ന്യൂദല്‍ഹി: ജൂണ്‍ 15ന് സംഘര്‍ഷമുണ്ടായ ഗല്‍വാന്‍വാലിയില്‍ നിന്ന് ചൈനീസ് സൈന്യം ഭാഗികമായി പിന്മാറി. പട്രോളിങ് പോയിന്റ് 14ന് സമീപം നിലയുറപ്പിച്ചിരുന്ന സൈനികരുടെ എണ്ണത്തില്‍ കുറവു വരുത്തിയ ചൈന, ഇവിടെനിന്നും സൈനിക വാഹനങ്ങള്‍ പൂര്‍ണമായും പിന്നിലേക്ക് മാറ്റി. എന്നാല്‍ സൈനിക ടെന്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഗല്‍വാന്‍വാലി, പാങ്ഗോങ് തടാകം എന്നിവിടങ്ങളില്‍നിന്ന് പിന്മാറുമെന്ന് ഇന്ത്യ – ചൈന കോര്‍കമാന്‍ഡര്‍ തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് നടപടി.
എന്നാല്‍ ഗല്‍വാന്‍വാലിയില്‍ ഇന്ത്യന്‍ സൈഡിലുള്ള ഉന്നത പ്രദേശങ്ങളില്‍ സൈന്യം പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മലകള്‍ക്ക് മുകളിലെ ആധിപത്യമാണ് ഇന്ത്യയുടെ ലക്ഷ്യം. മലകള്‍ക്ക് മുകളിലൂടെ ചൈനീസ് സൈന്യത്തെ ലക്ഷ്യമിട്ടുള്ള പുതിയ പട്രോളിങ് റൂട്ടുകളും കരസേന തുറന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ നിലവിലുള്ള എല്ലാ സൈനിക കരാറുകളും ലംഘിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി അതിര്‍ത്തയില്‍ പിഎല്‍എ സൈനികര്‍ പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ജൂണ്‍ 15ന് ഗല്‍വാന്‍വാലിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത് ഈ സമീപനമാണ്. മെയ് ആദ്യവാരം ചൈനീസ് സൈന്യം മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കി. ഇതിനെതിരെ സൈനികനയതന്ത്ര തലത്തില്‍ ഇന്ത്യ അപ്പോള്‍ത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ വടക്കന്‍ സെക്ടറിലെ മുഴുവന്‍ പ്രദേശങ്ങളിലും സമാന നിലപാടിലേക്ക് ചൈന എത്തുകയായിരുന്നു, വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ജൂണ്‍ 6നും 22നും കോര്‍ കമാന്‍ഡര്‍മാരും ജൂണ്‍ 17ന് വിദേശകാര്യമന്ത്രിമാരും നടത്തിയ ചര്‍ച്ചകളിലെ തീരുമാനം അതിര്‍ത്തിയില്‍ നടപ്പാക്കേണ്ടതുണ്ടെന്നും എല്‍എസിയുടെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരു വിധ ശ്രമങ്ങളും ഉണ്ടാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ എല്‍എസിയില്‍ മാറ്റംവരുത്താനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടന്നാല്‍ അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യന്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: