ന്യൂദല്‍ഹി: അടിയന്തരാവസ്ഥയുടെ കറുത്തിരുണ്ട നാളുകളില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ വീറോടെ പൊരുതിയവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും.
1975 ജൂണ്‍ 25നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. ഇതിനെതിരെ പൊരുതിയവരുടെ ത്യാഗങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ല, മോദി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മന് കീ ബാത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും മോദി ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ഇപ്പോഴും അടിയന്തരാവസ്ഥക്കാലത്തെ മനോഭാവം നിലനില്‍ക്കുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ട സമയമാണിതെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കുടുംബാധിപത്യത്തില്‍ പെടാത്ത നേതാക്കള്‍ക്ക് ഇപ്പോഴും ഒന്നും തുറന്നുപറയാന്‍ പറ്റാത്തത് എന്തുകൊണ്ട്? കോണ്‍ഗ്രസിലെ നേതാക്കള്‍ എന്തുകൊണ്ട് മോഹഭംഗമുള്ളവരാകുന്നു? അവര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം അകലുന്നു.
കോണ്‍ഗ്രസ് വക്താക്കളെ തുറന്നു പറഞ്ഞതിന് പുറത്താക്കുന്നു… അമിത് ഷാ തുടര്‍ന്നു. ഒരു പത്രത്തിലെ ലേഖനത്തില്‍ പാര്‍ട്ടിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായെ അടുത്തിടെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: