തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ വ്യാപിക്കുന്നതിനാൽ അതീവ ജാഗ്രതയിലേക്ക്. ഉറവിടം കണ്ടെത്താത്ത കേസുകൾ വർധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവർത്തകയ്‌ക്കും ഓട്ടോ ഡ്രൈവർക്കും പിന്നാലെ മെഡിക്കൽ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥനുകൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപനം ഉണ്ടായോ എന്ന ഭയത്തിലാണ് ആരോഗ്യപ്രവർത്തകരും ജനങ്ങളും. നഗരം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുമോ എന്നും ജനങ്ങൾ ഭയക്കുന്നു.
നഗരത്തിലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താനാണ് ജില്ലാ അധികാരികളുടെ തീരുമാനം. നഗരത്തിലെ കണ്ടെയിൻമെന്റ് സോണുകളായ കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക്, ഐരാണിമുട്ടം എന്നീ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന എല്ലാ വഴികളും അടച്ചതിനു പുറമേ അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർകടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളും ഇന്നലെ പോലീസ് പൂർണമായും അടച്ചു.
മെഡിക്കൽ കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് കരിക്കകം മേഖലയിലും കടകൾ അടപ്പിക്കുകയും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. വാഹനങ്ങൾക്കും ആളുകൾക്കും കണ്ടെയിൻമെന്റ് സോണിലേക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ വഴി മാത്രമേ യാത്ര അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: