തൃശൂര്‍: രമേശ് ചെന്നിത്തലക്കെതിരെ ഐ ഗ്രൂപ്പില്‍ പടനീക്കം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിന് കെ. മുരളീധരന്റെയും പത്മജ വേണുഗോപാലിന്റെയും പിന്തുണ. വേണുഗോപാലിന്റെ പിന്തുണയോടെ തൃശൂര്‍ ഡിസിസി പ്രസിഡന്റായി എം.പി. വിന്‍സെന്റ് ചുമതലയേല്‍ക്കും.
ചെന്നിത്തലയെ ഒതുക്കാനുള്ള നീക്കത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എഗ്രൂപ്പും കെ.സി. വേണുഗോപാലിനെ തുണയ്ക്കുന്നു. തൃശൂരില്‍ വിന്‍സെന്റിനെ എതിര്‍ക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. പകരം കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ നോമിനിയെ വേണുഗോപാല്‍ വിഭാഗം പിന്തുണയ്ക്കും.
നിലവില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ഗ്രൂപ്പുകാരനായ ടി. സിദ്ദിഖാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ്. സിദ്ദിഖ് തുടരാനാണ് സാധ്യത. മറ്റ് ജില്ലകളിലും രഹസ്യ ധാരണയോടെ നീങ്ങാനാണ് തീരുമാനം. നിലവില്‍ ഏഴ് ഡിസിസി പ്രസിഡന്റുമാര്‍ ഐ ഗ്രൂപ്പിനും ആറ് എ ഗ്രൂപ്പിനും ഒന്ന് കെ. സുധാകരനും എന്നതാണ് ഫോര്‍മുല. ഇതില്‍ മാറ്റം വരാനിടയില്ല. കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനി എ ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോള്‍ സുധാകരന്റെ കൂടെയാണ്.
വേണുഗോപാലിന്റെ നീക്കം ഐ ഗ്രൂപ്പില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കളില്‍ വലിയ വിഭാഗം ചെന്നിത്തലയെ കൈവിട്ടതായാണ് വിവരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയ്ക്കെതിരായ നീക്കത്തിന് പിന്തുണ നല്കുന്നു.
പാര്‍ട്ടി പുനഃസംഘടനയേക്കാള്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണിത്. സംസ്ഥാനത്തെ ഐ ഗ്രൂപ്പിന്റെ നേതൃത്വം പൂര്‍ണമായും തന്റെ കൈയില്‍ ഒതുങ്ങണമെന്ന താത്പര്യത്തിലാണ് വേണുഗോപാലിന്റെ കരുനീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും ദേശീയ നേതൃത്വത്തിലെ സ്വാധീനവും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ വേണുഗോപാലിനെ സഹായിക്കും.
പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന അഭിപ്രായം ദേശീയ നേതൃത്വത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം ആവശ്യപ്പെടാനാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നീക്കം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഐക്കാര്‍ ഇതിനെ പിന്തുണയ്ക്കുന്നതോടെ ചെന്നിത്തലയുടെ മുഖ്യമന്ത്രിപദ മോഹം പരുങ്ങലിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: