ആലപ്പുഴ: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവര്‍ക്ക് സ്വന്തംവീടുകള്‍ ഉള്‍പ്പെടെയുള്ള ക്വാറന്റൈന് കേന്ദ്രത്തിലെത്താന്‍ വാഹനം ലഭ്യമാക്കുന്നില്ല. രോഗവ്യാപന സാധ്യത കൂടുന്നു. സംസ്ഥാനത്ത് നിന്ന് പുറത്തുനിന്നെത്തുന്നവര്‍ വീട്ടിലോ, മറ്റു കേന്ദ്രങ്ങളിലോ ക്വാറന്റൈനില്‍ പോകുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷണവും നടക്കുന്നില്ല.
ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതലായും എയര്‍പോര്‍ട്ടുകളില്‍നിന്നും റെയില്‍േവ സ്റ്റേഷനുകളില്‍നിന്നും ആളുകളെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് കെഎസ്ആര്‍ടിസിസര്‍വീസുകള്‍ കുറഞ്ഞു. ടാക്സികളിലും ഓട്ടോകളിലുമാണ് കുടുതലുമാളുകള് ക്വാറന്റൈന് കേന്ദ്രത്തിലേക്ക് എത്തുന്നത്.
അന്യനാടുകളില്‍നിന്ന് എത്തുന്നവര്‍ സഞ്ചരിക്കുന്ന വാഹനം അണുനശീകരണം നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല. പിന്നീട്, ഈ വാഹനത്തില്‍ കയറുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. വാഹനം ഓടിക്കുന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതും ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗതാഗതസംവിധാനം കൃത്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടതായി നഗരസഭാ ചെയര്മാന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്വാറന്റൈന് സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് സഹായം ആലപ്പുഴ കളക്ട്രേറ്റിലെത്തിയത് പരിഭ്രാന്തി പരത്തി. പിന്നീട് കളക്ട്രേറ്റിന്റെ ഗേറ്റ് പൂട്ടി അണുനശീകരണം നടത്തി. ബെംഗളൂരുവില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതാണ് ഹരിപ്പാട് സ്വദേശിയായ യുവാവ്. അവിടെനിന്ന് ടാക്സിയില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്വാറന്റൈന് കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ടാക്സി കളക്ടറേറ്റ് വരെയാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ ഇറങ്ങിയശേഷം ക്വാറന്റൈന് കേന്ദ്രത്തിലേക്ക് വിളിച്ചപ്പോള്‍ മുറികള്‍ ഒഴിവില്ലെന്നും ശുചീകരണം നടത്താനുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് കളക്ട്രേറ്റിലെത്തുകയായിരുന്നു.
ജീവനക്കാര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ച് ആംബുലന്‍സ് എത്തിച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന എല്ലാവരെയും മാറ്റി ഗേറ്റ് അടച്ചുപൂട്ടി. അഗ്നിരക്ഷാസേന എത്തി അണുനശീകരണവും നടത്തിയതിന് ശേഷമാണ് കവാടം തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: