ചടയമംഗലം: ലോകത്തിനു മുന്നില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 45 വര്‍ഷം. ഇന്ദിരയെന്ന സ്വേച്ഛാധിപതിയുടെ ക്രൂരത നിറഞ്ഞ പകയും പീഡനവും വകവയ്ക്കാതെ, ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം നയിച്ച പടയാളികളാണ് ഭാരതത്തെ ഇന്നും ജനാധിപത്യരാജ്യമായി നിലനിര്‍ത്തുന്നത്. അന്ന് രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ക്രൂരപീഡനങ്ങളേറ്റുവാങ്ങിയ ആര്‍എസ്എസ് പ്രവര്ത്തകന് കെ. ശിവദാസന്റെ ഓര്‍മകളില്‍ ഇന്നുമുണ്ട് ആ അധ്യായങ്ങള്‍.
അടിയന്തരാവസ്ഥയ്ക്കെതിരെ ആര്‍എസ്എസ് തീരുമാനമനുസരിച്ച് ജില്ലയില്‍ പരസ്യപ്രതിഷേധം നടന്നത് കൊല്ലം പട്ടണത്തിലും കൊട്ടാരക്കരയിലുമായിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുകയും കാര്യാലയങ്ങള്‍ പൂട്ടി സീല്‍ വയ്ക്കുകയും നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. പത്രമാരണ നിയമം കൊണ്ടുവന്ന് ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിച്ചു.
ഇതിനെതിരെ ആര്‍എസ്എസ് രഹസ്യമായി പുറത്തിറക്കിയ ലഘുലേഖകളായ കുരുക്ഷേത്ര, സുദര്‍ശനം എന്നിവയിലൂടെയായിരുന്നു വിവരങ്ങള്‍ ജനങ്ങളും നേതാക്കളും അറിഞ്ഞിരുന്നത്. ചടയമംഗലത്തുനിന്ന് ആറുപേരെ കൂട്ടി ഒളിപ്രവര്‍ത്തനം നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയും ആര്‍എസ്എസ് പ്രചാരകനുമായ വിശ്വനാഥനുള്‍പ്പെടെ ഏഴുപേരാണ് അന്ന് കൊട്ടാരക്കരയില്‍ പ്രകടനം നടത്തിയത്.
ജില്ലയില്‍ ആകെ ഇരുപത്തിമൂന്നുപേര്‍ സമരത്തില്‍ പെട്ട് ജയിലിലായിരുന്നു. ചിലര്‍ തിരുവനന്തപുരത്ത് സമരത്തിലും പങ്കെടുത്ത് ജയിലിലായി. കൊട്ടാരക്കര ചന്തമുക്കിലെ കടകമ്പോളങ്ങളില്‍ ലഘുലേഖ വിതരണം ചെയ്ത് പുലമണ്‍ ജംഗ്ഷനിലേക്ക് പ്രകടനമായി നീങ്ങിയ ചെറുസംഘത്തെ ഭയത്തോടെയും മനസില്‍ ആവേശത്തോടെയും ജനം വരവേറ്റു. കൂട്ടം കൂടുന്നതും പ്രകടനവും അന്ന് നിരോധിച്ചിരുന്നു.
കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തിയ സമരക്കാരെ കെ. കരുണാകരന്റെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. പോലീസ് സ്റ്റേഷനിലും ലോക്കപ്പിലുമിട്ട് മര്‍ദ്ദിച്ചു. കുരുക്ഷേത്രയുടെ പ്രസിദ്ധീകരണ ഉറവിടം അന്വേഷിച്ചായിരുന്നു പ്രസ് ഉടമ കൂടിയായ ശിവദാസനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഏഴുപേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. അവിടെ നാലുമാസം തടവ്.
ഓരോ പതിനഞ്ചുദിവസം കൂടുംതോറും ഇരുകൈകളിലും വിലങ്ങണിയിച്ച് ബസ് സ്റ്റാന്റില്‍ പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ കൂടി പല കമന്റുകള്‍ പറയും. കൊള്ളക്കാരെപ്പോലെ വഴിനീളെ വിലങ്ങുവച്ച് നടത്തിക്കും. ആര്‍ക്കും ജയിലില്‍ വന്ന് കാണാനാകില്ല. ക്രൂരമര്‍ദ്ദനം ജയിലിലും തുടര്‍ന്നു.
മാപ്പെഴുതിക്കൊടുത്ത് ഇടതുസഹചാരി ആര്. ബാലകൃഷ്ണപിള്ള ജയിലിനു പുറത്തിറങ്ങിയ പോലെ ഇവര്‍ക്കും ജയില്‍ മോചിതരാകാമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തില്‍ കവിഞ്ഞ് മറ്റൊരു ചിന്തയില്ലായിരുന്നുവെന്ന് ബിജെപി ദേശീയസമിതി അംഗമായ ശിവദാസന്‍ ഓര്‍ക്കുന്നു. നാലുമാസത്തിനു ശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കാറായപ്പോഴാണ് ജയിലില്‍ നിന്നും വിട്ടത്. ക്രൂരപീഡനങ്ങളേല്‍പ്പിച്ച അവശതകളെ മറന്ന് ഇച്ഛാശക്തിയുടെ കരുത്തില്‍ ഇന്ന് ദേശീയ പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിക്കുകയാണീ പോരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: