തിരുവനന്തപുരം: സമരങ്ങൾക്കും സർക്കാർ പരിപാടികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇന്നലെ തലസ്ഥാനത്ത് എംഎൽഎമാർ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ജില്ലയിൽ കോവിഡ് വ്യാപനം ഭീതിജനകമായി ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളുണ്ടാകും.
രാഷ്‌ട്രീയപാർട്ടികളോ സംഘടനകളോ നടത്തുന്ന സമരങ്ങളിൽ പത്തുപേരിലധികം പങ്കെടുക്കരുത്. സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. എല്ലാ ഡിപ്പാർട്ട്‌മെന്റുകളോടും സർക്കാർ പരിപാടികളിൽ 20 ൽ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്നും യോഗം ആവശ്യപ്പെട്ടു. നഗരത്തിലെയും ഗ്രാമങ്ങളിലെയും ചന്തകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ചാല പാളയം ചന്തകളിൽ 50 ശതമാനം കടകൾ മാത്രമെ തുറന്നു പ്രവർത്തിക്കു.
ഓട്ടോടാക്‌സി യാത്രക്കാർ ഡ്രൈവറുടെ പേരും വണ്ടി നമ്പറും മൊബൈൽ നമ്പരും സൂക്ഷിക്കണം. ബ്രേക്ക് ദ ചെയിൻ ക്യാംപെയ്ൻ ജില്ലയിൽ കൂടുതൽ ശക്തമാക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കും. മരണ ചടങ്ങിൽ 20 പേരിലും വിവാഹത്തിൽ 50 പേരിലും അധികം ആളുകൾ പങ്കെടുക്കരുത്. മാതൃകയെന്നോണം എംപിമാരും എംഎൽഎമാരും അത്തരം ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കും. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തും. ആശുപത്രികളിൽ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കു. നിയന്ത്രണങ്ങൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന കടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. നിയന്ത്രണങ്ങൾ പാലിക്കാത്ത നഗരത്തിലെ കടകൾ അടപ്പിക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ഇന്ന് ഇതുസംബന്ധിച്ച് വീഡിയോ കോൺഫറൻസ് നടത്തും. ജില്ലയിലെ അതിർത്തികളിലും നിയന്ത്രണം കർശനമാക്കും.
പഞ്ചായത്ത് തലത്തിൽ മിനിമം ഒരു ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സെന്റർ എങ്കിലും തുടങ്ങാൻ തീരുമാനിച്ചു. പഞ്ചായത്ത് വാർഡുതല കർമസമിതി ശക്തമാക്കാനും എംഎൽഎമാർ പങ്കെടുത്ത കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: