ചേര്‍ത്തല: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീട്ടിലെത്തി മൊഴിയെടുത്തു. മരണം കൊലപാതകത്തിന് സമാനമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
മരിക്കുന്നതിന് മുന്‍പ് നവമാധ്യമങ്ങളിലൂടെ മഹേശന് പ്രചരിപ്പിച്ച 32 പേജുള്ള കത്തിലെയും ആത്മഹത്യാ കുറിപ്പിലെയും വിവരങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്ന് ചോദ്യംചെയ്യലിനിടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൈക്രോ ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷവും സന്തോഷവാനായാണ് കണ്ടത്. ഇതിന് ശേഷം വന്ന ഫോണ്‍കോളുകളും പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.കെ. മഹേശന്റെ അനന്തിരവന് എം.എസ്. അനില്‍കുമാര്‍, ജ്യേഷ്ഠന് പ്രകാശന്, മകന് ഹരികൃഷ്ണന്, മരുമകള്‍ ഡോ. ആതിര എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം മൊഴിയെടുത്തത്. മഹേശന്റെ ഭാര്യ ആശാദേവി മാനസികമായി തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഇവരില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ ശേഖരിക്കും.
മാരാരിക്കുളം സിഐ എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വീട്ടിലെത്തിയ സംഘം വൈകിട്ട് ആറോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. മഹേശനെ ബുധനാഴ്ച രാവിലെയാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് ഓഫീസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: