ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ. കെ മഹേശന്റെ മരണത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബന്ധുക്കള്‍. മഹേശന് ആത്മഹത്യാക്കുറിപ്പുകളില്‍ എഴുതിയിരിക്കുന്ന പേരുകള്‍ വെള്ളാപ്പള്ളി നടേശന്റേതും കെ. എല്‍. അശോകന്റേതുമാണ്. അതുകൊണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് മഹേശന്റെ സഹോദരന് പ്രകാശനും, അനിന്തരവന് അനില്‍കുമാറും ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയില്‍ വഴി പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. മഹേശന് ആത്മഹത്യാ പ്രേരണ ഉണ്ടായിട്ടുണ്ട്. അക്കാര്യം മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പുകളില്‍ വ്യക്തമാണ്.
സംഭവത്തിന് ഉത്തരവാദികള്‍ വെള്ളാപ്പള്ളിയും അശോകനുമാണെന്നാണ് കുറിപ്പുകളിലുള്ളത്. വെള്ളാപ്പള്ളി പറയുന്നതു പോലെ സിബിഐ അന്വേഷണം നടത്തരുത്. മഹേശനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പ് ഒരു ചര്‍ച്ചയ്ക്കും വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. വെള്ളാപ്പള്ളിയുടെ സഹായി അശോകന് തന്നെ കുടുക്കുമെന്ന് മഹേശന് പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം നടക്കണമെന്നാണ് തന്റെ നിലപാടെന്നും, തനിക്കെതിരെ ചിലര്‍ ആസൂത്രിതമായി പ്രചാരണം നടത്തുകയാണെന്നും വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
അതിനിടെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മഹേശന് നേരത്തെ പുറത്തുവിട്ട കത്തുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബന്ധുക്കളും ആവര്‍ത്തിച്ചതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: