തിരുവനന്തപുരം: പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് പാസ്പോര്‍ട്ട് അപേക്ഷകനില്‍ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ആറു വര്‍ഷത്തെ തടവും അമ്പതിനായിരം രൂപ പിഴയും തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിച്ചു. തിരുവനന്തപുരം സിറ്റി തുമ്പ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ നവാസിനെയാണ് വിജിലന്‍സ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
പിഴയൊടുക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി ഹേമലത വിധിയില്‍ വ്യക്തമാക്കി. പൊതുസേവകന് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കല്‍ പ്രകാരം മൂന്നു വര്‍ഷം തടവനുഭവിക്കുകയും മുപ്പതിനായിരം രൂപ പിഴയൊടുക്കുകയും ചെയ്യണം. ജയില്‍ ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. അതിനാല്‍ മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് അമ്പതിനായിരം രൂപ പിഴ ഒടുക്കണം.
2012 നവംബര്‍ 21 ആണ് കേസിനാസ്പദമായ സംഭവം. പാസ്പോര്‍ട്ട് വെരിഫിക്കേഷന് പോലീസ് ക്ലിയറന്‍സ് നല്കാന് ആയിരം രൂപ കൈക്കൂലി തന്നാല്‍ മാത്രമേ അപേക്ഷയില്‍ ക്ലിയറന്‍സ് റിപ്പോര്‍ട്ട് അയക്കുകയുള്ളൂവെന്ന് പറഞ്ഞ് നവാസ് അപേക്ഷകനായ രതീഷിനോട് തുക ആവശ്യപ്പെട്ടു. രതീഷിന്റെ പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കെണിയൊരുക്കിയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരന് കൊണ്ടുവന്ന ആയിരം രൂപ കൈക്കൂലി പണം കൈപ്പറ്റിയ ഉടന്‍ വിജിലന്‍സ് സംഘം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: