കഴക്കൂട്ടം: പെരുമാതുറയില്‍ നിന്നും കൊട്ടാരംതുരുത്തിലേക്ക് പോകുന്ന റോഡ് കൈയ്യേറി പഴകിയ മത്സ്യത്തിന്റെ മൊത്തവ്യാപാരം. പ്രദേശത്തെ ചില വ്യക്തികളുടെ സഹായത്തോടെ മത്സ്യക്കച്ചവട ലോബിയാണ് റോഡ് കൈയ്യേറി മത്സ്യവ്യാപാരം നടത്തുന്നത്. ട്രോളിംഗ് നിരോധനവും കടല്‍ക്ഷോഭവും തുടങ്ങിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യത്തിന്റെ വരവ് കൂടിയിട്ടുണ്ട്. ഇങ്ങനെയുള്ള മത്സ്യമാണ് നിരവധി ലോറികളിലായി പെരുമാതുറയിലും എത്തിക്കൊണ്ടിരിക്കുന്നത്.
വെളുപ്പിന് 4 ന് തുടങ്ങുന്ന മൊത്തക്കച്ചവടം രാവിലെ 10 മണി വരെ നീളും. ഈ മത്സ്യം വാങ്ങാന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തുന്നത് നൂറുകണക്കിന് ചില്ലറ മത്സ്യക്കച്ചവടക്കാരാണ്. മണിക്കൂറുകളോളം ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തി കൊണ്ടുള്ള ഈ രീതി പ്രദേശമാകെ മലിനവും ദുര്‍ഗന്ധപൂരിതവും ആക്കിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഭീഷണിയും കൈയ്യേറ്റശ്രമവും പതിവാണ്. കൊറോണ കാലത്ത് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് നൂറുകണക്കിന് ചെറുതും വലുതുമായ മത്സ്യവ്യാപാരികള്‍ കൂട്ടംകൂടുന്നത്. പഞ്ചായത്തിനെയും അതേപോലെ ആരോഗ്യവകുപ്പിനേയും പോലീസിനെയും നിരവധി തവണ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സര്‍ക്കാര്‍ സ്വകാര്യ സ്ക്കൂളുകള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവയും ഒട്ടനവധി വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ ഉടനീളം ദുര്‍ഗന്ധപൂരിതമായ മാലിന്യം ഒഴുകുന്ന അവസ്ഥയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് പെരുമാതുറ പൗരാവലി ഇന്നലെ മത്സ്യവുമായി എത്തിയ ലോറികള്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്രതിഷേധം വ്യാപിക്കാനുള്ള തീരുമാനത്തിലാണ് പെരുമാതുറ നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: