തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ സിപിഎം മുഖപത്രം ദേശാഭിമാനിയെ ട്രോളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. കേന്ദ്ര വിദേശകാര്യവകുപ്പ് കേരളത്തെ അഭിനന്ദിച്ചു കത്തെഴുതിയെന്ന് ഇടതു കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു കൃത്യമായ മറുപടിയുമായി വി. മുരളീധരനും രംഗത്തെത്തി. ഇന്നു പുറത്തിറങ്ങിയ ദേശാഭിമാനിയില്‍ ആണ് കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയത്. മുഖപ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെ ആയിരുന്നു- മന്ത്രി പറയുന്നത് കോപ്ലിംമെന്റ് എന്ന പദത്തിന്റെ അര്‍ഥം പ്രശംസ എന്നല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഓക്‌സ്‌ഫോര്‍ഡ് കേംബ്രിഡ്ജ് ഡിക്ഷണറികളെങ്കിലും മറിച്ചു നോക്കാന്‍ അദ്ദേഹം തയാറാകണം.
ഇതിനെ ട്രോളിയാണ് സന്ദീപ് രംഗത്തെത്തിയത്. മുന്‍പ് ദേശാഭിമാനി പത്രത്തിന്റെ ഒന്നാംപേജില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരിരുന്നു. 10 മിനിറ്റില്‍ 60 പട്ടിയെ തിന്ന് ലോക റെക്കോഡ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഇംഗ്ലിഷില്‍ ഹോട്ട്‌ഡോഗ് എന്ന പദം തര്‍ജമ ചെയ്തു ചൂടുള്ള പട്ടി എന്നാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യഥാര്‍ഥത്തില്‍ വിദേശരാജ്യങ്ങളില്‍ ഭക്ഷിക്കുന്ന ഒരുതരം സാന്‍ഡ് വിച്ചായിരുന്നു ഹോട്ട്‌ഡോഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് നിഘണ്ടുക്കളെ ആധാരമാക്കി കേരളത്തില്‍ അച്ചടിക്കുന്ന ഒരേ ഒരു പത്രം എന്ന് കുറിച്ച് ഹോട്ട്‌ഡോഗ് വാര്‍ത്ത ചിത്രം പോസ്റ്റ് ചെയ്താണ് ദേശാഭിമാനിയെ ട്രോളി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: