്കുമ്പോഴാണ് ഉപയോക്താക്കളുടെ കണ്ണില്‍ പൊടിയിട്ട് താരതമ്യേന ചെറിയ ഇളവുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
ഇക്കുറി നല്കിയ ബില്ലില്‍ പിഴവുകള്‍ ഉണ്ടെന്ന് ഉത്തരവില്‍ സൂചനയുണ്ട്. ഡോര്‍ലോക്ക് സംവിധാനത്തിലേക്ക് പോയപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളും അറുപതിലധികം ദിവസത്തെ ബില്ല് കടന്നു വന്നതും പിഴവുകളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അറുപതിലധികം ദിവസത്തെ ബില്ല് വന്നവര്‍ക്ക് പ്രത്യേകമായി അത് കുറച്ചു നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ബില്ല് സംബന്ധിച്ച് പതിനായിരക്കണക്കിന് പരാതികളാണ് കെഎസ്ഇബിക്ക് ലഭിച്ചത്. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ജന പ്രതിനിധികളും പരാതിക്കാരായെത്തി. ഈ സാഹചര്യത്തിലാണ് പിഴവുകള്‍ ഭംഗ്യന്തരേണ ഏറ്റു പറഞ്ഞ് ബോര്‍ഡ് നാമമാത്രമായ ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ഗഡുക്കളാക്കാന്‍ അപേക്ഷ നല്‍കണം
അധിക വൈദ്യുതി ബില്ലിലെ തുക ഗഡുക്കളായി അടയ്ക്കുവാന്‍ ഉപയോക്താക്കള്‍ ബില്ലടയ്ക്കുന്ന ഓഫീസില്‍ അപേക്ഷ നല്‍കണം.അഞ്ച് ഗഡുക്കളാണ് അനുവദിക്കുന്നത്. ഒന്നിച്ചടയ്ക്കുവാന് താല്‍പ്പര്യമുള്ളവര്‍ 70 ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതി. ബാക്കി തുകയുടെ കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചു വന്ന ശേഷം അടുത്ത ബില്ലില്‍ തീര്‍പ്പാക്കും. തത്കാലം അടയ്ക്കാതിരിക്കുന്നവര്ക്കോ, ഗഡുക്കളായി അടയ്ക്കുന്നവര്‍ക്കോ പിഴപ്പലിശ ഈടാക്കില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: