ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയില്‍ കഴിയുന്ന നമ്മെ നിരന്തരം ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് വരുന്നത്. ദിനംപ്രതി കോവിഡ്- 19 ന്റെ വരവില്‍ 23 പേര് സംസ്ഥാനത്ത് മരണമടഞ്ഞു. ഒന്നേകാല്‍ ലക്ഷത്തിലധികം പേര് നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ആശങ്കയുയര്‍ത്തുന്ന വാര്‍ത്തകളുടെ ഗൗരവം ജനങ്ങള്‍ വേണ്ടത്ര ഉള്‍ക്കൊള്ളുന്നുണ്ടോ എന്നത് സംശയമത്രേ.
പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 68 കാരനാണ് ഇന്നലെ രാവിലെ മരിച്ചത്. ദല്‍ഹിയില്‍ നിന്നെത്തിയ അദ്ദേഹം ന്യൂമോണിയ കടുത്തതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഗുരുതരനിലയിലായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ സംസ്ഥാനം പുലര്‍ത്തിപ്പോന്ന ജാഗ്രതയും തുടര്‍ നടപടികളുമാണ് ഒരു തരത്തില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയിരുന്നത്. അതേ സമയം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥിതിയും വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ധാരണയില്ലായ്മയും ചേര്‍ന്ന് സ്ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുകയാണ്.
അടുത്തിടെ കണ്ണൂരില്‍ മരണമടഞ്ഞ എക്സൈസ് വകുപ്പ് ഡ്രൈവറുടെ അവസാന വാക്കുകള്‍ ആരോഗ്യ പ്രവര്‍ത്തന രംഗത്തുള്ളവരും അവര്‍ക്കു നേതൃത്വം കൊടുക്കുന്നവരും വേണ്ടത്ര ശ്രദ്ധിച്ചോ എന്ന് സംശയമാണ്. തനിക്കു മതിയായ പരിചരണം കിട്ടുന്നില്ലെന്നും മരിച്ചു പോവാന്‍ ഇടയുണ്ടെന്നുമാണ് ആ 29കാരന് തന്റെ ജ്യേഷ്ഠന് അയച്ച വോയ്സ് മെസേജില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. പ്രായത്തിന്റെയോ മറ്റോ പ്രശ്നമില്ലാത്ത ഒരു ചെറുപ്പക്കാരന് ഈ വിധമാണ് പരിചരണം കിട്ടുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ വീരസ്യം പറച്ചില് തനി നാടകമല്ലേ? പരിയാരം മെഡിക്കല്‍ കോളേജ് അയാള്‍ക്ക് മരണഗുഹയായി മാറുകയായിരുന്നു.
ഇന്നലെ രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മരിച്ച 68 കാരന് എങ്ങനെയുള്ള ചികിത്സയാണ് കിട്ടിയതെന്നറിയില്ല. കേരളത്തില്‍ കൊറോണ സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ ആശ്വാസം കൊള്ളുന്നുണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണോ കൊടുക്കുന്നതെന്ന് സംശയിക്കത്തക്ക നിലപാടുകളാണ് ജനങ്ങളില്‍ നിന്നുണ്ടാവുന്നത്. തുടക്കത്തിലുള്ള ശ്രദ്ധയൊക്കെ കാറ്റില്‍പ്പറത്തുന്നതായാണ് കാണുന്നത്. പൊതുസ്ഥലങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രതയൊന്നും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.
സാധാരണ വൈറസിന്റെ ഗണത്തില്‍ പെടുത്തിയുള്ള അലസ സമീപനമാണ് ജനങ്ങള്‍ക്കുള്ളത്. കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചുവോ എന്ന സംശയം അസ്ഥാനത്തല്ല. ക്വാറന്റീനില്‍ നിശ്ചിത ദിവസം കഴിഞ്ഞവര്‍ക്കുപോലും രോഗം ബാധിക്കുന്നു. എവിടെ നിന്ന് രോഗബാധയുണ്ടായി എന്നറിയാന്‍ കഴിയാത്ത സ്ഥിതിയും സംജാതമായിരിക്കുന്നു. സംസ്ഥാന തലസ്ഥാനത്തും കണ്ണൂരും ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ഉറവിടം വ്യക്തമല്ലാത്ത രോഗബാധ അനുദിനം വര്‍ധിച്ചാല്‍ സമൂഹ വ്യാപനം എന്ന ഭീതിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തും.
ജാഗ്രതയും കരുതലുമുണ്ടെങ്കില്‍ നിഷ്പ്രയാസം ഈ കൊറോണ ഉണ്ടാക്കുന്ന വൈറസിനെ തോല്‍പിക്കാവുന്നതേയുള്ളൂ. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുകയും സ്വയം പ്രതിരോധത്തിന്റെ നിലയിലേക്ക് അന്തരീക്ഷത്തെ മാറ്റുകയും വേണം. അതിനൊപ്പം ചികിത്സയും സാന്ത്വനവുമായി സര്‍ക്കാരും രംഗത്തുണ്ടാവണം. വാചകമടി കൊണ്ടും രാഷ്ട്രീയ നിലപാടു കൊണ്ടും ഒരു മഹാമാരിയെ തുരത്താമെന്ന ധാരണ തികച്ചും ക്രൂരം എന്നേ പറഞ്ഞു കൂടൂ. വൈറസ് രോഗം സംബന്ധിച്ച് വ്യാപകമായി ടെസ്റ്റ് നടത്തുകയും കര്‍ക്കശ നിലപാട് സ്വീകരിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് മതിയായ താമസ -ഭക്ഷണ- ചികിത്സ നല്‍കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന്റെ പേരില്‍ മേനി നടിച്ച് വാചാടോപം നടത്തുന്നത് കോവിഡിനെക്കാള്‍ ഭീകരമായ അവസ്ഥയുണ്ടാക്കും.അനുദിനം കോവിഡ് ബാധിതരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പടരുന്നത് ജനങ്ങളില്‍ പ്രത്യേക മാനസികാവസ്ഥയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ തെരുവത്ത്കടവിലെ നടുവണ്ണൂര്‍ ഹോസ്പിറ്റലിലേക്ക് നെഞ്ചുവേദനയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് കയറിച്ചെന്ന തമിഴ്നാട്ടുകാരനായ ഡ്രൈവര്‍ നിമിഷങ്ങള്‍ക്കകം മരണമടഞ്ഞത് വന്‍ ആശങ്കയാണ് പടര്‍ത്തിയിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ നെഗറ്റീവ് ആയതിനാല്‍ തല്ക്കാലം ഭീതി ഒഴിവായി. അതിന് തൊട്ടടുത്ത പ്രദേശമായ നടുവണ്ണൂരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായത് ഭയാശങ്കക്ക് ഇടവെച്ചിട്ടുണ്ട്. ബേക്കറി പെട്രോള്‍ പമ്പുള്‍പ്പെടെ അടച്ചിട്ടിരിക്കുകയാണ്. ഭീതി പടരുന്നു എന്നു സാരം. അപകട വ്യാപനം വരാതിരിക്കാന്‍ കടുത്ത ജാഗ്രതയല്ലാതെ മറ്റെന്ത് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: