വാഷിങ്ടണ്‍: ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യമായി ഇന്ത്യയെ ചിത്രീകരിക്കാന്‍ പാക് ശ്രമം. ഐക്യരാഷ്ട്ര സഭയിലെ പാക് നീക്കം അമേരിക്ക തടഞ്ഞു. പാക്കിസ്ഥാനില്‍ അടുത്തിടെ ഒരു ആക്രമണം നടന്നിരുന്നു. അതിലെ പ്രതികളെന്നു പറഞ്ഞ് നാല് ഇന്ത്യാക്കാരെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു.
വേണു മാധവ ദോഗ്ര അടക്കം നാലുപേരെയാണ് പിടിച്ചത്. ഇതില്‍ ദോഗ്രയെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് പാക്കിസ്ഥാന് യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്. ചൈനയുടെ പിന്തുണയോടെ ഈ ആവശ്യം സാധിച്ചെടുക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
പക്ഷെ, ഈ നീക്കത്തെ അമേരിക്ക ഔദ്യോഗികമായി തടഞ്ഞു. രക്ഷാസമതിയില് ഈ നീക്കം തടയുകയാണെന്ന് സമിതിയിലെ എല്ലാ അംഗങ്ങളെയും യുഎസ് അറിയിച്ചു. മസൂദ് അസറിനെ കൊടുംഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബദലുണ്ടാക്കുകയാണ് പാക് ലക്ഷ്യം.
അഫ്ഗാനിലെ ഒരു കെട്ടിട നിര്‍മാണക്കമ്പനിയിലെ എന്‍ജിനീയറാണ് വേണു. വേണുവിനെതിരെ കള്ളക്കേസ് ചമച്ചതായതിനാല് ഒരു രേഖ നല്കാന് പോലും പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകള്‍ നല്കാന് യുഎസ് അടക്കം ആവശ്യപ്പെട്ടിട്ടും അതിനായില്ല. ഇതോടെയാണ് പാക് നീക്കം യുഎസ് തടഞ്ഞത്.
മസൂദ് അസറിനെ കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നാലു തവണ ചൈന പാക്കിസ്ഥാനു വേണ്ടി ഇന്ത്യയുടെ ശ്രമങ്ങള്‍ തടഞ്ഞെങ്കിലും 2019ല്‍ ചൈന ഇതിന് മുതിര്‍ന്നില്ല. അങ്ങനെയാണ് അസറിനെ യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചത്.
വേണു തെഹ്രിക് ഇ താലിബാനെ സാമ്പത്തികമായി സഹായിച്ചുവെന്നാണ് പാക് ആരോപണം. ഇതേ ആരോപണമാണ് മറ്റ് മൂന്നു പേര്‍ക്കുമെതിരെ പാക്കിസ്ഥാന് ഉന്നയിച്ചത്. ഇവര്‍ നാലു പേരും പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: