കാസര്‍കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന് കൈയ്യാമം വെച്ച അടിയന്തരാവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തിയവരെ ആദരിക്കുന്നില്ലെങ്കിലും അനാദരിക്കരുതെന്ന് അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന സെക്രട്ടറി വി.രവീന്ദ്രന് പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മറ്റി 45-ാം വാര്‍ഷികാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന സമരസേനാനി മാവിലാ കൃഷ്ണന് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
ജയില്ഭിത്തികള്ക്കും കയ്യാമങ്ങള്ക്കും കാല് ചങ്ങലകള്‍ക്കും കെടുത്തിക്കളയാന്‍ കഴിയാത്ത ആത്മചൈതന്യം തുളുമ്പിയ സമര ഭടന്മാരെ അനാദരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
രാജ്യമാസകലം ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേരാണ് സമരം ചെയ്ത് ജയിലില്‍ കിടന്നത്. സ്വാതന്ത്ര്യ സമരത്തിന് പോലും ഇത്രയധികം ആളുകള്‍ ജയലില്‍ കിടന്നിട്ടില്ല. ആ തലമുറ നടത്തിയ സമരത്തിന്റെ ഫലമാണ് നമ്മുടെ രാജ്യം ഇന്ന് ജനാധിപത്യം അനുഭവിക്കുന്നത്. കേരളത്തില്‍ മാത്രം എഴായിരത്തോളം ആളുകള്‍ ജയലില്‍ കിടന്നിട്ടുണ്ട്. അവരില്‍ ഭൂരിപക്ഷവും പോലീസിന്റെ മര്‍ദ്ധനത്തിന്റെ ഫലമായി നിത്യരോഗികളായി മാറിയിരിക്കുകയാണ്. ഇവിടെ കയ്യൂരും കാവുമ്പായിലും വയലാറിലും പുന്നപ്രറയിലും നടന്ന പ്രാദേശിക സമരത്തെ സ്വതന്ത്രൃ സമരത്തില്പ്പെടുത്തി ആനുകൂല്യങ്ങള്‍ കൊടുക്കുമ്പോള്‍ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തെ അവഗണിക്കുന്നത് നീതികരിക്കാന്‍ കഴിയില്ല.
അതുകൊണ്ട് ഇത് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് വി.രവീന്ദ്രന് ആവശ്യപ്പെട്ടു. അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാ ട്രഷറര്‍ മാബല റൈ സ്വാഗതവും മഹാബലനായക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: