കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 13 ഡിവിഷനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മൂന്ന് ഡിവിഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം കോര്‍പറേഷനിലെ 51-ാം ഡിവിഷന്‍ പൂര്‍ണമായും 48, 52 ഡിവിഷനുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണുകളായി തുടരും.
കണ്ണൂര്‍ നഗരത്തില്‍ പ്ലാസ ജംഗ്ഷന്‍ റോഡ്, ബാങ്ക് റോഡ്, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍ റോഡ്, എസ്എന്‍ പാര്‍ക്ക് റോഡ്, മുനീശ്വരന്‍ കോവില്‍ വഴി പ്ലാസ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും. കാള്‍ടെക്‌സ് ജംഗ്ഷന്‍ മുതല്‍ കലക്ടറേറ്റിന് മുന്‍വശത്തുള്ള റോഡ്- ജില്ലാ പഞ്ചായത്ത് ഓഫീസ് വരെയുള്ള പ്രദേശങ്ങളില്‍ ഗതാഗതവും ആള്‍ക്കൂട്ടം കൂടുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.
കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് ഹോം ഡെലിവറി വഴി അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ നിശ്ചിത കടകള്‍ കോര്‍പറേഷന്‍- പോലിസ് അധികൃതര്‍ തീരുമാനിക്കുന്നതനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കും. കണ്ണൂര്‍ നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കാന്‍ കോര്‍പറേഷന്‍-പോലിസ് അധികൃതരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധാരണം, സാനിറ്റൈസറിന്റെ ഉപയോഗം എന്നിവ നിര്‍ബന്ധമാക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസറോ ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യമോ ഒരുക്കണം. സ്ഥാപനങ്ങളില്‍ ഒരു കാരണവശാലും ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖലാ-ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.അതേസമയം, കൊളച്ചേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ധര്‍മടം പഞ്ചായത്തിലെ 13-ാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: