കോഴിക്കോട്: പ്രമാണം രജിസ്റ്റര്‍ ചെയ്തതിന് ആധാരം എഴുത്തുകാരനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴ് കൊല്ലം കഠിന തടവും 5,0 5000 രൂപ പിഴയും.
ചേവായൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ സബ് രജിസ്ട്രാര്‍ ആയിരുന്ന കൊയിലാണ്ടി എടക്കുളം അപ്പൂസില് പി.കെ. ബീനയെയാണ് (52) വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് കെ.വി. ജയകുമാര്‍ ശിക്ഷിച്ചത്. ഇപ്പോള്‍ ജില്ല രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഇന്‍സ്പെക്ടറാണ്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി തടവ് അനുഭവിക്കണം.
ആധാരമെഴുത്തുകാരന്‍ പി. ഭാസ്ക്കരന്‍ നായരാണ് പരാതിക്കാരന്. 2014 ഫെബ്രുവരി 22ന് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസ് എടുത്തത്. ജനുവരി 24ന് ആധാരം രജിസ്റ്റര്‍ ചെയ്തതിന് 3000 രൂപയും 28ന് അഞ്ച് ആധാരം കൂടി രജിസ്റ്റര്‍ ചെയ്തതതിന് രണ്ടായിരം രൂപയുമടക്കം 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. പണത്തിന് നിരന്തരം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുവരുന്ന ആധാരങ്ങള്‍ മടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഫെബ്രുവരി 22ന് വിജിലന്‍സ് ഡിവൈഎസ്പി പ്രേംദാസിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഓഫീസില്‍ വച്ച് പരാതിക്കാരന് കൈമാറുകയായിരുന്നു. പരിശോധനയില്‍ റിക്കാര്‍ഡ് മുറിയില്‍ നിന്ന് പണം കണ്ടെടുത്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഒ.ശശി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: