വടകര: ഹോം ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് കുത്തേറ്റന്ന വാര്‍ത്ത പോലീസിനെ അങ്കലാപ്പിലാക്കി. വ്യാഴാഴ്ച രാത്രി 11.50 ഓടെയാണ് വില്യാപ്പള്ളി ഹോം ക്വാറന്റൈനില്‍ കഴിയുന്ന വില്യാപ്പള്ളി അരയാക്കൂല്‍ താഴയിലെ മനത്താനത്ത് ലിജേഷി(42)നെ ഒരാള്‍ വീട്ടില്‍ കയറി കുത്തിയെന്ന വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ വടകര പോലീസ് ലിജേഷിനെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
കെഎംസിസി ഏര്‍പ്പാടാക്കിയ ഈ വീട്ടില്‍ നാലു പേരാണ് നാലു മുറികളിലായി കഴിയുന്നത്. ഇയാള്‍ക്ക് കുത്തേറ്റ വിവരം മറ്റുള്ളവര്‍ അറിഞ്ഞില്ല. കറുത്ത് തടിച്ച് ജീന്‍സ് ധരിച്ച ഒരാള്‍ തന്നെ കത്തി കൊണ്ട് കുത്തി രക്ഷപ്പെെട്ടന്നായിരുന്നു ഇയാള്‍ വില്യാപ്പള്ളിയിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇതോടൊപ്പം വിദേശത്തുള്ള സുഹൃത്തായ പോലീസുകാരനേയും വാട്സ്ആപ്പ് വഴി വിവരം അറിയിച്ചു. ഇതേസമയം തന്നെ പ്രതിയെ കണ്ടെത്താന്‍ റൂറല്‍ എസ്പി പ്രത്യേക നിര്‍ദേശവും നല്കി. വടകര സിഐ പി.എസ്. ഹരീഷിന്റെ നേതൃത്വത്തില്‍ എസ്ഐ ഷറഫുദീനും സംഘവും പ്രതിക്കായി തെരച്ചില്‍ നടത്തി.
വെള്ളിയാഴ്ച രാവിലെ കുത്തേറ്റ ലിജേഷിന്റെ മൊഴി രേഖപ്പെടുത്തലും ചോദ്യം ചെയ്യലും ആരംഭിച്ചതോടെയാണ് കുത്തേറ്റ വിവരം നാടകമാണെന്ന് മനസ്സിലായത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ താന്‍ തന്നെ വിദേശത്തു നിന്നും കൊണ്ടുവന്ന കത്രിക കൊണ്ട് കൈക്കും ശരീരത്തിലും മുറിവേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസിന് മൊഴി നല്കി. ഇത് വഴി പലരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുമെന്നും ഇയാള്‍ കണക്കുകൂട്ടി. സംഭവം രാഷ്ട്രീയ വിവാദമാകുമെന്ന് കണ്ട് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വാദി പ്രതിയായി. നേരത്തെ ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇപ്പോള്‍ ലിജേഷിനെ പ്രതിയാക്കി കേസെടുത്തിരിക്കുകയാണ്. ഏഴ് ദിവസം കോഴിക്കോട് ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈനില്‍ കഴിഞ്ഞ ഇയാള്‍ വ്യാഴാഴ്ചയാണ് വീട്ടില്‍ സൗകര്യം ഇല്ലാത്തതിനാല്‍ കെഎംസിസി ഏര്‍പ്പാടാക്കിയ വീട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: