പോത്തൻകോട്: ആർഎസ്എസ് നന്നാട്ടുകാവ് മണ്ഡൽ കാര്യവാഹിന്റെ വീട്ടിനു മുന്നിൽ റീത്ത് വച്ച് വധഭീഷണി ഉയർത്തിയ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോത്തൻകോട്, വെമ്പായം, വട്ടപ്പാറ പ്രദേശങ്ങളിലെ പൂക്കടകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി സുരേഷ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് സംഭവം. നന്നാട്ടുകാവ് മണ്ഡൽ കാര്യവാഹും പന്തലക്കോട് ശാന്തി ഭവനിൽ എം.എസ്. രാകേഷ് (ശ്രീകുമാർ, 27)ന്റെ വീട്ടിനു മുന്നിലെ ചുറ്റുമതിലിലാണ് റീത്ത് വച്ചത്. റീത്തിനു മുകളിൽ രാകേഷിന്റെ നാട്ടിലെ വിളിപ്പേരായ ശ്രീകുമാർ എന്ന് എഴുതി ചേർത്തു വച്ചാണ് റീത്ത് ചുറ്റുമതിൽ കെട്ടി നിർത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് പന്തലക്കോട് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. വെമ്പായം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബി.എസ്. പ്രസാദ് പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് രാകേഷിന്റെ വീട് സന്ദർശിച്ചു. സിപിഎമ്മുകാർ ബിജെപിയിലേക്ക് വരുന്നത് തടയാൻ സിപിഎമ്മിന്റെ ഗുണ്ടായിസം കൊണ്ട് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ജില്ലാ സെക്രട്ടറി എം. ബാലമുരളി, സംസ്ഥാന കമ്മറ്റിയംഗം പൂന്തുറ ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, സ്വപ്‌ന സുദർശനൻ, സുരേഷ് പട്ടത്താനം, ബി.എസ്. പ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: