ഇടുക്കി: വനവാസി മേഖലകളില്‍ ഒന്നായ ഉറിയംപെട്ടിയിലെ കുട്ടികളും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. എറണാകുളം ജില്ലയുടെ ഭാഗവും ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശവുമായ ഉറിയംപെട്ടി വനവാസി കോളനിയിലാണ് എസ്റ്റി വകുപ്പിന്റെയും ബിആര്‍സിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പഠന സൗകര്യം ഒരുക്കിയത്. 75 കുട്ടികളാണ് ഇവിടെ പഠനം ആരംഭിച്ചത്.
ഉറിയംപെട്ടിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഊരുവിദ്യാലയത്തിലാണ് കുട്ടികള്‍ക്കുള്ള പഠന സൗകര്യം ക്രമീകരിച്ചത്. സോളോര്‍ പാനലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെലിവിഷനുകള്‍ ഊരു വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. വനവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠന സൗകര്യത്തിനായി സ്ഥാപിച്ചിരുന്ന ഊരു വിദ്യാലയത്തിലും ഉറിയംപ്പെട്ടിയിലെ കമ്മ്യൂണിറ്റി ഹാളിലുമായി രണ്ടു കേന്ദ്രങ്ങളിലാണ് പഠനം നടക്കുന്നത്.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അതാതു ക്ലാസുകളിലെ പഠന സമയത്തിനനുസരിച്ച് ക്ലാസുകളില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്ക് പഠനത്തിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും മറ്റും രണ്ട് വോളന്റീയര്‍മാരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കുട്ടമ്പുഴ, നേര്യമംഗലം, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഹോസ്റ്റലുകളില്‍ നിന്നായിരുന്നു ഉറിയംപെട്ടിയിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്.
വീടുകളില്‍ തിരിച്ചെത്തിയ കുട്ടികളില്‍ പലരും കൊറോണ കാലത്ത് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ പലരും ആശങ്കയിലായിരുന്നു. പഠിക്കാനുള്ള സജ്ജീകരണങ്ങള്‍ എത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറുകയും ചെയ്തതായി ബിആര്‍സി ട്രെയിനറും അധ്യാപകനുമായ എല്‍ദോ പോള്‍ പറഞ്ഞു. വനാതിര്‍ത്തിയായതില്‍ കലനടയാത്ര ചെയ്താണ് ഉറിയംപെട്ടിയില്‍ എത്തുന്നത്. ഉറയംപെട്ടി മുകള്‍ ഭാഗമെന്നും ഉറിയപ്പെട്ടി താഴ്ഭാഗമെന്നും തിരിച്ച് രണ്ട് കേന്ദ്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ 75 കുട്ടികളും കൃത്യമായി പഠനം നടത്തുന്നുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.
എസ്റ്റി ഓഫീസര്‍ അനില്‍കുമാര്‍, ബിആര്‍സി ജീവനക്കാരായ സിന്ധു വി. ശ്രീധര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. സോളാര്‍ പാനല്‍, ടെലിവിഷന്‍ തുടങ്ങിയവ എത്തിക്കുന്നതിന് സഹായം നല്കിയ ജോസഫ്, സന്ദീപ്, തുടങ്ങിയവരും പഠന സൗകര്യമൊരുക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: