തിരുവനന്തപുരം: സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടറും എല്‍ബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം. അബ്ദുള്‍ റഹ്മാനെ എല്‍ബിഎസ് ഡയറക്ടറായി നിയമിച്ചു. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രഥമ പ്രൊ. വൈസ് ചാന്‍സലറായും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ എഐസിടിഇ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് സ്വദേശിയായ റഹ്മാന് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ പ്രഥമ ബാച്ച് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആയിരുന്നു. തുടര്‍ന്ന് അവിടെ തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിന്‍സിപ്പലായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. അബ്ദുള്‍ റഹ്മാന് സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനില്‍ ആക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു. സര്‍ട്ടിഫിക്കറ്റുകളും പരീക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
എഐസിടിഇ ഡയറക്ടറായിരിക്കേ ഇ-ഗവേണ്‍സിന്റെ ചുമതല വഹിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരമടക്കമുള്ള കാര്യങ്ങള്‍ മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈനില്‍ ആക്കുകയും വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിറ്റി)നടപ്പിലാക്കുകയും ചെയ്തു.
നഷ്ടത്തിലായിരുന്ന സി-ആപ്റ്റിനെ ലാഭം നേടുന്ന സ്ഥാപനമായി വളര്‍ത്തി എടുത്തതില്‍ ഡോ. അബ്ദുള്‍ റഹ്മാന്റെ പങ്ക് നിര്‍ണ്ണായകമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി ബിരുദം കൂടാതെ എംബിഎ, ഹ്യൂമന്റിസോഴ്സ് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ ബിരുദമുള്ള റഹ്മാന് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ നൂറില്‍പ്പരം പ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പോള്‍ സെന്റര്‍ ഫോര്‍ ഡിസേബിലിറ്റീസ് സ്റ്റഡീസിന്റെ ഡയറക്ടറുടെ അധിക ചുമതലയും വഹിക്കുന്നുണ്ട്.
കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പില്‍ പിഐബിയുടെ തിരുവനന്തപുരം ഡയറക്ടറായ ഡോ. നീതു സോണ ഭാര്യയും ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥി മറിയം സോണ മകളുമാണ്. പരേതനായ കൊട്ടയടുക്കം അബ്ദുല്ല കുഞ്ഞിയുടെയും നബീസയുടെയും മകനാണ് റഹ്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: