ന്യൂദല്‍ഹി: രാജ്യം മുഴുവന്‍ കൊറോണയ്ക്കെതിരായ പോരാട്ടം നടത്തുമ്പോള്‍ വൈറസ് വ്യാപനം തടയാനായി ‘ചെയ്സിങ് ദ് വൈറസ്’ പദ്ധതി വിജയിപ്പിച്ച് മുംബൈയിലെ ധാരാവി. ന്യൂതന പദ്ധതി വഴി മുംബൈ ധാരാവിയില്‍ രോഗവ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒരു ചതുരശ്ര കിലോമീറ്ററില്‍ 2,27,136 പേര് തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ധാരാവിയില്‍ ഏപ്രിലില്‍ 491 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 12 ശതമാനമായിരുന്നു കൊറോണ വ്യാപനത്തോത്. രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 18 ദിവസം എന്ന നിരക്കിലുമായിരുന്നു. എന്നാല്‍, പദ്ധതിയുടെ ഫലമായി കോവിഡ് വ്യാപന നിരക്ക് മെയ് മാസത്തില്‍ 4.3 ശതമാനമായും ജൂണില്‍ 1.02 ശതമാനമായും കുറയ്ക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് മെയ് മാസം 43 ഉം ജൂണില്‍ 78 ഉം ദിവസമായി മാറ്റാന്‍ കഴിഞ്ഞു.
ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) കീഴില്‍ നടപ്പിലാക്കിയ വൈറസ് പ്രതിരോധ പദ്ധതിയില്‍ രോഗസാദ്ധ്യതയുള്ളവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വയ്ക്കാനും രോഗബാധിതര്‍ക്ക് ശരിയായ ചികിത്സ നല്‍കാനും സാധിച്ചതിലൂടെയാണു കൊറോണ രോഗനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ജനസാന്ദ്രത കൂടിയ ധാരാവിയില്‍ 80 ശതമാനം പേരും പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണു ബിഎംസി അഭിമുഖീകരിച്ചത്.
ട്രെയ്സിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നീ നാലു ‘ടി’കളിലൂടെയാണു ബിഎംസി പ്രധാനമായും പ്രവര്‍ത്തനം നടത്തിയത്. 47,500 പേരെ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വീടുകളിലെത്തി പരിശോധിച്ചു. മൊബൈല്‍ വാനിന്റെ സഹായത്തോടെ 14,970 പേരെയും ബി എം സി വോളണ്ടിയര്‍മ്മാരുടെ നേതൃത്വത്തില്‍ 4,76,775 പേരെയും പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആകെ അഞ്ചര ലക്ഷത്തോളം പേരെയാണ് ധാരാവിയില്‍ പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: