കോട്ടയം: കൊറോണ നിരീക്ഷണത്തിലിരുന്ന യുവാവിന്റെ മരണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍. പത്തു മണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ, ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ, ഒരു തുള്ളി വെള്ളം പോലും കൊടുക്കാന്‍ കഴിയാതെ. ദുബായ്യില് നിന്ന് എത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഏറ്റുമാനൂര്‍ കുറുമള്ളൂര്‍ കല്ലമ്പാറ മനോഭവനില്‍ ദിവാകരന് നമ്പൂതിരിയുടെ മകന് മഞ്ജുനാഥ് (39) ആണ് വ്യാഴാഴ്ച രാത്രി പത്തു മണിയോടെ മരിച്ചത്. ജൂണ്‍ 21ന് ആണ് മഞ്ജുനാഥ് നാട്ടിലെത്തിയത്.
രാവിലെ കുഴഞ്ഞ് വീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ വൈകിട്ട് നാലരയോടെയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാത്രി എട്ടു വരെ യുവാവിനെ പരിശോധിക്കാനോ ചികിത്സിക്കാനോ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനാല്‍ യുവാവിന്റെ മരണം കൊറോണ മൂലമല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.
പിന്നീട് മൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കാനും കാലതാമസമെടുത്തു. പുലര്‍ച്ചെ രണ്ടു മണിക്കാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ആംബുലന്‍സില്‍ എത്തിക്കേണ്ട മൃതദേഹം സ്ട്രെച്ചറില്‍ കിടത്തി ലിഫ്റ്റ് വഴി താഴേയ്ക്ക് കൊണ്ടുപോയതെന്ന പരാതിയും ഉണ്ടായി.
കൊറോണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ചികിത്സ നടത്തേണ്ടി വന്നതിനാലാണ് രോഗിക്ക് മൂന്നര മണിക്കൂറോളം ആംബുലന്‍സില്‍ കഴിയേണ്ടിവന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സ്രവ പരിശോധന ഫലം നെഗറ്റീവായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ തന്നെ സംസ്കരിച്ചു. ഭാര്യ: ഗായത്രി. മക്കള്‍: ശിവാനി, സൂര്യകിരണ്‍. അമ്മ: ആര്യാമണി. സഹോദരങ്ങള്‍: മനോജ്, മഹേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: