കൊല്ലം: മലയാളസിനിമയില്‍ മതവിഭാഗീയ പ്രവണതകള്‍ ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കടന്ന് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കും വിധം ആപത്കരമായെന്ന് തപസ്യ ജില്ലാ സമിതി. ബഹുജന സ്വീകാര്യത ഏറ്റവുമധികമുളള മാധ്യമമാണ് സിനിമ. പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആവിഷ്കരിക്കുമ്പോഴും അതീവ ശ്രദ്ധയുണ്ടാകണം. 1921ലെ മലബാര്‍ കലാപത്തില്‍ ദേശത്തെ ഒരു മതവിഭാഗത്തില്‍പ്പെട്ട ജനത അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതയുടെയും വേട്ടയാടലിന്റെയും ഓര്‍മകള്‍ അവരുടെ മനസ്സിലേല്‍പ്പിച്ച മുറിവുകള്‍ ഒരുനൂറ്റാണ്ടു പിന്നിട്ടിട്ടും ഉണങ്ങിയിട്ടില്ല. അത് ഉണര്ത്തിവിടാനുള്ള ഏതൊരു പരിശ്രമവും അതിഗുരുതരമായ പ്രത്യാഘാതങ്ങളാകും സമൂഹത്തില്‍ ഉണ്ടാക്കുക.
രാഷ്ട്രീയലാഭം മുന്നില്‍ക്കണ്ടും മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടും വാസ്തവവിരുദ്ധമായി ‘വാരിയംകുന്നന്’ എന്ന സിനിമ ചിത്രീകരിക്കാനുള്ള ചിലരുടെ പരിശ്രമം കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തപസ്യ ചൂണ്ടിക്കാട്ടി. രാജ്യം മഹാരോഗത്തെ പ്രതിരോധിക്കാന്‍ ജാതിമത ഭേദമെന്യേ ഒന്നിച്ചുനിന്ന് പോരാടുമ്പോള്‍ ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന സിനിമാസംരംഭം ഉപേക്ഷിക്കണമെന്ന് തപസ്യ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ എസ്. രാജന്‍ബാബു അധ്യക്ഷനായി. തിരുവനന്തപുരം മേഖലാ ജനറല്‍സെക്രട്ടറി ആര്. അജയകുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി രവികുമാര്‍ ചേരിയില്‍, സംഘടനാ സെക്രട്ടറി അനില്‍ കല്ലട, ട്രഷറര്‍ ജി. പരമേശ്വരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: