പെരുമ്പാവൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളില്‍ ഒരാള്‍ക്ക് കൊറോണ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് താത്ക്കാലികമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ബുധനാഴ്ച സംശയാസ്പദമായ സാഹചര്യത്തില്‍ പാലക്കാട്ട്താഴത്ത്നിന്ന് പെരുമ്പാവൂര്‍ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത പ്രതികളില്‍ ഒരാള്‍ക്കാണ് രോഗബാധയുണ്ടെന്ന സംശയമുയര്‍ന്നത്. ഇയാള്‍ക്ക് ശക്തമായ ചുമയും പനിയുമുണ്ടെന്നും താന്‍ കൊറോണ രോഗബാധയുള്ള ഒരാള്‍ക്ക് ഒപ്പം കഴിഞ്ഞിട്ടുണ്ടെന്നും പോലീസിന് മൊഴി നല്കി. ഇതേതുടര്‍ന്ന് രണ്ട് പ്രതികളുടെയും സ്രവം പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്ന് ഇവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റി.
പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താത്ക്കാലികമായി പിന്നീട് ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനും പരിസരവും അഗ്നിരക്ഷാ സേനയെത്തി പൂര്‍ണ്ണമായും അണുവിമുക്തമാക്കി. സ്റ്റേഷനകത്തും പ്രതികളെ പാര്‍പ്പിക്കുന്ന സെല്ലിലും ഓഫീസ് മുറികളിലുമെല്ലാം അണുനശീകരണം നടത്തി.
പെരുമ്പാവൂരിലെ ഗുണ്ടാനേതാവിന്റെ കൂട്ടാളികളായ പ്രതികളില്‍ ഒരാള്‍ കൊലപാതക കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി പാലക്കാട്ടുതാഴത്തെ വാടകമുറിയിലാണ് താമസിച്ചത്.
സംഭവത്തെ തുടര്‍ന്ന് എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസും ആരോഗ്യ വകുപ്പും വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ മാത്രമാണ് ഇന്നലെ വൈകിട്ട് വരെ സ്റ്റേഷനിലുണ്ടായിരുന്നത്. പൊതുജനങ്ങള്‍ക്ക് ഇവിടെക്കുള്ള പ്രവേശിക്കുന്നത് താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പരാതിയുമായി വരുന്നവര്‍ക്ക് ഡിവൈഎസ്പി ഓഫീസില്‍ ചില സൗകര്യങ്ങളും ഏര്‍പ്പെടുത്തി. പ്രതികളുടെ സ്രവ പരിശോധന ഫലം വന്നതിന്ശേഷം കൂടുതല്‍ തീരുമാനമെടുക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: