കോട്ടയം: ഗാര്‍ഹിക ഉപയോക്താക്കളെ വലച്ച വൈദ്യുതി ബോര്‍ഡ്, വമ്പന്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചതും വിവാദമാകുന്നു. കൊറോണക്കാലത്ത് അടഞ്ഞുകിടന്ന വലിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫിക്സഡ് ചാര്‍ജ് അടയ്ക്കാന്‍ ഡിസംബര്‍ വരെ സാവകാശം അനുവദിച്ചിരിക്കുകയാണ്. ഗാര്‍ഹിക ഉപയോക്താക്കളെ പിഴിഞ്ഞ് അധിക ബില്ല് ഈടാക്കാന്‍ നടപടി തുടങ്ങിയ സര്‍ക്കാരും ബോര്‍ഡും, കോര്‍പ്പറേറ്റ്-വാണിജ്യ ഉപയോക്താക്കളെ പ്രൈം കണ്സ്യൂമേഴ്സായി കണ്ടാണ് ഇത്തരം സഹായങ്ങള്‍ നല്‍കിയത്.
വാണിജ്യ ഉപയോക്താക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് വൈദ്യുതി ബില്ല് ഈടാക്കുന്നത്. കൊറോണക്കാലത്ത് വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ മുഴുവനും അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ ഇവരുടെ ഉപയോഗത്തിലൂടെ കിട്ടാമായിരുന്ന ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി വില കിട്ടാതെ പോയി. ഇതുമൂലം കോടികളാണ് ബോര്‍ഡിന് നഷ്ടം ഉണ്ടായത്. ഈ നഷ്ടം മുഴുവനും ഫലത്തില്‍ പേറേണ്ടി വന്നത് സാധാരണ ഗാര്‍ഹിക ഉപയോക്താക്കളും.
ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ് കിട്ടാതെ വന്നതുമൂലമാണ് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അനുവദിക്കേണ്ട പല ഇളവുകളില്നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയത്. വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതുമൂലമുണ്ടാകാനിടയുള്ള വരുമാന നഷ്ടത്തെക്കുറിച്ച് അധികൃതര്‍ക്ക് യാതൊരു മുന്നാലോചന ഇല്ലാതെ പോയതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വരുമാന നഷ്ടം ഉണ്ടായപ്പോള്‍ ഇരുട്ടില്‍ത്തപ്പിയ അധികൃതര്‍ യാതൊരു ആലോചനയും ഇല്ലാതെ ഗാര്‍ഹിക ഉപയോക്താക്കളെ പിഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഗാര്‍ഹിക ഉപയോക്താക്കളുടെ റീഡിങ് ഒന്നിച്ചെടുത്തപ്പോള്‍ അധികമുണ്ടായ യൂണിറ്റിന്റെ വില അടിസ്ഥാന താരിഫിലേക്കു മാറ്റാതെ ഉയര്‍ന്ന താരിഫില്‍ നിലനിര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണെന്നും സൂചനയുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് അനുവദിച്ചതുപോലെ ഡിസംബര്‍ കഴിഞ്ഞ് തുക അടച്ചാല്‍ മതിയെന്ന തീരുമാനം ഉണ്ടാകാത്തതും ഗാര്‍ഹിക ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: