വേണുവേട്ടനും എന്റെ ഒടിസിയും
ദല്‍ഹിയില്‍ വേണുവേട്ടന്റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യാനിടയായിട്ടുണ്ട്. ആരെ വേണമെങ്കിലും സ്കൂട്ടറില്‍ ഇരുത്തി സകല ഇടവഴികളില്‍ കൂടിയും നിശ്ചിത സ്ഥലത്തെത്തുമായിരുന്നു
ആര്‍എസ്എസിന്റെ 1963ലെ ട്രിച്ചിനാപ്പിള്ളി ഒടിസിക്ക് ഞാന്‍ പങ്കെടുക്കാനുണ്ടായ പ്രധാന കാരണം വേണുവേട്ടന് ആയിരുന്നു. എന്റെ വീട്ടില്‍ ഞങ്ങളുടെ ഒരംഗത്തെപ്പോലെ പലതവണ തങ്ങിയിട്ടുണ്ട്. ആയിടയ്ക്ക് ട്രിച്ചിയിലുള്ള പാപ്പമ്മാള്‍ അന്നസത്രത്തില് കേരളം-തമിഴ്നാട് പ്രാന്തിന്റെ ഒടിസി സമയമായതിനാല്‍ ചൊവ്വരയില്‍നിന്ന് ഒരാളെ വിടണമെന്ന് വേണുവേട്ടന് നിഷ്കര്‍ഷിച്ചു. അതനുസരിച്ച് അദ്ദേഹം തന്നെ അമ്മയെക്കണ്ട് സമ്മതം വാങ്ങി.
ആലുവയില്‍നിന്ന് പോയ ടീമില്‍ ഞാനായിരുന്നു പ്രായത്തില്‍ ഏറ്റവും ഇളയവന്. അക്കാരണത്താല്‍ അമ്മ അല്‍പ്പം വൈമനസ്യം കാണിച്ചു. വേണുവേട്ടന്റെ കുലീനത്വവും തറവാടിത്തവും നിറഞ്ഞ പെരുമാറ്റത്തില്‍ അമ്മയ്ക്ക് വഴങ്ങേണ്ടിവന്നു. ആലുവ ടീമില്‍ പി.ടി. റാവു (യൂണിയന് ബാങ്ക്), എടത്തല ശിവന് ചേട്ടന് (എച്ച്എംടി), ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഡയറി നടത്തിയിരുന്ന ശെല്വന്, സനലിന്റെ ജ്യേഷ്ഠന് സദാശിവന് (കെഎസ്ആര്‍ടിസി) എന്നിവരും ഉണ്ടായിരുന്നു. ഇവരില്‍ ആദ്യത്തെ മൂന്നുപേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. സദാശിവന്റെ കാര്യത്തില്‍ ഒരറിവും ഇല്ല.
ഒടിസിക്കുള്ള ക്യാമ്പ് ഫീ 40 രൂപ ആരു തരും എന്നായപ്പോള്‍ വേണുവേട്ടന് തന്നെ അമ്മയോടും ഓപ്പയോടും ചേട്ടനോടും പത്തുരൂപ വീതം കളക്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. അതനുസരിച്ച് സംഭരിക്കുകയും ബാക്കി പത്തുരൂപ പഴയ പേപ്പര്‍, മാഗസിന് എന്നിവ കൊടുത്തു സ്വരൂപിക്കുകയും ചെയ്തു. ഈ കാലയളവില്‍ ജംഷഡ്പൂര്‍ ടാറ്റ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എന്റെ ജ്യേഷ്ഠന് അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും, അടുത്ത കൊല്ലം വിടാമെന്ന് വേണുവേട്ടന് അമ്മയെ ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ എനിക്ക് ആ വര്‍ഷം ഒടിസിക്ക് പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല.
വേറൊരു അവസരം ഓര്മ വരുന്നു. ഞാന്‍ പൂനയില്‍ ഈഗിള്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിക്ക് ബിഎംഎസ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു നിവേദനം കൊടുക്കാന്‍ തീരുമാനിച്ചു. അതിനായി ദേശീയതലത്തില്‍ എല്ലാവരും ദല്‍ഹിയിലെ രാംലീല മൈതാനത്ത് ഒത്തുകൂടി. ഞാന്‍ ചുറ്റിനടന്നു നോക്കിയപ്പോള്‍ അതാ വേണുവേട്ടന്. മലയാളത്തിലുള്ള ഒരു ബാനറിന് കീഴില്‍ എന്നെയും പിടിച്ചുനിര്‍ത്തി. പൂനെയില്‍നിന്ന് ഗ്ലാസ് കമ്പനികളെ പ്രതിനിധീകരിച്ചു പങ്കെടുക്കേണ്ടിയിരുന്ന ഞാന്‍ മലയാളികളുടെ കൂടെയാണ് നില്ക്കേണ്ടതെന്ന് വേണുവേട്ടന് നിര്‍ദ്ദേശിച്ചു. അങ്ങനെ കേരളാ ടീമിനൊപ്പം ഒരാള്‍ കൂടി ചേര്‍ന്നു.
ദല്‍ഹിയില്‍ പല അവസരങ്ങളിലും വേണുവേട്ടന്റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യാനിടയായിട്ടുണ്ട്. ദല്‍ഹിയില്‍ ബിഎംഎസ് ഓഫീസ് സ്ഥിതിചെയ്യുന്ന പഹാട് ഗാംജ് ഏരിയ വളരെ തിരക്കേറിയതും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. എന്നാലും വേണുവേട്ടന് ആരെ വേണമെങ്കിലും തന്റെ സ്കൂട്ടറില്‍ ഇരുത്തി സകല ഇടവഴികളില്‍ കൂടിയും നിശ്ചിത സ്ഥലത്തെത്തുമായിരുന്നു. ഒരിക്കല്‍ ജെന്ഡേവാല കാര്യാലയത്തില്‍ കേരളത്തിലെ സ്വയംസേവകരുടെ ഒത്തുചേരലിനുശേഷം വേണുവേട്ടന് എന്റെ വീട്ടില്‍ തങ്ങുന്നതിനായി പുറപ്പെട്ടു. ഞാന്‍ ഓട്ടോ പിടിക്കാമെന്നു പറഞ്ഞു. ബസ്സില്‍ പോകാമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. ദല്‍ഹി യൂണിവേഴ്സിറ്റിയുടെ സമീപത്തുള്ള തിമാര്‍പൂര്‍ ഭാഗത്തേക്ക് 155 എന്ന ബസ്സാണ് പിടിക്കേണ്ടത്. അതിനപ്പുറത്തുള്ള സ്ഥലത്തേക്ക് നൂറാം നമ്പര്‍ ധാരാളം ഉണ്ടുതാനും. ഇപ്പോള്‍ ധാരാളം 100 വന്നുപോയി. ഇനി 55 എത്തിയാല്‍ പോരെ. അപ്പോള്‍ 155 ആകുമെന്ന് വേണുവേട്ടന് തമാശ പറഞ്ഞു.
വളരെ കര്‍ക്കശക്കാരനും, പറഞ്ഞ കാര്യങ്ങള്‍ അതേപടി ചെയ്യണമെന്ന് നിര്‍ബന്ധബുദ്ധിയുമുള്ള വ്യക്തിയായിരുന്നു വേണുവേട്ടന്. ദല്‍ഹിയിലുള്ള മലയാളികള്‍ക്ക് പ്രത്യേകിച്ച് സ്വയംസേവകര്‍ക്ക് ഒരു അത്താണി തന്നെയായിരുന്നു വേണുവേട്ടന്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.
പി.ആര്.കെ. മേനോന്
തൊഴിലാളികള്‍ക്കുവേണ്ടി ശയനപ്രദക്ഷിണം
കൊച്ചി കപ്പല്‍ശാലയില്‍ 1990കളില്‍ ദീര്‍ഘകാല കരാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ബിഎംഎസ് സംഘടിപ്പിച്ച ശയന പ്രദക്ഷിണ പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ആര്. വേണുവേട്ടനായിരുന്നു. സ്വയം ശയനപ്രദക്ഷിണം നടത്തിയായിരുന്നു ഇത്. കപ്പല്‍ശാലയുടെ വടക്കേ കവാടം മുതല്‍ തെക്കേ കവാടം വരെയായിരുന്നു പരിപാടി.
മറ്റു സംഘടനകളില്‍പ്പെട്ട ധാരാളം തൊഴിലാളികളും ബിഎംഎസിന്റെ മറ്റിടങ്ങളിലെ പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ആ പരിപാടി പിറ്റേദിവസം പത്രങ്ങള്‍ ഫോട്ടോ സഹിതം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മാനേജ്മെന്റ് ഉടന്‍ തന്നെ ചര്‍ച്ച ആരംഭിക്കുകയും തീരുമാനമാകുകയും ചെയ്തു.
അന്ന് വേണുവേട്ടന് ബിഎംഎസിന്റെ അഖിലേന്ത്യാ നേതാവാണ്. ഒരു ദേശീയ നേതാവിന്റെ ആത്മാര്‍ഥമായ ഈ നടപടിയെ എല്ലാവരും പ്രശംസിച്ചു. അതാണ് വേണുവേട്ടന്. നേവല്‍ ബേസില്‍ നടത്തിയ നിരാഹാര സമരം ഉള്‍പ്പെടെ എത്രയെത്ര ത്യാഗോജ്ജ്വലമായ സമരങ്ങള്‍ക്കാണ് വേണുവേട്ടന് നേതൃത്വം നല്‍കിയത്. അവയൊന്നും നമുക്ക് ഒരുകാലത്തും മറക്കാന്‍ കഴിയില്ല. ആ ധന്യാത്മാവിന്റെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: