46. ആത്മാവ് ശൂന്യമോ?
ആത്മാവ് എന്താണെന്നുള്ള ശിഷ്യന്റെ ചോദ്യവും അതിന് ഗുരുവിന്റെ മറുപടിയുമാണ് തുടര്‍ന്നള്ള ശ്ലോകങ്ങള്‍.
ശിഷ്യ ഉവാച
മിഥ്യാത്വേന നിഷിദ്ധേമുഷു
കോശേഷ്വേതേഷു പഞ്ചസു
സര്വ്വാഭാവം വിനാ കിഞ്ചിത്
പശ്യാമ്യത്ര ഹേ ഗുരോ
വിജ്ഞേയം കിമു വസ്ത്വസ്തി
സ്വാത്മനാളത്രവിപശ്ചിതാ
പഞ്ചകോശങ്ങളും മിഥ്യയെന്ന് നിഷേധിച്ചാല്‍ വെറും ശൂന്യത മാത്രമാണ് ഞാന്‍ കാണുന്നത്. വിവേകിക്ക് തന്റെ ആത്മാവെന്ന് അറിയേണ്ടതായ ഏതെങ്കിലും വസ്തു ഉണ്ടോ ഗുരോ? എന്ന് ശിഷ്യന് ചോദിച്ചു.
പഞ്ചകോശ നിഷേധം കഴിഞ്ഞാല്‍ പിന്നെ ഒന്നും അവശേഷിക്കുന്നില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നാണ് ശിഷ്യന്റെ അഭിപ്രായം. ഇത് സൂചിപ്പിക്കുന്നത് ശൂന്യവാദികളുടെ സിദ്ധാന്തത്തെയാണ്. ബൗദ്ധരാണ് എല്ലാം ശൂന്യമെന്ന് വാദിക്കുന്നവര്‍.
പഞ്ചകോശങ്ങളെയും നീക്കിയാല്‍ പിന്നെ ഒന്നുമില്ലാത്ത അവസ്ഥയാണോ? ശിഷ്യന്റെ ചോദ്യത്തിലൂടെ ശൂന്യവാദത്തെ പൂര്‍വപക്ഷമായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.
47. ആത്മതത്ത്വ നിരൂപണം
അടുത്ത 13 ശ്ലോകങ്ങളിലായി ശിഷ്യന്റെ ചോദ്യത്തിന് ഉത്തരമായി ആത്മതത്ത്വത്തിനെ ഗുരു വിവരിക്കുന്നു.
ശ്ലോകം 213
ശ്രീഗുരുരുവാച
സത്യ മുക്തം ത്വയാ വിദ്വന്
നിപുണോളസി വിചാരേണ
അഹമാദി വികാരാസ്തേ
തദഭാവോളയമപ്യനു
ശ്ലോകം 214
സര്‍വേ യേനാനുഭൂയന്തേ
യഃ സ്വയം നാനുഭൂയതേ
തമാത്മാനം വേദിതാരം
വിദ്ധി ബുദ്ധ്യാ സുസൂക്ഷ്മയാ
ശരിയാണ് പറഞ്ഞത്. നീ വിചാരം ചെയ്യുന്നതില്‍ സമര്‍ത്ഥനാണ്. അഹങ്കാരം മുതലായ വികാരങ്ങളും സുഷുപ്തിയില്‍ അവയുടെ അഭാവത്തേയും അറിയുന്നതാണ് ആത്മാവ്. അത് എല്ലാമറിയുന്നവനാണെങ്കിലും അതിനെ അറിയാനാവില്ല. അത് അറിവിന് വിഷയമല്ലാത്തതാണ്. ഇങ്ങനെ സൂക്ഷ്മ ബുദ്ധി കൊണ്ട് ആത്മാവിനെ അറിയണം.
എല്ലാറ്റിനേയും ഇതല്ല, ഇതല്ല എന്ന പറഞ്ഞ് തള്ളിയാല്‍ പിന്നെ എന്താണ് അറിയാനുള്ളത് എന്നുളള ശിഷ്യന്റെ ചോദ്യത്തെ ഗുരു അഭിനന്ദിക്കുന്നു. വിദ്വാന് എന്നത് ഇതിനെ സൂചിപ്പിക്കുന്നു. ഒപ്പം തന്നെ ആ ചിന്തയെ കുറച്ച് കൂടി സൂക്ഷ്മമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. ശൂന്യതയാണ് അവശേഷിക്കുന്നത് എന്ന് പറഞ്ഞാല്‍ ആ ശൂന്യതയെ അറിയുന്നതാണ് ആത്മാവ് എന്നറിയണം.
ഒന്നുമില്ല എന്നതിനെ അറിയുന്നത് ആരാണ്? ഞാനാണ് അറിയുന്നത്. ആ ഞാന്‍ തന്നെയാണ് ആത്മാവ്. സാക്ഷി ചൈതന്യത്തെയാണ് ഞാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനസ്സിന്റെയും ബുദ്ധിയുടേയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായി എല്ലാറ്റിനും സാക്ഷിയായി ഇരിക്കുന്ന ആ ചൈതന്യം തന്നെയാണ് ആത്മാവ്.
എല്ലാം അറിഞ്ഞു കൊണ്ടിരിക്കുന്ന ചൈതന്യമാണ് ആത്മാവ്. ആരുടെ സാന്നിദ്ധ്യത്തിലാണോ എല്ലാ അറിവുകളും സാധ്യമാകുന്നത് അതാണ് ആത്മാവ്. സര്‍വജ്ഞനും ബോധസ്വരൂപവുമാണത്. വളരെ സൂക്ഷ്മമായ ബുദ്ധി കൊണ്ട് ആത്മാവിനെ അറിയുക എന്നതാണ് ഗുരുവിന്റെ ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: