ന്യൂദല്‍ഹി : ജമ്മു കശ്മിര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് ഹൈക്കമ്മിഷന്‍ പ്രോത്സാഹനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മിര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഇവര്‍ക്ക് വിസ ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും പാക് ഹൈക്കമ്മിഷനാണ് നല്‍കി വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭീകര സംഘടനകളില്‍ ചേരുന്നതിനായി യുവാക്കള്‍ക്ക് പാക് ഹൈക്കമ്മിഷന്‍ സഹായം നല്‍കുന്ന വിവരം ലഭിച്ചത്. വധിക്കപ്പെട്ട ഭീകരര്‍ 2018 ല്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസയില്‍ പാക്കിസ്ഥാനിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 399 വിസകളാണ് ഹൈക്കമ്മിഷന്‍ ജമ്മു കശ്മീരിലെ യുവാക്കള്‍ക്കായി അനുവദിച്ചത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഈ വിസകള്‍ അനുവദിച്ചിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും ലഷ്‌കര്‍ ഇ തോയ്ബ അടക്കമുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നതായാണ് സൂചന.
പാക് ഹൈക്കമ്മിഷന്‍ വിസ അനുവദിച്ച 399 പേരില്‍ 218 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെല്ലാം വിവിധ ഭീകര സംഘടനകളില്‍ അംഗങ്ങളായെന്നാണ് സൂചന. കശ്മീര്‍ താഴ്‌വരയിലെ ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന് പങ്കാളിത്തമുള്ളതായി നേരത്തേയും പല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: