തൊടുപുഴ: ജില്ലയില്‍ ഇന്നലെ ആറ് വയസുകാരനടക്കം 4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 51 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ വീതം കോട്ടയത്തും മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം മാറിയപ്പോള്‍ ആകെ 36 പേര്‍ക്ക് രോഗം ഭേദമായി. ആകെ 4310 പേരാണ് വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിലാകെ 53 പേരും നിരീക്ഷണത്തിലുണ്ട്.
19ന് രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 2 പേര്‍ക്ക് രോഗം വന്നത്. ഇതോടെ ഇയാളില്‍ നിന്ന് രോഗം സ്ഥിരീകരിച്ചവര്‍ നാലായി. ഞായറാഴ്ച ഭാര്യയ്‌ക്കും ഭാര്യാമാതാവിനും രോഗം കണ്ടെത്തിയിരുന്നു. 6 വയസുള്ള മകനും ഭാര്യ പിതാവായ 65 കാരനുമാണ് രോഗം കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശി ആണ്. രണ്ട് മാസക്കാലമായി വീട്ടില്‍ തുടരുകയായിരുന്നു.
10ന് കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം എത്തിയ രാജാക്കാട് സ്വദേശിനിയായ 30കാരിയാണ് മൂന്നാമത്തെ രോഗി. തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ വാഹനത്തില്‍ രാജാക്കാട് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. 15ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ ഇരട്ടയാര്‍ സ്വദേശിയായ 33കാരിയാണ് അവസാന രോഗി. കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ നെടുങ്കണ്ടത് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു. ഞായാറാഴ്ച 11 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും ഈ മാസം രോഗം കണ്ടെത്തിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: