ഇടുക്കി: ജില്ലയില്‍ ഇന്നലെ മൂന്ന് സ്ത്രീകള്‍ക്കടക്കം ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കോട്ടയത്ത് ചികിത്സയിലുണ്ടായിരുന്ന ആളടക്കം 5 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബാക്കിയുള്ളവര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ഒരാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. രോഗം ബാധിച്ച് നിലവില്‍ 54 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 39 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ആകെ 93 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
1. 7ന് ന്യൂദല്‍ഹിയില്‍ നിന്നെത്തിയ പൈനാവ് സ്വദേശിനിയായ 27കാരി. ഭര്‍ത്താവിനോടൊപ്പം പൈനാവ് കെവി ക്വാര്‍ട്ടേഴ്സിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
2. 10ന് ചെന്നൈയില്‍ നിന്നെത്തിയ മണിയാറംകുടി സ്വദേശിനിയായ 44കാരി. സ്വകാര്യ കാറില്‍ കുമളി ചെക്ക് പോസ്റ്റ് വഴി ഭര്‍ത്താവിനും മകനോടുമൊപ്പം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
3. 9ന് തമിഴ്നാട് കാഞ്ചിപുരത്ത് നിന്നുമെത്തിയ മൂലമറ്റം സ്വദേശിയായ 26കാരി. കാഞ്ചിപുരത്ത് നിന്ന് കൊച്ചിക്ക് ബസിനും അവിടെ നിന്നും ടാക്സിയില്‍ മൂലമറ്റത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4. 13ന് കുവൈറ്റില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിയായ 57കാരന്. കൊച്ചിയില്‍ നിന്നും തൊടുപുഴ വരെ കെഎസ്ആര്‍ടിസിക്കും അവിടെ നിന്ന് വണ്ടിപ്പെരിയാറിന് ടാക്സിയില്‍. 18ന് കൊറോണ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം വണ്ടിപ്പെരിയാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
5. 12ന് കുവൈറ്റ്-കൊച്ചി 6ഇ 9488 ഫ്ളൈറ്റില്‍ വന്ന കരുണാപുരം സ്വദേശികളായ 35 വയസ് വീതമുള്ള രണ്ട് യുവാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇരുവരും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്. സ്വകാര്യ കാറില്‍ രാജാക്കാട് എത്തിയ ഇവര്‍ സ്വകാര്യ റിസോര്‍ട്ടില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഒരാള്‍ക്ക് രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ഇരുവരുടേയും സ്രവം പരിശോധനയ്ക്കായി ശേഖരിക്കുകയായിരുന്നു. രണ്ടും പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവരോടൊപ്പം ഇതേ വിമാനത്തില്‍ വന്ന കട്ടപ്പന വെള്ളയാംകുടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗമുക്തി നേടിയവര്‍
1. ചെന്നൈയില്‍ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനിയായ ഇരുപത്തഞ്ചുകാരി. ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ചു.
2. 14ന് രോഗം സ്ഥിരീകരിച്ച കുമളി റോസാപ്പൂക്കണ്ടം സ്വദേശിയായ പതിനാറുകാരി. തമിഴ്നാട് തേനിയില്‍ നിന്നാണ് വന്നത്.
3. ചെന്നൈയില്‍ നിന്ന് മൂന്നാറിലെത്തിയ അറുപത്തിയാറുകാരന്. മെയ് 30ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. ചൊവ്വാഴ്ച വൈകിട്ടാണ് ഫലം നെഗറ്റീവായത്.
4. അബുദാബിയില്‍ നിന്നെത്തിയ കോക്കയാര് സ്വദേശിയായ മുപ്പത്തഞ്ചുകാരന്. 12നാണ് രോഗം സ്ഥിരീകരിച്ചത്.
5. ഹൈദ്രാബാദില്‍ നിന്നെത്തിയ പെരുവന്താനം സ്വദേശിയായ ഡോക്ടര്‍. മുപ്പത്തിരണ്ടുകാരനായ ഇദ്ദേഹത്തിന് 15നാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സമ്പര്‍ക്കം കണ്ടെത്തി
അറക്കുളം പഞ്ചായത്തില്‍ കൊറോണ സ്ഥിരീകരിച്ച യുവാവുമായി ഏതാനം പേര്‍ക്ക് സംമ്പര്‍ക്കം കണ്ടെത്തി. കാഞ്ചീപുരത്ത് നിന്നും 9ന് ടൂറിസ്റ്റ് ബസില്‍ എറണാകുളത്ത് എത്തി ടാക്സിയില്‍ മൂലമറ്റത്തിന് സമീപം ആശ്രമം ഭാഗത്ത് വന്ന് ക്വാറന്റൈനിലായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം ബൈക്കില്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി പോയിരുന്നു. സമ്പര്‍ക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്കി. സമ്പര്‍ക്കത്തില്‍ പെട്ടവരെ കുറിച്ച് അന്വേഷണം നടന്നു വരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: