കോഴിക്കോട്: ബംഗാളിലെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സഖ്യം ദേശീയതലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചൈനയുടെ രഹസ്യ അജണ്ടയുടെ ഭാഗമായി രൂപം കൊണ്ട രാഷ്ടീയ സഖ്യമാണിതെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോണ്‍ഗ്രസ് പിസിസി അദ്ധ്യക്ഷന്‍ സോമന് മിത്രയും സിപിഎം പോള്യൂറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസും ചേര്‍ന്ന് രൂപീകരിച്ച ബംഗാളിലെ സഖ്യത്തിന് സോണിയാഗാന്ധിയുടെയും സിപിഎം ദേശീയ നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.
ചൈനയുടെ താല്പര്യം സംരക്ഷിക്കുകയെന്നതാണ് സിസിസിയെന്ന (കമ്യൂണിസ്റ്റ്-വകോണ്ഗ്രസ്-ചൈന)ത്രികക്ഷി സഖ്യത്തിന്റെ ലക്ഷ്യം. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിനെ അട്ടിമറിച്ച് രാജ്യം ശിഥിലമാക്കി കമ്മ്യൂണിസ്റ്റ് ചൈനയെ പിന്തുണക്കുന്ന പാവസര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനാണ് ചൈന ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഈ രാജ്യദ്രോഹ സഖ്യത്തിന്റെ നിഗൂഢനീക്കം. ബിജെപിയെ തോല്‍പ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ചൈനീസ് പ്രൊഡക്റ്റായ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യത്തിനുള്ളത്. ഇതിന്റെ ഭാഗമായാണ് ഇരുകൂട്ടരും ഭാരത സൈന്യത്തെ വളഞ്ഞിട്ടാക്രമിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയും മക്കളും കോടികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ്-ചൈന ബന്ധവും പുറത്തായിരിക്കുകയാണ്. ചൈനീസ് അക്രമത്തെ അപലപിക്കാന്‍ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. കേരള മുഖ്യമന്ത്രിയും ചൈനീസ് അക്രമത്തെ അപലപിക്കുകയോ കേന്ദ്രസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
ബിജെപി വിരുദ്ധ താല്പര്യം പുലര്‍ത്തുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യകക്ഷികള്‍ ബംഗാള്‍ മോഡല്‍ കേരളത്തിലും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. അണിയറയിലായിരുന്ന ഈ സഖ്യത്തിന് നിയമപരമായ സാധൂകരണം ലഭിച്ചതുകൊണ്ട് കേരളത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിലപാട് വ്യക്തമാക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. രണ്ടു പാര്‍ട്ടികളും രണ്ടു മുന്നണികളുമായി പ്രവര്‍ത്തിക്കുന്നതിന് പകരം ഒറ്റപാര്‍ട്ടിയായി ഇവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. രണ്ടു ഓഫീസുകള്‍ക്കായി അടയ്ക്കുന്ന കറന്റ് ബില്ലെങ്കിലും ലാഭിക്കാം. വരുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ ഇരുമുന്നണികളും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കണം. അധികം വൈകാതെ കേരള രാഷ്ട്രീയത്തില്‍ ബിജെപി-കമ്മ്യൂണിസ്റ്റ് പോരാട്ടമായിമാറും. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഭാരതത്തിന്റെ ഭാഗങ്ങള്‍ ചൈനയിലും പാകിസ്ഥാനിലുമായി ചിത്രീകരിച്ച് മാപ്പ് പ്രസിദ്ധീകരിച്ചതിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണം.
മലയാളികളായ പ്രവാസികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രി വി. മുരളീധരന് സ്വീകരിക്കുന്നത്. ഇടതുസര്‍ക്കാര്‍ പ്രവാസികളുടെ വരവ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വി. മുരളീധരന് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അലോസരപ്പെടുത്തുന്നത്. അദ്ദേഹം ഇനിയും കാര്യങ്ങള്‍ പറയും. പ്രവാസികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താല്പര്യമെങ്കില് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, ജനറല്‍ സെക്രട്ടറി എം. മോഹനന്, സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: