വാഷിങ്ടണ്‍: ചൈനയുടെ മുതിര്‍ന്ന സൈനിക മേധാവിയുടെ നിര്‍ബന്ധപ്രകാരമാണ് ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യം ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിച്ചതെന്ന് യുഎസ് ഇന്റലിജന്‍സ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പടിഞ്ഞാറന്‍ തീയറ്റര്‍ കമാന്‍ഡ് മേധാവി സഹോ സൊഹ്ക്വിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സംഘര്‍ഷമുണ്ടാക്കിയത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു. ഇന്ത്യയെ പാഠം പഠിപ്പിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. ഇതിനുവേണ്ടി ഉണ്ടാക്കിയ സംഘര്‍ഷത്തിലാണ് ഇന്ത്യയുടെ 20 ധീര ജവാന്മാര് വീരമൃത്യു വരിച്ചത്.
ഇരു രാജ്യങ്ങളുടെയും ഇടയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ചൈനയുടെ ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ ബീജിങ് ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് സംഘര്‍ഷം ഉണ്ടായതെന്നുമാണ് ആരോപണം.
ചൈനയുടെ പദ്ധതികള്‍ പാതി വഴിയില്‍ത്തന്നെ തിരിച്ചടിച്ചു. ഇന്ത്യയെ വിരട്ടി കൂടെ നിര്‍ത്താനുള്ള ശ്രമം തകര്‍ന്നു. അഞ്ചാം തലമുറ മൊബൈല്‍ സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചൈനീസ് കമ്പനിയായ ഹുവായ്യുടെ സേവനം വേണ്ടെന്നുവച്ചതും ടിക് ടോക് അടക്കമുള്ള നവമാധ്യമങ്ങള്‍ ഇന്ത്യന്‍ ജനത ബഹിഷ്കരിക്കുന്നതും ചൈനയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയായി.
ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ തയാറാകുകയാണ്. ചൈന ആഗ്രഹിച്ചതില്നിന്നു നേരെ വിപരീതമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും യുഎസ് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: