കൊച്ചി : വാര്‍ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് മക്കള്‍ സ്വന്തം കാര്യം നോക്കുന്നത് പലപ്പോഴും വാര്‍ത്തയാകുന്നുണ്ട്. ഇപ്പോള്‍ ഒരു എഞ്ചിനീയറുടെ എഴുത്താണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രായാധിക്യവും ഓര്‍മ്മക്കുറവും ഉള്ള സ്വന്തം അമ്മയം പരിചരിക്കുന്നതാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സോമരാജന് പണിക്കര്‍ എന്ന ബയോമെഡിക്കല്‍ എഞ്ചിനീയറുടെ ഒരു ദിവസത്തിന്റെ തുടക്കമാണ് അതില്‍ വിവരിക്കുന്നതെങ്കിലും വായനക്കാരുടെ കണ്ണ് നിറയിക്കും. ചിലപ്പോള്‍ നമുക്ക് പരിചയമുള്ളതോ കേട്ടറിവുള്ളതോ ഏതെങ്കിലും ആളുകളുമായി സാമ്യം തോന്നിക്കും. ഇത് പോലൊരു മകന് അല്ലെങ്കില്‍ സഹോദരനെ ലഭിച്ചെങ്കില്‍ എന്ന് പലരും ചിന്തിച്ചു പോകും.
ഒരമ്മയ്ക്ക് മകന്റെ ആവശ്യം എന്താണ്. പണവും, സമ്മാനങ്ങളും ഒന്നുമല്ല. അവരോടൊപ്പം അല്‍പ്പം സമയം ചെലവിട്ടാല്‍ മതി. രാവിലെ അമ്മയെ ഏഴുന്നേല്‍പ്പിച്ച് പ്രാഥമികാവശ്യങ്ങള്‍ ഉള്‍പ്പടെ നിര്‍വഹിക്കാന്‍ സഹായിക്കും. ഭക്ഷണം നല്കി മാഞ്ഞു തുടങ്ങിയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാനും മറുപടിയായി എന്തെങ്കിലും ഒരു വാക്കോ ഒരു നോട്ടമോ ലഭിച്ചാല്‍ മതി സോമരാജന് സംതൃപ്തിയായി.
അമ്മ സോമരാജന്റെ പേര് മറന്നിട്ട് വര്‍ഷങ്ങളായി. അടുത്ത കാലം വരെ അച്ഛന്റെ പേര് പറയുമായിരുന്നു. ഇപ്പോള്‍ അതും മറന്നു. എന്നിട്ടും അദ്ദേഹം കാത്തിരിക്കുകയാണ് തന്നെ തിരിച്ചറിഞ്ഞ് പേര് വിളിക്കുന്നതിനായി. തിരക്കിനിടയില്‍ മാതാപിതാക്കളെ വിളിക്കാനോ അടുത്തുചെല്ലാനോ സമയം കിട്ടാതിരിക്കുന്ന അല്ലെങ്കില്‍ മനപ്പൂര്‍വ്വം സമയമില്ലെന്ന് പറയുന്നവര്‍ക്കിടയില്‍ ചിലപ്പോള്‍ സോമരാജന് എന്ന വ്യക്തി വ്യത്യസ്തനായിരിക്കും. യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ നമ്മുടെ ഏറ്റവും വലിയ സന്തോഷവും കരുതലുമായി കരുതുന്ന, മനുഷ്യത്വവും അനുകമ്പയും കൈമുതലായുള്ള ഒു സമൂഹവും നമുക്കിടയിലുണ്ട് അവരുടെ ഒരു ചെറിയ പ്രതിനിധി മാത്രമാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: