ബെംഗളൂരു: ബെംഗളൂരു അര്‍ബനില്‍ കൂടുതല്‍ കൊറോണ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീവ്രബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി കെ.ആര്. മാര്‍ക്കറ്റ്, ചാമരാജ്പേട്ട്, കലാസിപാളയ, ചിക്പേട്ട്, വിദ്യാരണ്യപുര, സിദ്ധപുര, വിവി പുരം, ആനന്ദപുര സ്ഥലങ്ങളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്ന് കൊറോണ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
നിലവില്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെ.ആര്. മാര്‍ക്കറ്റിനോടു ചേര്‍ന്ന പ്രദേശങ്ങളായ സിദ്ധപുര, വിവി പുരം, ആനന്ദപുര തുടങ്ങിയ സ്ഥലങ്ങള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന പ്രദേശങ്ങളാണ്. ഇവിടെ കഴിഞ്ഞ ദിവസം മൂന്നു കൊറോണ രോഗികള്‍ മരിച്ചു. കൊറോണ രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള നിരവധി പേര് നിരീക്ഷണത്തിലാണ്.
വിവി പുരത്തും എസ്കെ ഗാര്‍ഡനിലും 18 രോഗികള്‍ വീതമാണുള്ളത്. സമ്പാംഗി രാമനഗറില്‍ 13 രോഗികളും സിദ്ധാപുരയില്‍ 11 രോഗികളുമാണ് ചികിത്സയിലുള്ളത്. കലാസിപാളയിലെ ധര്‍മരായ സ്വാമി ക്ഷേത്രം വാര്‍ഡില്‍ ഒമ്പതു കേസുകളാണുള്ളത്. നഗരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളാണിത്. കര്‍ശന നടപടികളിലൂടെ മാത്രമെ കൊറോണ വ്യാപനം തടയാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ യോഗത്തില്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ കൊറോണ പരിശോധന വര്‍ധിപ്പിക്കും. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തും നഗരത്തിലുമുള്ള വിവിധ ആശുപത്രികളില്‍ നിലവിലുള്ള കിടക്കകളുടെ ലഭ്യതയെക്കുറിച്ച് തത്സമയം വിവരങ്ങള്‍ നല്‍കണമെന്ന് കൊറോണ വാര് റൂം അധികൃതരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നഗരത്തിലെ എല്ലാ വാര്‍ഡുകളിലും പനി ക്ലിനിക്കുകള്‍ തുറക്കാനും സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ വര്‍ധിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് റവന്യൂമന്ത്രി ആര്. അശോകും സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്ക്കര്‍ റാവുവും പറഞ്ഞു. ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്, ആഭ്യന്തരമന്ത്രി ബസവരാജ ബോമ്മൈ, ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വന്ദിത ശര്‍മ, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
തിങ്കളാഴ്ച വരെ ബെംഗളൂരുവില്‍ 1398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1041 രോഗങ്ങളും ജൂണ്‍ ഒന്നു മുതല്‍ 22 വരെയാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 249 കേസുകളില്‍ 126 കേസുകളും ബെംഗളൂരുവിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്-196.
919 പേരാണ് ചികിത്സയിലുള്ളത്. 411 പേര് രോഗമുക്തരായി. കൊറോണ ബാധിതരായ 67പേര് മരിച്ചു. ബെംഗളൂരുവില്‍ 307 ആക്ടീവ് കണ്ടൈന്‍മെന്റ് സോണുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: