നിര്‍ഗ്ഗുണനിരാകാരവും കാലദേശദ്രവ്യബലാദി ഉപാധികള്‍ക്കൊന്നും സ്ഥാനമില്ലാത്തതുമായ പരബ്രഹ്മത്തില്‍ യാതൊരുവിധ ഇളക്കങ്ങളും സംഭാവ്യമല്ല. വിവര്‍ത്തപ്രക്രിയ മനസ്സിലാക്കാത്തവര്‍ ‘കല്ലുപോലെ'(പാഷാണവത്) എന്ന തെറ്റിദ്ധാരണപോലും പരബ്രഹ്മത്തില്‍ ആരോപിക്കാറുണ്ടല്ലോ. കാലദേശാദി ഉപാധികളില്‍ നില്ക്കുന്ന നമ്മള്‍ക്കാണ് ഉണ്ടെന്നും ഇല്ലെന്നുമുള്ള തോന്നലുകള്‍.
ആദ്യവിവര്‍ത്തമായ സഗുണബ്രഹ്മത്തില്‍ (പരമേശ്വരനില്‍)
പോലും പ്രകടമായുളള ഇളക്കങ്ങള്‍ സംഭാവ്യമല്ല. സംഭാവ്യമെന്നു തോന്നുന്നെങ്കില്‍ അതും കാലദേശാദി ഉപാധികളില്‍ നില്ക്കുന്ന നമ്മള്‍ക്കുമാത്രമാണ്. ഇന്ദ്രിയപ്രത്യക്ഷമായോ, മനഃപ്രത്യക്ഷമായോ, യോഗികളുടെ ചിദാകാശത്തില് പോലുമോ കാണാന്‍ കഴിയാത്ത ഒരു ആന്തരികചലനം ശിവപെരുമാളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതാണ് സ്വയംഭ്രമണം എന്ന ചലനം. ശരീരമോ ശരീരബോധമോ ഇല്ലെങ്കിലും സ്വയംഭ്രമണമുണ്ടാകാം. ശിവപെരുമാള്‍ മാത്രമറിയുന്ന ആന്തരികചലനമാണത്.
നമ്മുടെ ചില മുതിര്‍ന്ന കാരണവന്മാര് ക്ഷേത്രാരാധനയുടെ ഭാഗമായി കൈകൂപ്പി മേലോട്ടെടുത്ത് കണ്ണടച്ച് ബാഹ്യസ്വയംഭ്രമണം അനുഷ്ഠിക്കുന്നതായി കണ്ടുവരാറുണ്ടല്ലോ. അകത്തെ ചൈതന്യത്തെയാണവര്‍ പ്രദക്ഷിണം വെയ്ക്കുന്നത്. ബാഹ്യഭ്രമണം നമുക്ക് അനുഭവവേദ്യമായതുകൊണ്ട് ശിവപെരുമാളുടെ അനുഗ്രഹമുണ്ടെങ്കില്‍ നമുക്കും സ്വയംഭ്രമണം മനോബുദ്ധികളില്‍ സങ്കല്പിക്കാം, കണക്കുകള്‍ കൂട്ടാം. സ്വയംഭ്രമണം അതിദ്രുതതമമെങ്കിലും, ഗണപതിഭഗവാന് ഒരൊറ്റ പ്രദക്ഷിണം കൊണ്ട് കാര്യം കാണിച്ചുതന്നതാണല്ലോ.
ബാഹ്യഭ്രമണം പ്രദക്ഷിണമായും അപ്രദക്ഷിണമായും നാം കാണാറുണ്ട്. സ്വയംഭ്രമണത്തിലും പ്രസ്തുത ദ്വന്ദ്വങ്ങള്‍ പരസ്പരം ബാധിച്ച് ഒളിഞ്ഞിരിക്കുന്നു. അവ വേര്‍പെടുമ്പോഴാണ് ബാഹ്യചലനങ്ങളായി പ്രകടമാകുന്നത്. എല്ലാ ദ്വന്ദ്വാനുഭവങ്ങളുടെയും സ്രോതസ്സായും, കാണപ്പെടുന്ന മറ്റെല്ലാ ദ്വന്ദ്വങ്ങളുടെയും അടിസ്ഥാന മാതൃകയായും ഇരിക്കുന്നത് സ്വയംഭ്രമണയുഗ്മങ്ങള്‍തന്നെ.
അടുത്ത്-അകലെ എന്ന ദൂരസങ്കല്പമില്ലാത്ത ചിദാകാശത്തില് വസിക്കുന്ന യോഗിക്ക് യോഗനിദ്രയില്‍നിന്ന് ഉണരുമ്പോള്‍ മാറിമാറിവരുന്ന ഭ്രമാനുഭവത്തെയാണ് നാം ഇവിടെ സ്വയംഭ്രമണം എന്ന ചലനമായി വിഭാവനം ചെയ്യുന്നത്. പിന്നീടുള്ള വിവര്‍ത്തങ്ങളില്‍ ഇളക്കവും ചലനവും നൃത്തവും ബലപ്രയോഗവുമായി അനുഭവപ്പെടുന്നതെല്ലാംതന്നെ മേല്പറഞ്ഞ ഭ്രമാനുഭവമാകുന്നു.
ശിവപെരുമാളുടെ ആദ്യചുവടുവെയ്പ് അര്‍ദ്ധനാരീശ്വരസങ്കല്പത്തിലാണ്. വിഭാവനം ചെയ്യാന്‍ ബഹിരാകാശസഞ്ചാരിയുടെ ശൂന്യാകാശത്തിലെ നടത്തം നോക്കിയാല്‍ മതി. അയാള്‍ക്ക് അവിടെ ആശ്രയിക്കാന്‍ ശിവപെരുമാളുടെ ആന്തരികചലനമല്ലാതെ മറ്റൊന്നില്ല. നമുക്കും അങ്ങനെത്തന്നെ. ഈ പ്രപഞ്ചത്തിലെ എല്ലാത്തിനും എല്ലാവര്ക്കും അങ്ങനെത്തന്നെ.
ദ്വന്ദങ്ങളില്‍ ചാഞ്ചാടുന്നതിന്റെ ഏറ്റക്കുറവനുസരിച്ച് ന്യൂട്ടന്റെ ലക്ഷ്യമുള്ള ചലനങ്ങളിലും, ക്വാണ്ടം ഭൗതികത്തിന്റെ അലക്ഷ്യചലനങ്ങളിലും അങ്ങനെത്തന്നെ. പാശ്ചാത്യര്‍ അറിയുന്നില്ലെന്നുമാത്രം.
എല്ലാ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെയും പ്രപഞ്ചപ്രതിഭാസങ്ങളുടെയും തുടക്കവും ഒടുക്കവും അടിസ്ഥാനവുമായി ശിവപ്പെരുമാളുടെ സ്വയംഭ്രമണം എന്ന ഒരൊറ്റ ആന്തരികചലനം മതി. ഇതായിരിക്കും ചൈതന്യത്തെ അടിസ്ഥാനമായി അംഗീകരിക്കുന്ന നമ്മുടെ നാളത്തെ ഭൗതികശാസ്ത്രത്തിന്റെ ആദ്യപ്രമാണം. ആധുനിക കമ്പ്യൂട്ടറുകളുടെ സഹായത്തോടെ മറ്റു വിവര്‍ത്തതലങ്ങളിലേക്ക് അനുകരണംവഴി വികസിപ്പിക്കാവുന്നതേയുള്ളു. അതായിരിക്കും ഈ നൂറ്റാണ്ടിന്റെ സമഗ്രശാസ്ത്രം.
പരമേശ്വരന്റെ അടുത്ത വിവര്‍ത്തമായ ആദിനാരായണ(വിഷ്ണു) സങ്കല്പത്തില് സ്വയംഭ്രമണം ബാഹ്യഭ്രമണമായി ചക്രായുധത്തിലും, ഭ്രമണയുഗ്മമായി ഗരുഡവാഹനത്തിന്റെ ചിറകുകളുടെ ചലനത്തിലും കുടികൊള്ളുന്നു. സര്‍വ്വവ്യാപിയായ വിഷ്ണുവിന് ഒരു വാഹനത്തിന്റെ ആവശ്യമില്ല, നിയന്ത്രിക്കാന്‍ ആയുധങ്ങളും വേണ്ട. കാലം എന്ന മായ മാത്രം മതി. മറ്റെല്ലാം പ്രതീകങ്ങള്‍. യുക്തിയുക്തവും, ഉചിതവും, കാവ്യാത്മകവുമാകുമ്പോള്‍ നാം പെട്ടെന്ന് തത്വം ഗ്രഹിക്കുന്നു.
ഭ്രമണയുഗ്മങ്ങള്‍ തീര്‍ത്തും പ്രകടമാകുന്നത് മനുഷ്യലോകത്തെ അവതാരങ്ങളിലാണ്. രാധാകൃഷ്ണനൃത്തം ദിവ്യപ്രേമത്തിന്റെ പ്രതീകമായി നമ്മുടെ നിലനില്‍പ്പിന്റെ ശുഭാപ്തിവിശ്വാസത്തിന് ആധാരമായി ഭവിക്കുന്നു. ഇവിടെ മത്സരങ്ങളും ഹിംസയുമല്ല, പരമപ്രേമമാണ് വിജയിക്കാന്‍ പോകുന്നത്. വ്യഷ്ടി സമഷ്ടി ഭേദമില്ലാതെ മനുഷ്യന് പൂര്‍ണ്ണതാസാക്ഷാത്ക്കാരം സാധ്യമെന്ന ശുഭസൂചനയാണ് പൂര്‍ണ്ണാവതാരമായി അറിയപ്പെടുന്ന കൃഷ്ണന്റെ കഥകള്‍ നല്‍കുന്നത്.
ബ്രഹ്മദേവന്റെ മനഃപ്രത്യക്ഷലോകത്തിലെ സാങ്കല്പിക ഉപാദാനമായി കണങ്ങളെയും കണദ്വന്ദ്വങ്ങളുടെ ചലനവൈവിദ്ധ്യങ്ങളെയും കാണാവുന്നതാണ്. ഈ നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ കാല്പനികതലം ഇതായിരിക്കും. ബ്രഹ്മലോകത്ത് വിഷ്ണുചൈതന്യം പ്രകടമാകുമ്പോള്‍ വൃന്ദാവനത്തിലെ പരമപ്രേമത്തിന്റെ രാധാകൃഷ്ണനൃത്തം അരങ്ങേറുന്നു.
പ്രസ്തുത തലത്തില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന കണനൃത്തങ്ങളിലെ പ്രത്യേക ചുവടുമാറ്റങ്ങള്‍ ഇന്ദ്രിയങ്ങളെ പ്രചോദിപ്പിച്ച് ഇന്ദ്രിയപ്രത്യക്ഷലോകത്തെ സംഭവങ്ങളായി അറിയപ്പെടുകയും ചെയ്യും. രണ്ടു ലോകങ്ങളിലേയും അളവായ സംഭാവ്യത ഒന്നാകുമ്പോള്‍ നമ്മുടെ സംശയങ്ങള്‍ തീരുകയും ചെയ്യും. ഇതായിരിക്കണം ആധുനിക ശാസ്ത്രാന്വേഷണങ്ങളുടെ പരമമായ ലക്ഷ്യം.
ഇളക്കങ്ങളുടെ ലോകത്ത് ഞാനെന്ന ഭാവം പാടില്ല. ഇളക്കം പോയ സംന്യാസിക്ക് എല്ലാം താനെന്ന ഭാവം വരും. രണ്ടും ഒന്നുതന്നെ. വസ്തുനിഷ്ഠഭാഷയില്‍ മാത്രം കൊണ്ടുനടന്നാല്‍ പോര, ശാസ്ത്രജ്ഞന്റെ അഹങ്കാരം പോയാലെ ശാസ്ത്രന്വേഷണം ലക്ഷ്യത്തിലെത്തു. ബ്രഹ്മദേവനുപോലും അഹങ്കാരം വന്നപ്പോള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ടുവല്ലോ (വത്സേയം കഥ).
ലക്ഷ്യപ്രാപ്തിയിലെത്തി ഞാനെന്ന ഭാവമില്ലാതെ എല്ലാം താനെന്ന ഭാവത്തില്‍ ജീവിക്കുന്ന ഒരു സമൂഹം ഇവിടെ നിലവില്‍വരും. അഹങ്കാരം പോവാന്‍ സമസ്ത ദേവതകളും അനുഗ്രഹിക്കുമാറാകട്ടെ.
തോന്നുന്നതാകിലഖിലം
ഞാനിതെന്നവഴി
തോന്നേണമേ വരദ!
നാരായണായ നമഃ
(ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (മുംബൈ) ശാസ്ത്രജ്ഞനായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: