കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞയാഴ്ച നഷ്ടപ്പെട്ടത്, ഏറ്റവും ആദ്യം കേരളത്തില്‍ സംഘസ്ഥാനത്തെത്തിയവരില് ഒരാളായിരുന്ന രാ. വേണുഗോപാലിനെ; വേണുവേട്ടനെയാണ്. സ്വജീവിതം സംഘത്തിന് സമര്‍പ്പിച്ചവരിലും അദ്ദേഹത്തിന് പ്രമുഖ സ്ഥാനമുണ്ട്. ഏതാണ്ട് എട്ടു പതിറ്റാണ്ടു നീണ്ട സംഘജീവിതത്തില്‍ മുക്കാല്‍ പങ്കും പ്രചാരകനെന്ന നിലയ്ക്കാണ് പ്രവര്‍ത്തിച്ചത്. അവസാനകാലത്തെ രണ്ടുമൂന്നു വര്‍ഷങ്ങള്‍ തികച്ചും ശയ്യാവലംബിയായിരുന്നതൊഴിച്ചാല് അദ്ദേഹത്തിന്റെ വേദികള്‍ ലോകവ്യാപകമായിരുന്നു. താന്‍ കോഴിക്കോട് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന 1942 ല്‍, അവിടെ സംഘത്തിന്റെ നെയ്ത്തിരിയുമായി നാഗ്പൂരില്‍നിന്നെത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ സമ്പര്‍ക്കത്തില്‍ വരികയും സ്വയംസേവകത്വം ഉള്‍ക്കൊള്ളുകയും ചെയ്തു. ഇന്റര്‍ കഴിഞ്ഞ് ബിരുദ പഠനത്തിന് പാലക്കാട്ട് പോയത് അവിടത്തെ ശാഖാപ്രവര്ത്തനങ്ങള്ക്കു ചുമതലവഹിക്കണമെന്ന സംഘനിര്‍ദ്ദേശപ്രകാരം കൂടിയായിരുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങള്‍ക്ക് മലബാറിന്റെ പൊതുജീവിതത്തിലുണ്ടായിരുന്ന സമാദരണീയ സ്ഥാനങ്ങള്‍ സംഘപ്രവര്‍ത്തനത്തില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിലമ്പൂര്‍ കോവിലകത്തെ കൊച്ചുണ്ണി തിരുമുല്‍പ്പാടായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്. കൊച്ചുണ്ണി തിരുമുല്‍പ്പാടും ജ്യേഷ്ഠന് വല്യുണ്ണി തിരുമുല്‍പ്പാടും, ദത്തോപാന്ത് ഠേംഗ്ഡി കോഴിക്കോട്ട് പരിചയപ്പെട്ടവരില്‍ പ്രമുഖരായിരുന്നു. ആ കുലീന ബന്ധം സംഘത്തിന് പ്രയോജനകരമാക്കാന്‍ ഠേംഗ്ഡിജിക്കു കഴിഞ്ഞു. അവരുടെ മക്കളും മരുമക്കളുമൊക്കെയും സംഘപ്രസ്ഥാനങ്ങളില്‍ പലതലത്തിലുമുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്നും വഹിക്കുന്നുമുണ്ട്.
വേണുവേട്ടന്റെ അച്ഛന്റെ മരുമക്കളായിരുന്നു ടി.എന്‍. മാര്‍ത്താണ്ഡവര്‍മ, ടി.എന്‍. ഭരതന്, ടി.എന്‍. മുകുന്ദന് എന്നിവര്‍. ഭരതന് എന്ന ഭരതേട്ടനെ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. കേരള പ്രദേശ് ജനസംഘത്തിന്റെ തുടക്കക്കാരന് അദ്ദേഹമായിരുന്നു. കോഴിക്കോട്ടു നടന്ന അഖിലേന്ത്യാ സമ്മേളനത്തിനുശേഷം സംസ്ഥാനാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ എറണാകുളത്തു ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിന്റെ അധ്യക്ഷനെന്ന നിലയില്‍, മുഖ്യാതിഥിയായിരുന്ന അടല്‍ബിഹാരി വാജ്പേയിയെ ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നാണദ്ദേഹം സംബോധന ചെയ്തത്. അദ്ദേഹത്തെ പ്രധാനമന്ത്രിയായി കാണാന്‍ ഭാഗ്യം സിദ്ധിച്ചശേഷമേ ഭരതേട്ടന് ഈ ലോകത്തോട് വിട പറഞ്ഞുള്ളൂ. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സെറാമിക് ടെക്നോളജി അഭ്യസിക്കാന്‍ അദ്ദേഹം ചേര്‍ന്നു. കോഴിക്കോട്ട് സംഘത്തില്‍ ചുമതല വഹിച്ചശേഷം കാശിയില്‍ത്തന്നെ മൂന്നു കൊല്ലത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ ആ അവസരം പ്രയോജനപ്പെട്ടു. അവിടെ പ്രാന്തപ്രചാരകനായിരുന്ന, ഭാവുറാവു ദേവറസ്ജിയും, നാനാജി ദേശ്മുഖ്, ദീനദയാല്‍ജി തുടങ്ങിയവരുമായി പരിചയപ്പെടാനും അവസരം ലഭിച്ചു.
ആ അനുഭവവുമായി തിരിച്ചെത്തി നാലുവര്‍ഷം പ്രചാരകനായി പാലക്കാട്ട് പ്രവര്‍ത്തിച്ചു. തെക്കേ മലബാറില്‍ ഹിന്ദു സമൂഹത്തിന് മുസ്ലിം തെമ്മാടികളില്‍ നിന്ന് നേരിടേണ്ടിവന്ന അപമാനകരമായ പീഡനങ്ങള്‍ക്കെതിരെ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിനും അദ്ദേഹം നേതൃത്വം നല്കി. ചാവക്കാടും പയ്യോളിയിലും നടുവട്ടത്തുമൊക്കെ നേതൃത്വമില്ലാതെ പീഡനമേറ്റു പിടഞ്ഞ പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് രക്ഷകനെപ്പോലെയായിരുന്നു ഭരതേട്ടന്. ജീവിതകാലം മുഴുവന്‍ പൊരുതിയാണ് കഴിഞ്ഞത്. ഗുരുവായൂരിനടുത്ത് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം തടയാനായി മുസ്ലിങ്ങളും കമ്യൂണിസ്റ്റ് ഭരണകക്ഷി നേതൃത്വവും നടത്തിയ കുത്സിത നീക്കങ്ങളെ, ഹിന്ദുക്കളുടെ ആത്മാഭിമാനമുണര്‍ത്തി, താന്‍ തന്നെ മുന്നിട്ടിറങ്ങി ഭക്തിവീര്യങ്ങള് നിറഞ്ഞ പ്രക്ഷോഭത്തിന്റെയും നീതിപീഠത്തിന്റെയും സഹായത്തോടെ പരാജയപ്പെടുത്തിയതു ഭരതേട്ടനായിരുന്നു.
1947ല്‍ അങ്ങാടിപ്പുറത്തിനടുത്ത് ഇസ്ലാം മതമുപേക്ഷിച്ച് ഹിന്ദുധര്‍മം സ്വീകരിച്ച രാമസിംഹന്റെ കുടുംബത്തെ മുസ്ലിം ഭീകരര്‍ കൂട്ടക്കൊല ചെയ്തതിനെതിരെ കേരളത്തില്‍ പ്രതിഷേധവും ഹര്‍ത്താലും നടത്തിയത് ഭരതേട്ടന് പ്രചാരകനായിരുന്ന പാലക്കാട് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതം മുഴുവന്‍ സംഘര്‍ഷ നിര്‍ഭരമായിരുന്നു.
സ്വന്തം മകന് ദുര്‍ഗാദാസ് പ്രചാരകനായപ്പോള്‍ അഭിമാനംകൊണ്ടു. ദുര്‍ഗാദാസ് തിരുവനന്തപുരം ഗ്രാമജില്ലയില്‍ പ്രചാരകനായിരിക്കെ നിലമേല്‍ എന്‍എസ്എസ് സ്കൂളില്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികളുടെ കൊലക്കത്തിക്കിരയായത് സകലര്‍ക്കുമറിയാം. ഒരു പ്രചാരകന് നഷ്ടപ്പെട്ടതില്‍ പ്രാന്തപ്രചാരകന് ഭാസ്കര്‍ റാവുവിനുണ്ടാകുന്ന പ്രയാസത്തെപ്പറ്റി ചിന്തിച്ച് എറണാകുളം കാര്യാലയത്തിലെത്തിയ ഭരതേട്ടനെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ക്ക് വിഷമിച്ച ഭാസ്കര്‍ റാവുവിനെ ഭരതേട്ടന് അങ്ങോട്ടാശ്വസിപ്പിക്കുകയായിരുന്നു.
ഭരതേട്ടന്റെ ജ്യേഷ്ഠന് മാര്‍ത്താണ്ഡവര്‍മയും ആദ്യ പ്രചാരകന്മാരില്പ്പെടുന്നു. അദ്ദേഹമാണ് ആദ്യം പ്രചാരകനായി കണ്ണൂരില്‍ പോയത്. സംഘത്തില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം ഹിന്ദു മഹാസഭയുടെ പരിശീലന ശിബിരത്തില്‍ പങ്കെടുക്കാന്‍ മധുരയില്‍ പോയിരുന്നുവത്രേ. വീരസവര്‍ക്കര്‍ ആ ശിബിരത്തില്‍ പങ്കെടുത്തിരുന്നു. സവര്‍ക്കര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രജത ജയന്തി ആഘോഷത്തില്‍ മുഖ്യതിഥിയായി ചങ്ങനാശ്ശേരിയില്‍ വന്നത് അവിടെ നിന്നായിരുന്നു. മാര്‍ത്താണ്ഡേട്ടന്‍ പിന്നീട് ജനസംഘത്തിലും, ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റിലും മറ്റും ചുമതലകള്‍ വഹിച്ചു.
നിലമ്പൂരിന്റെ സന്തതികളായവരില്‍ ഏറ്റവും കൂടുതല്‍ ജീവിച്ചത് വേണുവേട്ടന് തന്നെയായിരുന്നു. സംഘപ്രവര്‍ത്തനം ഏറ്റവും വിഷമം നിറഞ്ഞതായിരുന്ന കാലത്ത് അദ്ദേഹം കണ്ണൂരില്‍ പ്രചാരകനായിരുന്നു. കാര്യാലമായി ഉപയോഗിച്ചിരുന്ന മുപ്പത്തിരണ്ടു മുറിപ്പീടികയിലെ ഒരു മുറിയില്‍ നിന്ന്, ആള് ആര്‍എസ്എസാണെന്ന കാര്യം പറഞ്ഞ് ഉടമ ഇറക്കിവിട്ടതും, സാധാരണ ചായ കുടിച്ചിരുന്ന കടയില്‍ ഭക്ഷണം നിഷേധിക്കപ്പെട്ടതും, റെയില്‍വേ സ്റ്റേഷനില്‍ രാത്രി തീവണ്ടി മുറിയില്‍ ഉറങ്ങി അവിടത്തെ കാന്റീനില്‍നിന്ന് ആഹാരം കഴിച്ചതും, പലപ്പോഴും പൈപ്പിലെ വെള്ളം കൊണ്ട് വിശപ്പും ദാഹവും തീര്‍ത്തതുമൊക്കെ ആ ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഇത് അദ്ദേഹത്തില്‍നിന്നല്ല, കണ്ണൂരില്‍ പ്രചാരകനായി പോയപ്പോള്‍ ഈ ലേഖകന്‍ അറിഞ്ഞത് അക്കാലത്തെ സ്വയംസേവകനായിരുന്ന വിജയരാഘവനില്‍നിന്നായിരുന്നു.
അതേ വേണുവേട്ടന് തന്നെ ഐഎല്‍ഒ സമ്മേളനത്തില്‍ ബിഎംഎസ് പ്രതിനിധിയായി ജനീവയിലും, ബിഎംഎസ് പ്രതിനിധി സംഘാംഗമായി ബയ്ജിങിലും മറ്റും പോയപ്പോള്‍ അത്യുന്നതാദരങ്ങളോടെയാണ് പരിചരിക്കപ്പെട്ടത്. പാശ്ചാത്യ, മാര്‍ക്സിസ്റ്റ് തൊഴിലാളി സിദ്ധാന്തങ്ങള്‍ മാത്രം പരിചയിച്ചിരുന്ന ആ വേദിയില്‍ ഭാരതീയ തൊഴില്‍ സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള അവസരവും അദ്ദേഹം സൃഷ്ടിച്ചു.
ബിഎംഎസിന്റെ സര്‍വോന്നത പദവി ഒഴിഞ്ഞതിനുശേഷം എറണാകുളം പ്രാന്തകാര്യാലയത്തില്‍ വിശ്രമജീവിതം നയിച്ചപ്പോഴും പഴയ സഹപ്രവര്‍ത്തരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന ശീലം നിലനിര്‍ത്തി. സാധാരണ ബസ്സിലോ, രണ്ടാം ക്ലാസ് തീവണ്ടിയിലോ ആയിരുന്നു യാത്ര. പഴയ സഹപ്രവര്‍ത്തകരോ ബിഎംഎസ് പ്രവര്‍ത്തകരോ കാറോ മറ്റോ കൊടുക്കാന്‍ സന്നദ്ധത കാട്ടിയാലും അതനുവദിക്കുമായിരുന്നില്ല. എളമക്കര കാര്യാലയത്തില്‍നിന്നും തനിയേ പുറപ്പെട്ട്, ശാഖകള്‍ നടന്നിരുന്ന പഴയ സംഘസ്ഥാനുകള്ക്കടുത്തു കൂടെ നടന്ന്, മുന്‍പരിചയം പുതുക്കാനും, പഴയ സ്വയംസേവകരെക്കൊണ്ട് ശാഖ പുനരാരംഭിക്കാനും വേണുവേട്ടന് ശ്രമിച്ചിരുന്നു.
വേണുവേട്ടനോടൊപ്പം ഇവിടെ പരാമര്‍ശിച്ചവര്‍ നിലമ്പൂരിലെ സ്വയംസേവകരായിരുന്നു. അവര്‍ ഹിന്ദു സമാജത്തിനും മാനവതയ്ക്കും നല്കിയ സേവനങ്ങള്‍ അമൂല്യങ്ങളായിരുന്നു. ഇനിയും നിലമ്പൂരില്‍ അവരുടെ പാത പിന്തുടരുന്നവര് ഉണ്ടാകുമെന്നുറപ്പാണ്. ഈ നാലു മഹത്തുക്കളുടെ നഷ്ടം നിലമ്പൂര്‍ താങ്ങിക്കഴിഞ്ഞു. നിലമ്പൂരിന്റെ നഷ്ടം എന്നുവച്ചാല്‍ ഭാരതത്തിലെ ഹിന്ദു സമാജത്തിനും നികത്താന്‍ പ്രയാസമുള്ളതാണ്. രണ്ടാഴ്ചയ്ക്കു മുന്‍പു മാത്രം നമ്മെ വിട്ടുപിരിഞ്ഞ വേണുവേട്ടനെ ചിന്തിച്ചിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഗ്രാമത്തിനു പിണഞ്ഞ നഷ്ടവും കൂടി മനസ്സില്‍ ഉയര്‍ന്നുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: