തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു. അത് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ വന്‍ കൊയ്ത്ത് നടത്തിയാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കണമെന്നില്ല. 1990 ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലാഭക്കൊയ്ത്താണല്ലോ ഇടത് മുന്നണി നടത്തിയത്. ഒന്നൊഴികെ എല്ലാ ജില്ലാ പഞ്ചായത്തും അവരുടെ ഭരണത്തിലായി. വിരലിലെണ്ണാവുന്ന മാസങ്ങള്‍ പിന്നിട്ട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു നിലയ്ക്ക് പൊട്ടി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ഇടത് മുന്നണി നേടി. ഇടത് മുന്നണി വന്നാല്‍ എല്ലാം ശരിയാകുമെന്ന വാഗ്ദാനം വിശ്വസിച്ച് വോട്ടു ചെയ്തവര്‍ രണ്ടു വര്‍ഷം കഴിഞ്ഞ് ലോകസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മട്ട് മാറി. ജനം ആവേശത്തോടെ ഇടത് മുന്നണിയെ തോല്‍പ്പിക്കാന്‍ വോട്ടു ചെയ്തു. ഒന്നൊഴികെ 19 സീറ്റിലും കോണ്‍ഗ്രസ് മുന്നണി ജയിച്ച് കേറി. നോക്കണേ ഓരോരോ ഏടാകൂടങ്ങള്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം നിയമസഭയിലോ ലോകസഭയിലോ ആവര്‍ത്തിക്കണമെന്നില്ല. അത് തിരിച്ചറിഞ്ഞ മുന്നണികള്‍ രണ്ടും അങ്കലാപ്പിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരീക്ഷാ കാലമാണല്ലോ തെരഞ്ഞെടുപ്പ്. എത്ര മിടുക്കരായ കുട്ടികള്‍ക്കും പരീക്ഷ അടുക്കുമ്പോള്‍ അടിവയറ്റില്‍ നിന്നും ഒരു തരം ഉരുണ്ടുകയറ്റം അനുഭവപ്പെടുമത്രെ. അതിപ്പോള്‍ ഇരു മുന്നണികള്‍ക്കുമായി. മുന്നണികളിലെ ചര്‍ച്ചകളും തര്‍ക്കങ്ങളും അതിന്റെ ഭാഗം തന്നെ.
ആദ്യം തര്‍ക്കം ഉടലെടുത്തത് പ്രതിപക്ഷ മുന്നണിയിലാണ്. പ്രത്യക്ഷത്തില്‍ കാണാനായത് കേരളാ കോണ്‍ഗ്രസില്‍. ആ തര്‍ക്കം കെ.എം. മാണി മരിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. കമ്മ്യൂണിസ്റ്റുകാരെ മാറ്റിനിര്‍ത്തിയാല്‍ മലയാളികളുടെ മേല്‍ ‘അദ്ധ്വാന വര്‍ഗ്ഗ രാഷ്ട്രീയം’ കെട്ടിയേല്‍പ്പിച്ച മഹാനായിരുന്നല്ലോ കെ.എം. മാണി. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ (പാര്‍ലമെന്റ് ഹാളില്‍) പോലും ഈ സിദ്ധാന്തം അവതരിപ്പിച്ച് പ്രസംഗിച്ചത് രേഖയായിട്ടുണ്ട്. സിദ്ധാന്തത്തിന്റെ പേര് അദ്ധ്വാന വര്‍ഗ്ഗത്തെ ചൂണ്ടിക്കാട്ടിയത് കൊണ്ടാണോ എന്നറിയില്ല, സിപിഎം അദ്ധ്വാനിച്ചു മാസങ്ങളോളം കെ.എം. മാണിയുടെ പാര്‍ട്ടിയെ കൂടെ നി
ര്‍ത്താന്‍. പക്ഷെ കപ്പും ചുണ്ടും അടുത്തില്ല. അതിന്റെ ചൊരുക്ക് നിയമസഭയ്ക്കകത്തും പുറത്തും കണ്ടു. മാണിയുടെ ബജറ്റ് പ്രസംഗം പോലും നടത്താന്‍ നിയമസഭയില്‍ സമ്മതിക്കാത്ത സംഘര്‍ഷം. ഒടുവില്‍ ബജറ്റ് പ്രസംഗം മുഴുവന്‍ വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് സഭയുടെ മേശപ്പുറത്ത് വച്ച് തടി കൈച്ചിലാക്കി. ബാര്‍കോഴയും അതിനെത്തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു കാരണങ്ങള്‍. മാണി പലപ്പോഴും പറഞ്ഞ ഒരു കാര്യമുണ്ട്. വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന്. ഇപ്പോള്‍ എത്ര കേരളാ കോണ്‍ഗ്രസ് ഉണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ എണ്ണാന്‍ സമയം നല്‍കിയാലേ ഉത്തരം കിട്ടൂ.
കെ.എം. മാണിയാണ് ഇടത് മുന്നണിക്കൊപ്പമായിരുന്ന പി.ജെ. ജോസഫിനെ തിരിച്ച് സ്വന്തം പാര്‍ട്ടിയിലെത്തിച്ചത്. കെ.എം. മാണി മരിച്ചതോടെ ആ പാര്‍ട്ടിയില്‍ തമ്മിലടി തുടങ്ങി. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ്. അത് മുന്നണിയുടെ തര്‍ക്കമായി വളര്‍ന്നു. കെ.എം. മാണിയുടെ ഉത്തമ സന്തതിയായ ജോസ് കെ. മാണിയെ ജോസഫിന് സഹിക്കാനാവുന്നില്ല.
പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് ജോസഫ് പറഞ്ഞപ്പോള്‍ പാലയില്‍ ചിഹ്നം കെ.എം മാണിയാണെന്ന് പ്രതികരിച്ച ജോസ്.കെ. മാണിയെ യുഡിഎഫില്‍ നിന്നും തന്നെ രണ്ടിലയില്‍ പൊതിഞ്ഞ് ദൂരെ കളയണമെന്ന് ജോസഫ് പറയുന്നിടത്ത് യുഡിഎഫ് നില്ക്കുന്നു. ഇതിനിടയില്‍ക്കൂടി ഓടിനടന്ന് നേട്ടമുണ്ടാക്കാന്‍ സിപിഎം ശ്രമവും നടക്കുന്നു. എല്‍ഡിഎഫ് വിപുലപ്പെടുത്തുമെന്ന അവരുടെ പ്രസ്താവന ഏതെങ്കിലുമൊരു വിഭാഗത്തെ പാട്ടിലാക്കാനുള്ള ശ്രമമാണെന്നതില്‍ തര്‍ക്കമില്ല.
കേരള കോണ്‍ഗ്രസിലെ ചെറിയൊരു വിഭാഗം മാറിയാല്‍പ്പോലും ദയനീയ തോല്‍വി പ്രതീക്ഷിക്കുന്ന യുഡിഎഫ് പുതിയ മേച്ചില്‍പ്പുറം തേടുന്നത് ശക്തമായി തന്നെ. മുസ്ലിം ലീഗിനെ മുന്നില്‍ നിര്‍ത്തി ജമാ അത്തെ ഇസ്ലാമിയുടെ പാര്‍ട്ടിയെ ചാക്കിലാക്കാനാണ് നോക്കുന്നത്. അത് ലീഗ് തുറന്ന് പറഞ്ഞിട്ടും ‘കമ’ എന്നൊരു പ്രതികരണം കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടില്ല. നേട്ടമുണ്ടാക്കാന്‍ എത്ര തീവ്രവര്ഗ്ഗീയവാദത്തെയും കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലിം ലീഗിന് അനുമതി നല്‍കിയിരിക്കുകയാണ്. മാപ്പിള ലഹളയുടെ നേട്ടമാണ് മലപ്പുറം ജില്ല. അതിന്റെ രൂപീകരണം സിപിഎം സഹായത്തോടെ അരനൂറ്റാണ്ട് മുമ്പാണ്. മാപ്പിള ലഹളയുടെ നൂറാം വാര്‍ഷിക സമയത്താണ് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ്. കേരള ഭരണം ലീഗിന്റെ നേതൃത്വത്തിലാകണമെന്ന ലീഗ് മോഹത്തിന് ആരാണ് ഏണിവച്ചുകൊടുക്കുക ? സിപിഎമ്മാണോ കോണ്ഗ്രസ്സാണോ ?
അതുകൊണ്ടുള്ള പനിയുടെ പിച്ചും പേയും തുടങ്ങിക്കഴിഞ്ഞു. അതിന്റെ മാറ്റൊലി പശ്ചിമഘട്ടവും കടന്ന് തന്നെ പോകും. കേരളത്തിന്റെ ഉപമുഖ്യമന്ത്രിമാരും മുഖ്യമന്ത്രിസ്ഥാനവും ലീഗ് നേടിയിട്ടുണ്ട്. വീണ്ടും ലീഗ് കേരളഭരണം നയിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: