തിരുവനന്തപുരം: കൊറോണയുടെ പേരില്‍ എയര്‍പോര്‍ട്ട് സാറ്റ്സിലെ കരാര്‍ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന് സമരം തുടങ്ങുന്നു. രണ്ട് മുതല്‍ പത്ത് വര്‍ഷത്തോളം സര്‍വീസിലുള്ളവരെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ യൂണിയനുകളും വേണ്ട സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മാനേജ്മെന്റ് തയാറാകുന്നില്ല.
തൊഴിലാളികളെ പിരിച്ചുവിടാതെ ഡ്യൂട്ടി ക്രമീകരിച്ച് സാമ്പത്തിക നഷ്ടം നികത്താന്‍ യൂണിയനുകള്‍ തയാറായിട്ട് പോലും മാനേജ്മെന്റ് തയാറാകുന്നില്ല. കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് സമ്മതിക്കുന്നില്ല. കേന്ദ്ര, സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മാനേജ്മെന്റിന്റെ നടപടി.
ഇതിനെതിരെ തിങ്കളാഴ്ച മുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കേരള പ്രദേശ് എയര്‍പോര്‍ട്ട് കാഷ്വല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജനറല്‍ സെക്രട്ടറി എ.പി. അജിത്ത് കുമാര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ആന്‍ഡ് ഡൊമെസ്റ്റിക്ക് എയര്‍പോര്‍ട്ട് യൂണിയന് (സിഐറ്റിയു) ജനറല്‍ സെക്രട്ടറി പി. രാജേന്ദ്രദാസ്, തിരുവനന്തപുരം എയര്‍പോര്‍ട്ട് കോണ്ട്രാക്റ്റ് ലേബേഴ്സ് യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റ് വിനോദ് യേശുദാസ്, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴസ് വെല്‍ഫെയര്‍ അസോസിയേഷന് (ഐഎന്റ്റിയുസി) ജനറല്‍ സെക്രട്ടറി ചാല സുധാകരന്, തിരുവനന്തപുരം എയര്‍പോര്‍ട്ട് ലേബേഴ്സ് യൂണിയന് (ഐഎന്റ്റിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് പാട്രിക്ക് മൈക്കിള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: