Categories: Article

അടിയന്തരാവസ്ഥക്കാലത്തെ കോടതികള്‍

‘ജനാധിപത്യം നിര്യാതനായി’ 1975 ജൂണ്‍ 26 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ മുഖപ്രസംഗത്തിന്റെ ശീര്‍ഷകം ഇതായിരുന്നു. ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയായിരുന്നു കാബിനറ്റിന്റെ പോലും അറിവില്ലാതെ ഇന്ദിരാഗാന്ധി നല്‍കിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ രാഷ്‌ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് തുല്യം ചാര്‍ത്തിയത്. ഈ അടിയന്തരാവസ്ഥ, ഭാരതം നേരിടുന്ന മൂന്നാമത്തെ അടിയന്തരാവസ്ഥയായിരുന്നു. 1962-ല്‍ പണ്ഡിറ്റ് നെഹ്റുവാണ് ആദ്യമായി ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭാരത-ചീന യുദ്ധം കാരണം കാണിച്ചായിരുന്നു ആ പ്രഖ്യാപനം. എന്നാല്‍ 65-ല്‍ യുദ്ധം കഴിഞ്ഞിട്ടും 68 വരെ അത് നീണ്ടു.

ഈ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് ജുഡീഷ്യറിയുടെ ഇടപെടലുകള്‍ കാരണമായി. നിരവധി നിയമജ്ഞര്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജ. സുബ്ബറാവു, അടിയന്തരാവസ്ഥ റദ്ദാക്കിയില്ലെങ്കിലും ആ സമയത്തെ അതിക്രമങ്ങളെ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന് 68 ജനുവരിയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. രണ്ടാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1971-ല്‍ ആണ്. ഭാരത-പാക് യുദ്ധം ചൂണ്ടിക്കാട്ടിയാണ് അത് പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ദിരയ്‌ക്ക് എതിരെ രൂപംകൊണ്ട നേതാക്കന്മാരുടെ നിരയടക്കം പല രാഷ്‌ട്രീയ കാരണങ്ങളും അതിനുണ്ട്. നിയമ രംഗത്തെ ചില സംഭവങ്ങള്‍ കൂടി അതിന് കാരണമാണ്.  ബാങ്ക് ദേശസാല്‍കൃത കേസിലും, രാജാക്കന്മാര്‍ക്ക് അനുവദിച്ച പ്രിവിപേഴ്സ് നി

ര്‍ത്തലാക്കിയ കേസിലും ഇന്ദിരാഗാന്ധിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടി. ഇത് മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നുവെങ്കിലും, അടിയന്തരാവസ്ഥയാണ് അഭികാമ്യം എന്ന് അവരുടെ കൊട്ടാരവൃന്ദം അവരെ ബോധ്യപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഈ അടിയന്തരാവസ്ഥ നിലവിലിരിക്കെയാണ് മൂന്നാം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഒരു അടിയന്തരാവസ്ഥ നിലവില്‍ ഇരിക്കുമ്പോള്‍ മറ്റൊന്ന് പ്രഖ്യാപിക്കുന്നതിന്റെ സാംഗത്യം മന്ത്രിസഭാംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയെന്ന്, അടിന്തരാവസ്ഥയെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാമത്തെ അടിയന്തരാവസ്ഥയായിരുന്നു ഭീകരമായി നടപ്പിലാക്കിയത്. ഇന്ദിരയുടെ ദല്‍ഹി, ഹിറ്റ്ലറുടെ ബെര്‍ലിന്‍ പോലെയും സ്റ്റാലിന്റെ  മോസ്‌കോ പോലെയും ഭീതിജനിപ്പിക്കുന്ന ഒന്നായി മാറി എന്നതാണ് അതിന്റെ കാരണം. ഇന്ദിരയും സഞ്ജയ് ഗാന്ധിയും അവരുടെ കൊട്ടാരവൃന്ദവും എല്ലാ മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തി. ലോക്കപ്പ് മരണങ്ങളും നിര്‍ബന്ധിത വന്ധ്യംകരണവും അവയില്‍ ചിലത് മാത്രം. ഈ അടിയന്തരാവസ്ഥയിലേക്ക് നയിച്ചത് അനേകം സാമൂഹിക രാഷ്‌ട്രീയ കാരണങ്ങളാണ്, എന്നാല്‍ ചില നിയമപരമായ കാരണങ്ങളും കോടതി നടപടികളും അതിന് കാരണങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ് നാരായണ്‍ ഇന്ദിരയ്‌ക്കെതിരെ കൊടുത്ത തെരഞ്ഞെടുപ്പ് ഹര്‍ജിയാണ്. ആ കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജ. ജഗ്മോഹന്‍ ശര്‍മ്മ , ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് കുറ്റകൃത്യം നടത്തിയതായി കണ്ട് അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ആറ് വര്‍ഷത്തേക്ക് ഒരു ഔദ്യോഗിക പദവിയും വഹിക്കരുതെന്നും ഉത്തരവിട്ടു. ഇതിനെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഈ വിധിക്ക് സോപാധിക സ്റ്റേ നല്‍കി.

73 ലെ കേശവാനന്ദ ഭാരതി കേസിലെ വിധിയാണ് ഇന്ദിരാഗാന്ധിയെയും അവരുടെ കൊട്ടാരവൃന്ദത്തെയും ചൊടിപ്പിച്ച മറ്റൊരു സംഭവം.  ഭരണഘടനാ ഭേദഗതി കൊണ്ട് ഭരണഘടന തന്നെ മാറ്റിമറിക്കാം എന്ന ഇന്ദിരാഗാന്ധിയുടെ പദ്ധതികള്‍ക്ക് ഏറ്റ തിരിച്ചടിയാണ്, ഭരണഘടനാ ഭേദഗതികള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകരുത് എന്നുള്ള ഈ കോടതി വിധി. 13 പേരടങ്ങിയ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സിക്രിയും ജസ്റ്റിസുമാരായ ഹെഗ്ഡെ, ജ: മുഖര്‍ജി, ഷെലാത്ത്, ഗ്രോവര്‍, ജഗ്മോഹന്‍ റെഡ്ഡി, എച്ച്.ആര്‍. ഖന്ന എന്നീ ഏഴ് പേരാണ് ഐതിഹാസികമായ ഈ ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചത്. ആറ് പേര്‍ ഈ വിധിയുമായി വിയോജിച്ചു. തികഞ്ഞ വൈര്യനിരാതന ബുദ്ധിയോടെയാണ് ഇന്ദിര ഈ ഉത്തരവിനോട് പ്രതികരിച്ചത്. ചീഫ് ജസ്റ്റിസ് സിക്രിയുടെ കാലാവധി കഴിയാറായിരുന്നു. തൊട്ടടുത്ത സീനിയര്‍ ജഡ്ജി ചീഫ് ജസ്റ്റിസാകുക എന്നതായിരുന്നു അതുവരെയുള്ള കീഴ്വഴക്കം. എന്നാല്‍ ഈ കേസില്‍ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം സീനിയര്‍ ജഡ്ജിമാരായ ഷെലാത്ത്, ഹെഗ്ഡെ, ഗ്രോവര്‍ എന്നിവരെ മറികടന്ന് നാലാമനായ ജസ്റ്റിസ് എ.എന്‍. റേയെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസായി നിയമിച്ചു. തുടര്‍ന്ന് മറികടക്കപ്പെട്ടവര്‍ രാജിവച്ചു. ഇത് ജുഡീഷ്യറിയിലെ ഐക്യത്തിനും തുരങ്കം വച്ചു.

സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസ് നിയമനം നടത്താന്‍ ആദ്യ ചീഫ് ജസ്റ്റിസ് കനിയയുടെ കാലംതൊട്ടേ ശ്രമം നടന്നു, അന്ന് ജൂനിയര്‍ ജഡ്ജിമാര്‍ അത് എതിര്‍ത്തു. പതഞ്ജലി ശാസ്ത്രിക്ക് പകരം ബി.കെ. മുഖര്‍ജിയെ ചീഫാക്കാനായിരുന്നു നെഹ്റുവിന് താല്‍പര്യം. ഇത് ജ: മുഖര്‍ജി തന്നെ ശക്തിയുക്തം എതിര്‍ത്തു. പി

ന്നീട് ജസ്റ്റിസ് ഹിദായത്തുള്ളയും സമാനമായ നിലപാട് എടുത്തു. ഈ ഐക്യവും പാരമ്പര്യവും തകര്‍ത്തുകൊണ്ട് ജസ്റ്റിസ് റേ ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. തൊട്ടടുത്ത ദിവസം എം.സി. ഡെറ്റല്‍വാദ്, എം.സി. ചഗ്ള, നാനി പാല്‍ക്കിവാല എന്നിവര്‍ ഉള്‍പ്പെടുന്ന നിയമജ്ഞര്‍ പ്രതിഷേധിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മറികടക്കലിനെതിരെ പ്രമേയം പാസ്സാക്കി. അസോസിയേഷന്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് വക്താവ് മനു സിംഗ്‌വിയുടെ പിതാവുമായ ഡോ. എല്‍.എന്‍. സിംഗ്‌വി, റേയെ നേരിട്ട് കണ്ട് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുകയാണ് എന്ന് പറഞ്ഞു. ചെന്നൈ, ബോംബെ അസോസിയേഷനുകള്‍ ഒരു ദിവസം കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. പാര്‍ലമെന്റില്‍   ഈ വിഷയം ഏഴ് മണിക്കൂറോളം ചര്‍ച്ച ചെയ്തു. നേതാക്കന്മാരായ എ.ബി. വാജ്പേയ്, എ.കെ.ജി, എന്നിവര്‍ ശക്തമായ ഭാഷയില്‍ ഇന്ദിരയുടെ നടപടിയെ അപലപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് സുബ്ബറാവുവിന്റെ കാലംതൊട്ടേയുള്ള ജുഡീഷ്യല്‍ ഗൂഢാലോചനയുടെ ഭാഗമാണ് ഈ വിധിയെന്ന വാദം ഇന്ദിരയും, ബറുവയും, ആന്തുലയും ഉയര്‍ത്തി.

എസ്.എം.സിക്രി, ജെ. എം.ഷെലാത്ത്, കെ.എസ്. ഹെഗ്ഡെ, എ.എന്‍. ഗ്രോവര്‍, പി.ജഗ്മോഹന്‍ റെഡ്ഡി, എ.കെ. മുഖര്‍ജി, എച്ച്.ആര്‍. ഖന്ന

ഈ കേസും 75 ലെ അടിയന്തരാവസ്ഥയ്‌ക്ക് കാരണമായി. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ തന്റെ ‘ചിരകാല ശത്രുവായ’ ജുഡീഷ്യറിയെ തകര്‍ക്കാനുള്ള ഒരു അവസരവും ഇന്ദിര പാഴാക്കിയില്ല. അടിയന്തരാവസ്ഥക്കെതിരെ വിധി പറഞ്ഞ 16 ഹൈക്കോടതി ന്യായാധിപന്മാരെ അവരുടെ മാതൃ ഹൈക്കോടതികളില്‍ നിന്ന് സ്ഥലം മാറ്റി. സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പി.എം.മുഖിക്ക് ഹൃദയാഘാതം ഉണ്ടായി. അതേ കോടതിയിലെ ജഡ്ജിയായിരുന്ന നിയമന്ത്രി ഗോഖ്ലെ ഇടപെട്ട് ആ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചുവെങ്കിലും, അധികം വൈകാതെ ജ.മുഖി മരണത്തിന് കീഴടങ്ങി. ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജി യു.ആര്‍. ലളിതിന്റെ പിതാവും ഹൈകോടതി ജഡ്ജിയുമായിരുന്ന ജ: യു.യു. ലളിതിന്റെയും ജസ്റ്റിസ് ആര്‍.എന്‍. അഗര്‍വാളിന്റെയും നിയമനം സര്‍ക്കാര്‍ നീട്ടിയില്ല. സര്‍ക്കാരിനോടൊപ്പം നിന്നില്ലെങ്കില്‍ നിങ്ങളുടെ യാത്ര ദുഷ്‌കരമായിരിക്കും എന്ന സന്ദേശമാണ് ഇന്ദിരാഗാന്ധി ജുഡീഷ്യറിക്ക് നല്‍കിയത്.

ഇതിനിടെ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി 1975 നവംബര്‍ ഏഴിന് സുപ്രീംകോടതി റദ്ദാക്കി. വിധി വന്ന് മൂന്ന് ദിവസത്തിന് ശേഷം ജസ്റ്റിസ് റേ, കേശവാനന്ദ ഭാരതി കേസിലെ വിധി പുനഃപരിശോധിക്കാന്‍ ശ്രമിച്ചു. പുനഃപരിശോധനാ ഹര്‍ജി ആര് നല്‍കി എന്നത് ഇന്നും അജ്ഞാതം. കേസില്‍ ഹാജരായ പല്‍ക്കിവാല ഈ ശ്രമത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് പുനഃപരിശോധനയ്‌ക്കായി രൂപീകരിച്ച ബെഞ്ച് ജസ്റ്റിസ് റേ പി

രിച്ചുവിട്ടു. അടിയന്തരാവസ്ഥയിലെ മറ്റൊരു പ്രധാന നിയമ നടപടി എഡിഎം ജബല്‍പൂര്‍ വി. ശിവകാന്ത് ശുക്ല എന്ന ‘ഹേബിയസ് കോര്‍പ്പസ്’ കേസാണ്. കരുതല്‍ തടങ്കലുകള്‍ ചോദ്യം ചെയ്ത ഹര്‍ജിയായിരുന്നു അത്. ചീഫ് ജസ്റ്റിസ് റേ അധ്യക്ഷനായ ഒരു ബെഞ്ചാണ് ആ കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് ഖന്നയും ആ അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്നു. അടിയന്തരാവസ്ഥ സമയത്ത് പൗരന് കോടതികളെ സമീപിക്കാന്‍ അവകാശമില്ലായെന്നാണ് ജസ്റ്റിസ് റേയുടെ നേതൃത്വത്തിലുള്ള നാല് പേരുടെ ഭൂരിപക്ഷ വിധി പറഞ്ഞത്. ജസ്റ്റിസ് ഖന്ന ശക്തമായ വിയോജന കുറിപ്പ് എഴുതി. അടിയന്തരാവസ്ഥ മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഇല്ലാതാക്കില്ലായെന്ന് അദ്ദേഹം ന്യൂനപക്ഷ വിധിയില്‍ കുറിച്ചു.

ഈ സര്‍ക്കാരിനെതിരെ ന്യൂനപക്ഷ വിധി പറഞ്ഞ ജ: ഖന്നയ്‌ക്ക് വലിയ വില നല്‍കേണ്ടി വന്നു. ജസ്റ്റിസ് റേയ്‌ക്ക് ശേഷം ചീഫാകേണ്ടിയിരുന്നത് ജസ്റ്റിസ് ഖന്നയായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി വീണ്ടും ജുഡീഷ്യറിയില്‍ ഇടപെട്ടു. ജസ്റ്റിസ് ഖന്നയ്‌ക്ക് പകരം ജസ്റ്റിസ് ബേഗിനെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസാക്കി നിയമിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ഖന്ന രാജിവെച്ചു. ഭാരതത്തില്‍ എന്നെങ്കിലും ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ എച്ച്.ആര്‍. ഖന്നയ്‌ക്ക് ഉചിതമായ സ്മാരകം പണിയുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രവചനം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഇന്നും സുപ്രീംകോടതിയുടെ രണ്ടാം നമ്പര്‍ മുറിയില്‍ ജസ്റ്റിസ് ഖന്നയുടെ ഛായാചിത്രമുണ്ട്.

ഭരണഘടനയില്‍ ഇടപെടാന്‍ ഇന്ദിരാ സര്‍ക്കാര്‍ വീണ്ടും ശ്രമങ്ങള്‍ നടത്തി. അതിനായി സവരണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. ആ കമ്മീഷന്റെ ശുപാര്‍ശകളെയും മറികടന്നാണ് 42-ാം ഭരണഘടനാ ഭേദഗതികള്‍ ഇന്ദിരാഗാന്ധി നടപ്പിലാക്കിയത്. ഭരണകൂടത്തിന് അനിയന്ത്രിതമായ അവകാശങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഭേദഗതിയായിരുന്നു ഇത്. പക്ഷേ ഈ ഭേദഗതി ജനതാ സര്‍ക്കാര്‍ കൊണ്ടുവന്ന 44-ാം ഭേദഗതികൊണ്ട് റദ്ദാക്കി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഗ്രഹണ കാലമായിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക