ബെംഗളൂരു: കാസര്‍കോട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ബെംഗളൂരുവിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം സയനൈഡ് ചേര്‍ത്ത ഗുളിക നല്കി കൊലപ്പെടുത്തിയ കേസില്‍ ‘സീരിയല്‍ കില്ലറായ’ സയനൈഡ് മോഹനന് (57) ജീവപര്യന്തം കഠിന തടവും 45000രൂപ പിഴയും ശിക്ഷിച്ചു.
മംഗളൂരു അഡീഷനല്‍ സെഷന്‍സ് കോടതി ആറ് ജഡ്ജി സെയ്ദുനിസയാണ് ശിക്ഷ വിധിച്ചത്. കേസില്‍ സയനൈഡ് മോഹന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കൊലപാതക കുറ്റത്തിന് ജീവപര്യന്തവും 25000രൂപ പിഴയും, തട്ടിക്കൊണ്ടുപോയതിന് 10വര്‍ഷം തടവും 5000രൂപ പിഴയും, മോഷണത്തിന് അഞ്ച് വര്‍ഷം തടവും 5000രൂപ പിഴയും ബലാത്സംഗത്തിന് ഏഴുവര്‍ഷം തടവും 5000രൂപ പിഴയും വിഷം നല്‍കിയതിന് 10വര്‍ഷം തടവും 5000രൂപ പിഴയുമാണ് ശിക്ഷ. മോഹനെതിരെയുള്ള രജിസ്ട്രര്‍ ചെയ്ത 20-ാമത്തെതും അവസാനത്തെയുമായ കൊലപാതക കേസാണിത്.
കാസര്‍കോട്ടെ വനിതാ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്ന 25കാരിയെയാണ് മോഹന്‍ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി യുവതിയോട് പ്രണയം നടിച്ചു. 2009 ജൂലൈ എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തിലാക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയുമായി മോഹന്‍ ബെംഗളൂരുവിലെത്തി.
ബെംഗളൂരു ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞശേഷം മോഹനന്റെ നിര്‍ദേശ പ്രകാരം മുറിയില്‍ സ്വര്‍ണാഭരണങ്ങള്‍ വെച്ചശേഷം മോഹനൊപ്പം ഇറങ്ങിയ യുവതിയെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞാണ് മോഹനന് സയനൈഡ് കലര്‍ത്തിയ ഗുളിക യുവതിക്ക് നല്‍കിയത്. സമാനമായ രീതിയില്‍ 2003 മുതല്‍ 2009വരെയുള്ള കാലയവളവില്‍ 20 സ്ത്രീകളെയാണ് മോഹനന് കൊലപ്പെടുത്തിയത്.
നേരത്തെ സമാനമായ അഞ്ചു കേസുകളില്‍ വധശിക്ഷയും മൂന്നു കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജുഡിത്ത് ഒ.എം ക്രാസ്ത, ജയറാം ഷെട്ടി എന്നിവരായിരുന്നു യുവതിയുടെ കുടുംബത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: